സജന ഫിനിഷസ് ഓഫ് ഇന്‍ സ്റ്റൈല്‍! ഗുജറാത്തിനെ വീഴ്ത്തി മുംബൈ ഇന്ത്യന്‍സിന് ആദ്യ വിജയം

മലയാളി താരം സജന സജീവനാണ് മുംബൈയ്ക്ക് വേണ്ടി വിജയ റൺ‌ കുറിച്ചത്

dot image

വനിതാ പ്രീമിയർ ലീഗിൽ സീസണിലെ ആദ്യ വിജയം സ്വന്തമാക്കി മുംബൈ ഇന്ത്യൻസ്. ഗുജറാത്ത് ജയന്റ്സിനെ അഞ്ച് വിക്കറ്റിനാണ് മുംബൈ വീഴ്ത്തിയത്. മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഗുജറാത്ത് ജയന്റ്സിനെ നിശ്ചിത 20 ഓവറിൽ 120 റൺസിന് ഓൾഔട്ടാക്കിയ മുംബൈ വനിതകൾ 23 പന്തും അഞ്ച് വിക്കറ്റും ബാക്കി നിൽക്കെ വിജയത്തിലെത്തി. സീസണിൽ ഗുജറാത്തിന്റെ രണ്ടാം പരാജയമാണിത്.

ഗുജറാത്ത് ജയന്റ്സ് ഉയർത്തിയ 121 റൺസ് വിജയലക്ഷ്യത്തിലേക്ക് ബാറ്റെടുത്ത മുംബൈയ്ക്ക് വേണ്ടി നാറ്റ് സീവർ ബ്രണ്ട് അർധ സെഞ്ച്വറി നേടി തിളങ്ങി. 39 പന്തുകളിൽ‌ നിന്ന് 11 ബൗണ്ടറികൾ ഉൾപ്പെടെ 57 റൺസെടുത്താണ് നാറ്റ് സീവർ പുറത്തായത്. 19 പന്തിൽ മൂന്ന് ഫോറുകളടക്കം 17 റൺസെടുത്ത ഹെയ്‌ലി മാത്യൂസ്, 20 പന്തിൽ ഓരോ ഫോറും സിക്സും സഹിതം 19 റൺസ് നേടിയ അമേലിയ കേർ എന്നിവരും ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചു.

മലയാളി താരം സജന സജീവനാണ് മുംബൈയുടെ വിജയറൺ‌ കുറിച്ചത്. ദിയേന്ദ്ര ഡോട്ടിന്റെ പന്തിൽ ബൗണ്ടറിയടിച്ചാണ് സജന മുംബൈ ഇന്ത്യൻസിനെ വിജയത്തിലെത്തിച്ചത്. സജന ആറു പന്തിൽ രണ്ട് ഫോറുകൾ സഹിതം 10 റൺസെടുത്ത് പുറത്താകാതെ നിന്നു. മുംബൈയ്‌ക്ക് വേണ്ടി പ്രിയ മിശ്ര, കശ‌വി ഗൗതം എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

നേരത്തെ ആദ്യം ബാറ്റുചെയ്ത ഗുജറാത്ത് മാന്യമായ സ്കോറിലെത്താൻ വളരെ ബുദ്ധിമുട്ടിയിരുന്നു. 20 ഓവറിൽ അവർ 120 റൺസിന് ഓൾഔട്ടായി. ഹർലീൻ ഡിയോൾ (32), കശ്വി ഗൗതം (20) എന്നിവർ മാത്രമാണ് ഭേദപ്പെട്ട സംഭാവന നൽകിയത്. 16 റൺസ് വിട്ടുകൊടുത്ത് മൂന്ന് വിക്കറ്റ് വീഴ്ത്തിയ ഹെയ്‌ലി മാത്യൂസ്, 26 റൺസ് വഴങ്ങി രണ്ട് വിക്കറ്റ് വീഴ്ത്തിയ നാറ്റ് സിവർ-ബ്രണ്ട് എന്നിവരാണ് ​ഗുജറാത്തിന്റെ നട്ടെല്ലൊടിച്ചത്.

Content Highlights: WPL 2025: Mumbai Indians Women beat Gujarat Giants by 5 wickets

dot image
To advertise here,contact us
dot image