ഇന്ത്യന്‍ ക്യാംപില്‍ കാര്യങ്ങള്‍ അത്ര OK അല്ല? ടീമില്‍ തഴഞ്ഞതില്‍ ​ഗംഭീറിനെതിരെ വിക്കറ്റ് കീപ്പർ, റിപ്പോർട്ട്

സ്‌ക്വാഡില്‍ നിന്ന് തഴഞ്ഞതിനെ തുടര്‍ന്ന് സ്റ്റാര്‍ വിക്കറ്റ് കീപ്പര്‍ ബാറ്ററും കോച്ച് ഗൗതം ഗംഭീറും തമ്മില്‍ കടുത്ത ഭിന്നതയിലാണെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

dot image

ചാംപ്യന്‍സ് ട്രോഫി മത്സരങ്ങള്‍ ആരംഭിക്കാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കിനില്‍ക്കെ ഇന്ത്യന്‍ ടീമില്‍ പുതിയ അസ്വാരസ്യങ്ങള്‍ ഉടലെടുത്തിരിക്കുകയാണെന്ന് റിപ്പോര്‍ട്ട്. സ്‌ക്വാഡില്‍ നിന്ന് തഴഞ്ഞതിനെ തുടര്‍ന്ന് സ്റ്റാര്‍ വിക്കറ്റ് കീപ്പര്‍ ബാറ്ററും കോച്ച് ഗൗതം ഗംഭീറും തമ്മില്‍ കടുത്ത ഭിന്നതയിലാണെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ചാംപ്യന്‍സ് ട്രോഫിയില്‍ ഇന്ത്യന്‍ ടീമിന്റെ ഒന്നാം നമ്പര്‍ വിക്കറ്റ് കീപ്പറായി തന്നെ പരിഗണിക്കാത്തതിലാണ് താരം ഗംഭീറിനെതിരെ അസംതൃപ്തി പ്രകടിപ്പിച്ചതെന്നാണ് സൂചന.

'കോച്ച് ഗൗതം ഗംഭീറിനോട് ഒരു വിക്കറ്റ് കീപ്പര്‍ ബാറ്ററിന് കടുത്ത എതിര്‍പ്പുള്ളതായി ടീം വൃത്തങ്ങള്‍ സ്ഥിരീകരിച്ചിട്ടുണ്ട്. ടീമിന്റെ പ്ലേയിങ് ഇലവനിലേക്ക് നിലവില്‍ ആ താരത്തെ പരിഗണിക്കുന്നില്ല. ഏകദിന ഫോര്‍മാറ്റില്‍ തനിക്ക് ടീമിലെ സ്ഥാനം നഷ്ടമായതിനു പിന്നില്‍ ചില ബാഹ്യ കാരണങ്ങളുണ്ടെന്നാണ് ഈ താരം വിശ്വസിക്കുന്നത്', റിപ്പോര്‍ട്ടില്‍ പറയുന്നു.

സീനിയര്‍ വിക്കറ്റ് കീപ്പര്‍ ആരാണെന്ന് വ്യക്തമായിട്ടില്ലെങ്കിലും ആ താരം റിഷഭ് പന്താണെന്ന നിഗമനത്തിലാണ് ആരാധകര്‍. ചാംപ്യന്‍സ് ട്രോഫിയില്‍ കെ എല്‍ രാഹുല്‍ ഒന്നാം നമ്പര്‍ വിക്കറ്റ് കീപ്പറായിട്ടുള്ള ടീമില്‍ സ്‌പെഷ്യലിസ്റ്റ് ബാറ്ററായാണ് റിഷഭ് പന്തുള്ളത്. ടൂര്‍ണമെന്റില്‍ ഇന്ത്യയുടെ വിക്കറ്റ് കീപ്പര്‍ സ്ഥാനത്ത് കെ എല്‍ രാഹുല്‍ തന്നെ കളിക്കുമെന്ന് കോച്ച് ഗംഭീര്‍ സ്ഥിരീകരിച്ചിട്ടുമുണ്ട്.

ഏകദിനങ്ങളിലെ പ്ലേയിങ് ഇലവനില്‍ ഈയിടെയായി പന്തിന് സ്ഥാനമില്ല. ഫോര്‍മാറ്റില്‍ തുടര്‍ച്ചയായി തനിക്ക് സ്ഥാനം നഷ്ടപ്പെടുന്ന സാഹചര്യത്തില്‍ റിഷഭ് പന്ത് നീരസം പ്രകടിപ്പിക്കാനാണ് സാധ്യത എന്നാണ് ആരാധകർ സൂചിപ്പിക്കുന്നത്.

അതേസമയം ഇന്നാണ് 2025ലെ ഐസിസി ചാംപ്യൻസ് ട്രോഫി ടൂർണമെന്റിന് തുടക്കമാവുന്നത്. കറാച്ചിയിൽ നടക്കുന്ന ഉദ്ഘാടന മത്സരത്തിൽ ആതിഥേയരായ പാകിസ്താൻ‌ ന്യൂസിലാൻഡിനെ നേരിടും. ‌ഫെബ്രുവരി 20 ന് ദുബായില്‍ ബംഗ്ലാദേശിനെതിരായ മത്സരത്തോടെയാണ് ഇന്ത്യയുടെ ചാമ്പ്യന്‍സ് ട്രോഫി യാത്ര ആരംഭിക്കുന്നത്. ക്രിക്കറ്റ് ലോകം കാത്തിരിക്കുന്ന ഇന്ത്യ-പാകിസ്താന്‍ പോരാട്ടം ഫെബ്രുവരി 23നാണ്.

Content Highlights: Champions Trophy 2025: Fresh trouble in Indian camp as star cricketer reportedly slams Gambhir for leaving him out of XI

dot image
To advertise here,contact us
dot image