
രഞ്ജി ട്രോഫി ക്രിക്കറ്റ് ടൂർണമെന്റിൽ കേരളത്തിനെതിരെ തിരിച്ചടിച്ച് ഗുജറാത്ത്. കേരളത്തിന്റെ ആദ്യ ഇന്നിംഗ്സ് സ്കോറായ 457ന് മറുപടി നൽകുന്ന ഗുജറാത്ത് മൂന്നാം ദിവസം മത്സരം നിർത്തുമ്പോൾ ഒരു വിക്കറ്റ് നഷ്ടത്തിൽ 222 റൺസെന്ന നിലയിലാണ്. സെഞ്ച്വറിയുമായി പുറത്താകാതെ നിൽക്കുന്ന പ്രിയാങ്ക് പഞ്ചലാണ് ഗുജറാത്ത് ബാറ്റിങ്ങിന് നേതൃത്വം നൽകുന്നത്. കേരളത്തിന്റെ ഒന്നാം ഇന്നിംഗ്സ് സ്കോറിനൊപ്പമെത്താൻ ഗുജറാത്തിന് ഇനി 225 റൺസ് കൂടി വേണം.
നേരത്തെ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 418 റൺസെന്ന നിലയിലാണ് കേരളം മൂന്നാം ദിവസം രാവിലെ ആദ്യ ഇന്നിംഗ്സ് ബാറ്റിങ് പുനരാരംഭിച്ചത്. പുറത്താകാതെ 177 റൺസെടുത്ത മുഹമ്മദ് അഹ്സറുദ്ദീന്റെ മികവിൽ ആദ്യ ഇന്നിംഗ്സിൽ കേരളം 457 റൺസെടുത്തു. ഈ സീസൺ രഞ്ജി ട്രോഫിയിൽ ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോർ നേടുന്ന വിക്കറ്റ് കീപ്പർ ബാറ്ററെന്ന നേട്ടവും അഹ്സറുദ്ദീൻ സ്വന്തമാക്കി.
കേരളത്തിന്റെ പ്രതിരോധ ക്രിക്കറ്റിന് അതിവേഗത്തിലാണ് ഗുജറാത്ത് മറുപടി നൽകിയത്. 200 പന്ത് നേരിട്ട പ്രിയാങ്ക് 117 റൺസുമായി ക്രീസിൽ തുടരുകയാണ്. 73 റൺസെടുത്ത ആര്യ ദേശായിയുടെ വിക്കറ്റ് മാത്രമാണ് കേരളത്തിന് നേടാനായത്. എൻ ബേസിലിനാണ് വിക്കറ്റ്. മനൻ ഹിംഗ്രാജി 30 റൺസുമായും ക്രീസിലുണ്ട്.
Content Highlights: Gujarat dominated day 3 against Kerala