
ഇന്ത്യയുടെ ചാംപ്യന്‍സ് ട്രോഫി പോരാട്ടങ്ങള്‍ ആരംഭിക്കാന്‍ മണിക്കൂറുകള്‍ മാത്രമാണ് ബാക്കിയുള്ളത്. ഫെബ്രുവരി 19ന് ആരംഭിച്ച ടൂര്‍ണമെന്റില്‍ 20ന് ബംഗ്ലാദേശിനെതിരെയാണ് ഇന്ത്യയുടെ ആദ്യമത്സരം. ഇതിന് മുന്നോടിയായി ഇന്ത്യന്‍ ടീമിനെ കുറിച്ചുള്ള ആശങ്കകള്‍ പങ്കുവെച്ച് രംഗത്തെത്തിയിരിക്കുകയാണ് മുന്‍ താരവും ചാംപ്യന്‍സ് ട്രോഫി ഹീറോയുമായ ശിഖര്‍ ധവാന്‍.
ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ ഫോം ഇന്ത്യന്‍ ആരാധകര്‍ക്ക് ആശങ്ക നല്‍കുന്നതാണ്. ഏറെക്കാലമായി മോശം ബാറ്റിങ് പുറത്തെടുക്കുന്ന രോഹിത് ഇംഗ്ലണ്ടിനെതിരെ നടന്ന രണ്ടാം ഏകദിനത്തില്‍ സെഞ്ച്വറി നേടിയെങ്കിലും മൂന്നാം മത്സരത്തില്‍ വീണ്ടും നിരാശ സമ്മാനിക്കുകയായിരുന്നു. എന്നാല്‍ ഇന്ത്യയെ കാത്തിരിക്കുന്ന പ്രധാന പ്രശ്‌നം രോഹിത് അല്ലെന്നും പേസ് ബോളര്‍ ജസ്പ്രീത് ബുംമ്രയുടെ അഭാവമാണെന്നുമാണ് ശിഖര്‍ ധവാന്‍ പറയുന്നത്. ബുംമ്രയുള്ളപ്പോള്‍ ഇന്ത്യന്‍ ടീം മറ്റൊരു തലത്തിലാണെന്നുമാണ് ധവാന്‍ ചൂണ്ടിക്കാട്ടി.
''ഇന്ത്യന്‍ നിരയില്‍ വലിയ പ്രതീക്ഷയും ആത്മവിശ്വാസവുമുണ്ട്. ഇന്ത്യയുടേത് സന്തുലിതമായ ടീമാണ്. ഇംഗ്ലണ്ടിനെതിരായ ടീമിന്റെ മികച്ച പ്രകടനം എടുത്തു പറയേണ്ടതാണ്. എന്നാല്‍ രോഹിത് ഫോം ആകാത്തതല്ല. മറിച്ച് ജസ്പ്രീത് ബുംമ്രയുടെ വിടവാണ് ഇന്ത്യയുടെ വലിയ പ്രശ്നം. ബുംമ്രയുടെ അഭാവം ടീമിനെ സംബന്ധിച്ചിടത്തോളം വലിയ വിടവാണെന്ന് നിസംശയം പറയാം', ശിഖര്‍ ധവാന്‍ പറഞ്ഞു.
'ബുമ്രയുടെ അഭാവം ഇന്ത്യയെ കാര്യമായി ബാധിച്ചേക്കും. എന്നെ സംബന്ധിച്ചിടത്തോളം ബുംമ്രയാണ് ഏറ്റവും മികച്ച പേസര്‍. അദ്ദേഹത്തിന്റെ കൃത്യതയ്ക്ക് പകരം വെക്കാനാകില്ല. വളരെ ശാന്തതയോടെ കളിക്കുന്ന താരമാണ് ബുംമ്ര. വലിയ ടൂര്‍ണമെന്റുകളില്‍ ശാന്തതയോടെ കളിക്കേണ്ടത് വളരെ പ്രധാനപ്പെട്ട കാര്യമാണ്', ധവാന്‍ കൂട്ടിച്ചേര്‍ത്തു.
ചാംപ്യന്‍സ് ട്രോഫിക്കുള്ള ഇന്ത്യന്‍ ടീമില്‍ നിര്‍ണായക താരമായ ബുംമ്രയെ ഒഴിവാക്കേണ്ടി വന്നത് ഇന്ത്യക്ക് ഏറ്റവും വലിയ തിരിച്ചടിയായിരുന്നു. ഓസ്‌ട്രേലിയന്‍ പരമ്പരയ്ക്കിടെ പരിക്കേറ്റ ബുംമ്ര ഫിറ്റ്നസ് പൂര്‍ണമായും വീണ്ടെടുക്കാത്തതിനെ തുടര്‍ന്നാണ് സ്‌ക്വാഡില്‍ നിന്നൊഴിവാക്കിയത്.
Content Highlights: India will miss accuracy and calm of Jasprit Bumrah in Champions Trophy: Shikhar Dhawan