
രഞ്ജി ട്രോഫി ക്രിക്കറ്റ് ടൂർണമെന്റിൽ നിലവിലെ ചാംപ്യന്മാരായ മുംബൈയെ പ്രതിസന്ധിയിലാക്കി വിദർഭ. മൂന്നാം ദിവസം മത്സരം നിർത്തുമ്പോൾ രണ്ടാം ഇന്നിംഗ്സിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 147 റൺസെന്ന നിലയിലാണ് വിദർഭ. രണ്ടാം ഇന്നിംഗ്സിൽ വിദർഭയ്ക്ക് ഇപ്പോൾ 260 റൺസിന്റെ ലീഡുണ്ട്. സ്കോർ വിദർഭ ഒന്നാം ഇന്നിംഗ്സിൽ 383, മുംബൈ ആദ്യ ഇന്നിംഗ്സിൽ 270. വിദർഭ രണ്ടാം ഇന്നിംഗ്സിൽ നാലിന് 147.
നേരത്തെ ഏഴിന് 188 എന്ന സ്കോറിൽ നിന്നാണ് മുംബൈ മൂന്നാം ദിവസം രാവിലെ ആദ്യ ഇന്നിംഗ്സ് ബാറ്റിങ് പുനരാരംഭിച്ചത്. ഓപണറായി ഇറങ്ങി 106 റൺസെടുത്ത ആകാശ് ആനന്ദിന്റെ മികവിൽ മുംബൈ ആദ്യ ഇന്നിംഗ്സ് സ്കോർ 270 വരെയെത്തിച്ചു. തനൂഷ് കോട്യാൻ 33 റൺസ് നേടി. രണ്ടാം ദിവസം 37 റൺസെടുത്ത ഷാർദുൽ താക്കുറും 35 റൺസെടുത്ത സിദ്ദേഷ് ലാഡുമാണ് മുംബൈ നിരയിൽ അൽപ്പമെങ്കിലും പിടിച്ചുനിന്നത്.
രണ്ടാം ഇന്നിംഗ്സിൽ വിദർഭ സംഘം ഒരു ഘട്ടത്തിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 56 റൺസെന്ന നിലയിലായിരുന്നു. എന്നാൽ അഞ്ചാം വിക്കറ്റിൽ ഒത്തുചേർന്ന യാഷ് റാത്തോഡും ക്യാപ്റ്റൻ അക്ഷയ് വഡേക്കറും വിദർഭയെ മികച്ച സ്കോറിലേക്ക് നയിക്കുകയാണ്. റാത്തോഡ് 59 റൺസുമായും വഡേക്കർ 31 റൺസുമായും ക്രീസിലുണ്ട്. ഇരുവരും അഞ്ചാം വിക്കറ്റിൽ ഇതുവരെ 91 റൺസ് കൂട്ടിച്ചേർത്തുകഴിഞ്ഞു.
Content Highlights: Wadkar help Vidarbha recover against Mumbai