
ഐസിസി ചാംപ്യൻസ് ട്രോഫിയിലെ ന്യൂസിലാൻഡിനെതിരായ ആദ്യ മത്സരത്തിൽ പാകിസ്താനായി ഓപണിങ് ബാറ്റിങ്ങിനെത്താൻ ഫഖർ സമാന് കഴിഞ്ഞിരുന്നില്ല. ഫീല്‍ഡിങ്ങിനിടെ പരിക്കേറ്റ് ഗ്രൗണ്ടില്‍ നിന്നും മാറിനില്‍ക്കേണ്ടി വന്നപ്പോഴുണ്ടായ പെനാല്‍റ്റി സമയവുമായി ബന്ധപ്പെട്ട
നിബന്ധനയാണ് ഫഖറിന്‍റെ ഓപണിങ്ങിന് തടസമായത്.
ഐസിസിയുടെ നിയമങ്ങളിൽ പറയുന്നത് ഇങ്ങനെയാണ്. ഒരു താരത്തിന് എന്തെങ്കിലും കാരണത്താൽ ഗ്രൗണ്ട് വിട്ടുപോകേണ്ടി വന്നാൽ, പുറത്തിരുന്നതിന് തത്തുല്യമായ സമയം ഫീൽഡിൽ ചിലവഴിച്ചാൽ മാത്രമെ അടുത്ത ഇന്നിംഗ്സിൽ ബാറ്റിങ്ങിന് ഇറങ്ങാൻ കഴിയു. ന്യൂസിലാൻഡിനെതിരായ മത്സരത്തിൽ ആദ്യ ഓവറിലെ രണ്ടാം പന്തിൽ തന്നെ ഫീൽഡ് ചെയ്യുന്നതിനിടെ പരിക്കേറ്റ ഫഖർ സമാൻ ഗ്രൗണ്ട് വിട്ടിരുന്നു.
12-ാം ഓവറിൽ ഗ്രൗണ്ടിൽ മടങ്ങിയെത്തിയെങ്കിലും ഫഖർ മൂന്ന് ഓവറിന് ശേഷം വീണ്ടും തിരിച്ചുപോയി. പിന്നീട് 33 ഓവർ പിന്നിട്ട ശേഷമാണ് ഗ്രൗണ്ടിൽ തിരികെയെത്തിയത്. ഈ സമയത്ത് ഫഖറിന് പകരക്കാരനായി കമ്രാൻ ഗുലാം ഫീൽഡ് ചെയ്തു. അതായത് ഏകദേശം മൂന്ന് മണിക്കൂർ ഫഖർ ഗ്രൗണ്ടിന് പുറത്തായിരുന്നു. ഈ സമയം ഫീൽഡിൽ ചിലവഴിച്ചാൽ മാത്രമെ ഫഖറിന് ബാറ്റ് ചെയ്യാൻ കഴിയുകയുള്ളു.
ന്യൂസിലാൻഡ് ഇന്നിംഗ്സിന്റെ അവശേഷിച്ച 17 ഓവറും ഫീൽഡ് ചെയ്തിട്ടും ഫഖറിന് പെനാൽറ്റി സമയം പൂർത്തിയാക്കാൻ കഴിഞ്ഞില്ല. അതിനാൽ പാകിസ്താൻ ഇന്നിംഗ്സ് തുടങ്ങി 25 മിനിറ്റിന് ശേഷം മാത്രമെ ഫഖറിന് ബാറ്റ് ചെയ്യാൻ സാധിക്കുമായിരുന്നുള്ളു. അല്ലെങ്കിൽ ഈ സമയത്തിനുള്ളിൽ ടീമിന്റെ അഞ്ച് വിക്കറ്റ് നഷ്ടമാകുകയോ 16 ഓവർ പൂർത്തിയാകുകയോ വേണമായിരുന്നു. പാകിസ്താൻ ഇന്നിംഗ്സ് 25 മിനിറ്റ് പിന്നിട്ടപ്പോൾ ടീമിന് ആദ്യ രണ്ട് വിക്കറ്റുകൾ നഷ്ടമായി. ഇതോടെ നാലാമനായി ഫഖർ ക്രീസിലെത്താന്‍ കഴിഞ്ഞു.
ബാറ്റിങ്ങിലും പരിക്കിന്റെ അസ്വസ്ഥതകൾ ഫഖറിൽ പ്രകടമായിരുന്നു. പലപ്പോഴായി താരത്തിന് ഫിസിയോയുടെ സഹായം തേടേണ്ടി വന്നു. വേഗത്തില്‍ ഓടാനും കഴിഞ്ഞിരുന്നില്ല. പിന്നാലെ 24 റണ്‍സുമായ ഫഖര്‍ മടങ്ങി. മത്സരത്തിൽ 60 റൺസിന് പാകിസ്താൻ പരാജയപ്പെടുകയും ചെയ്തു. ആദ്യം ബാറ്റ് ചെയ്ത ന്യൂസിലാൻഡ് 50 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 320 റൺസെടുത്തു. പാകിസ്താന്റെ മറുപടി 47.2 ഓവറിൽ 260 റൺസിൽ അവസാനിച്ചു.
Content Highlights: Why Fakhar Zaman didn't open in PAK's chase?