കേരളത്തിന്റെ പ്രതീക്ഷകൾക്ക് തിരിച്ചടി; ആദ്യ ഇന്നിം​ഗ്സ് ലീഡിനരികിൽ ​ഗുജറാത്ത്

വ്യക്തി​ഗത സ്കോർ 11ൽ നിൽക്കെ സിദ്ദാർത്ഥ് ദേശായി നൽകിയ ക്യാച്ച് അക്ഷയ് ചന്ദ്രന്റെ കൈയ്യിൽ നിന്ന് ചോർന്നു. ഇതിന് കേരള ബൗളർമാർ കടുത്ത വിലയാണ് നൽകേണ്ടി വന്നത്

dot image

രഞ്ജി ട്രോഫി ക്രിക്കറ്റ് ടൂർണമെന്റിൽ കേരളത്തിന്റെ ഫൈനൽ മോഹങ്ങൾക്ക് തിരിച്ചടി. കേരളത്തിന്റെ ഒന്നാം ഇന്നിം​ഗ്സ് സ്കോറായ 457ന് മറുപടി പറയുന്ന ​ഗുജറാത്ത് നാലാം ദിവസം സ്റ്റമ്പെടുക്കുമ്പോൾ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 429 റൺസെന്ന നിലയിലാണ്. 29റൺസ് കൂടി നേടിയാൽ കേരളത്തിന്റെ ഒന്നാം ഇന്നിം​ഗ്സ് സ്കോർ മറികടന്ന് ​ഗുജറാത്തിന് ലീഡ് സ്വന്തമാക്കാം. ഒപ്പം രഞ്ജി ട്രോഫി ഫൈനൽ പ്രതീക്ഷകളും ​ഗുജറാത്തിന് സജീവമാക്കാം.

നേരത്തെ ഒരു വിക്കറ്റ് നഷ്ടത്തിൽ 222 റൺസെന്ന നിലയാണ് ​ഗുജറാത്ത് നാലാം ദിവസം രാവിലെ ബാറ്റിങ് പുനരാരംഭിച്ചത്. കൃത്യമായ ഇടവേളകളിൽ വിക്കറ്റുകൾ വീഴ്ത്തി കേരളത്തിന്റെ ബൗളർമാർ ​ഗുജറാത്തിനെ പ്രതിരോധത്തിലാക്കി. സെഞ്ച്വറിയുമായി പോരാട്ടം മുന്നോട്ട് നയിച്ച പ്രിയാങ്ക് പഞ്ചൽ 148 റൺസുമായി പുറത്തായി. പിന്നാലെ ഏഴിന് 357 എന്ന സ്കോറിലേക്ക് ​ഗുജറാത്തിനെ ഒതുക്കാനും കേരളത്തിന് സാധിച്ചു. എന്നാൽ എട്ടാം വിക്കറ്റിൽ ജയ്മീറ്റ് പട്ടേലും സിദ്ദാർത്ഥ് ദേശായിയും ഒന്നിച്ചതോടെ ​ഗുജറാത്ത് വീണ്ടും ലീഡിനായി പൊരുതുകയാണ്.

വ്യക്തി​ഗത സ്കോർ 11ൽ നിൽക്കെ സിദ്ദാർത്ഥ് ദേശായി നൽകിയ ക്യാച്ച് അക്ഷയ് ചന്ദ്രന്റെ കൈയ്യിൽ നിന്ന് ചോർന്നു. ഇതിന് കേരള ബൗളർമാർ കടുത്ത വിലയാണ് നൽകേണ്ടി വന്നത്. ഇരുവരും ചേർന്ന എട്ടാം വിക്കറ്റിൽ ഇതുവരെ 72 റൺസ് കൂട്ടിച്ചേർത്തുകഴിഞ്ഞു. ജയ്മീറ്റ് 72 റൺസോടെയും സിദ്ദാർത്ഥ് 24 റൺസോടെയും ക്രീസിലുണ്ട്. കേരളത്തിനായി ജലജ് സക്സേന നാല് വിക്കറ്റെടുത്തു. കേരളം ആകെ എറിഞ്ഞ 154 ഓവറിൽ 61 ഓവറും ജലജ് ആണ് ബൗൾ ചെയ്തത്.

Content HIghlights: Gujarat on the verge of first innings lead against Kerala

dot image
To advertise here,contact us
dot image