
ഇന്ത്യ-ഇംഗ്ലണ്ട് ടി 20 പരമ്പരയിൽ ശിവം ദുബെയ്ക്ക് പകരം ഹർഷിത് റാണയെ കൺകഷൻ സബ് ആക്കി ഇറക്കിയത് വലിയ വിവാദമായിരുന്നു. നിർണായകമായ ആ മത്സരം ഇന്ത്യ ജയിച്ചപ്പോൾ താരമായത് ഇങ്ങനെ കളത്തിലെത്തിയ റാണയായിരുന്നു എന്നതാണ് അന്ന് വിവാദമുണ്ടാവാൻ കാരണം. ഒരു താരത്തിന് പരിക്കേറ്റാൽ അതേ രീതിയിലുള്ള കളിക്കാരനെ കൺകഷൻ സബ്സ്റ്റിറ്റ്യൂട്ടായി ഉപയോഗിക്കണമെന്നാണ് നിയമമെന്നും എന്നാൽ തുല്യരല്ലാത്ത രണ്ടുപേർ തമ്മിലാണ് കൺകഷൻ സബ് നടന്നത് എന്നുമായിരുന്നു അന്ന് ഇംഗ്ലണ്ടിന്റെ വാദം.
ഇപ്പോൾ ഗുജറാത്തിന്റെ സ്റ്റാർ ബൗളർ ബിഷ്‌ണോയിക്ക് പകരം ഹേമാങ് പട്ടേലിനെ ഇറക്കിയതും അങ്ങനെയൊരു ചർച്ചയ്ക്ക് വഴിവെച്ചു. ബുധനാഴ്ച കേരളത്തിന്റെ ആദ്യ ഇന്നിംഗ്‌സിൽ പന്ത് തടയാൻ ശ്രമിക്കുന്നതിനിടെയായിരുന്നു ബിഷ്‌ണോയിയുടെ തലയ്ക്ക് പരിക്കേറ്റത്. ഓൾ റൗണ്ടറാണെങ്കിൽ പോലും അത്ര തന്നെ നന്നായി ബാറ്റ് ചെയ്യുന്ന ഒരാളല്ല രവി ബിഷ്‌ണോയി. എന്നാൽ ബിഷ്‌ണോയിക്ക് പകരം ബാറ്റ് 'കൺകഷൻ സബ്'ആയി ബാറ്റ് ചെയ്യാനെത്തിയതാവട്ടെ മീഡിയം പേസ് എറിയുന്ന നന്നായി ബാറ്റ് ചെയുന്ന ഹേമാങ് പട്ടേൽ ആയിരുന്നു.
വിഷയത്തിൽ കേരള താരങ്ങൾ പരാതിയുമായി അംപയറെ കണ്ടെങ്കിലും ഫലം കണ്ടില്ല. എന്നാൽ അധികം വൈകാതെ ഹേമാങ്ങിനെ എം ഡി നിധീഷ് പുറത്താക്കി. 27 റൺസാണ് പുറത്താകുന്നതിന് മുമ്പ് താരം നേടിയത്. നിലവിൽ ലഞ്ചിന് പിരിയുമ്പോൾ 325 റൺസാണ് ഗുജറാത്തിനുള്ളത്. കേരളത്തിന്റെ സ്കോറിലേക്ക് വേണ്ടത് ഇനി 132 റൺസ് കൂടിയാണ്.
Content Highlights: kerala vs gujarat semi final concussion sub controversy