ഇന്ത്യയ്‌ക്കെതിരായ 'ബിഗ് മാച്ചി'ന് മുന്നെ പാകിസ്താന് തിരിച്ചടി; പരിക്കേറ്റ സൂപ്പര്‍ താരം പുറത്ത്

പരിക്കിന് പിന്നാലെ ടൂര്‍ണമെന്റില്‍ നിന്ന് പുറത്തുപോകേണ്ടി വരികയാണെന്ന് ഫഖര്‍ സമാന്‍ തന്നെയാണ് എക്‌സിലൂടെ സ്ഥിരീകരിച്ചത്

dot image

ഐസിസി ചാംപ്യന്‍സ് ട്രോഫി ടൂര്‍ണമെന്റില്‍ ശേഷിക്കുന്ന മത്സരങ്ങളില്‍ പാകിസ്താന്‍ ടീമിന് കനത്ത തിരിച്ചടി. ഓപണര്‍ ഫഖര്‍ സമാന് ടൂര്‍ണമെന്റ് നഷ്ടമായിരിക്കുകയാണ്. ന്യൂസിലാന്‍ഡിനെതിരായ മത്സരത്തിനിടെ പരിക്കേറ്റ സ്റ്റാര്‍ ബാറ്റര്‍ ശേഷിക്കുന്ന മത്സരങ്ങളില്‍ പാക് ടീമിലുണ്ടാകില്ല. ഫഖര്‍ സമാന് പകരം ഇമാമുള്‍ ഹഖിനെ പാകിസ്താന്‍ ടീമിലുള്‍പ്പെടുത്തിയിട്ടുണ്ട്.

ന്യൂസിലാന്‍ഡിനെതിരായ മത്സരത്തിനിടെ ബൗണ്ടറി തടയാന്‍ ശ്രമിക്കവേയാണ് ഫഖര്‍ സമാന് പരിക്കേറ്റത്. പിന്നാലെ ഫീല്‍ഡ് വിട്ട സമാന്‍ പാകിസ്താന് വേണ്ടി നാലാമതായി ബാറ്റിങ്ങിനിറങ്ങിയിരുന്നു. എങ്കിലും പലപ്പോഴും ഫിസിയോയുടെ സേവനം തേടേണ്ടിവന്ന ഫസറിന് 41 പന്തില്‍ 24 റണ്‍സ് മാത്രമാണ് നേരിടേണ്ടി വന്നത്.

പരിക്കിന് പിന്നാലെ ടൂര്‍ണമെന്റില്‍ നിന്ന് പുറത്തായതായി ഫഖര്‍ സമാന്‍ തന്നെയാണ് എക്‌സിലൂടെ സ്ഥിരീകരിച്ചത്. 'ചാംപ്യന്‍സ് ട്രോഫി പോലെയുള്ള വലിയ വേദിയില്‍ പാകിസ്താനെ പ്രതിനിധീകരിക്കുകയെന്നത് ഈ രാജ്യത്തെ ഓരോ ക്രിക്കറ്റ് കളിക്കാരന്റെയും അഭിമാനവും സ്വപ്‌നവുമാണ്. അതിനുള്ള ഭാഗ്യം എനിക്ക് നിരവധി തവണ ലഭിച്ചിട്ടുണ്ട്. നിര്‍ഭാഗ്യവശാല്‍ ഞാന്‍ ഇപ്പോള്‍ ഐസിസി ചാംപ്യന്‍സ് ട്രോഫി ടൂര്‍ണമെന്റില്‍ നിന്ന് പുറത്തായിരിക്കുകയാണ്. അവസരത്തിന് നന്ദി. ഞാന്‍ വീട്ടിലിരുന്നാലും നമ്മുടെ താരങ്ങള്‍ക്ക് എന്റെ പിന്തുണ ഉണ്ടായിരിക്കും. ഇത് ഒരു തുടക്കം മാത്രമാണ്. ഇപ്പോഴുള്ള തിരിച്ചടിയേക്കാള്‍ ശക്തമായിരിക്കും എന്റെ തിരിച്ചുവരവ്', സമാന്‍ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.

ഫെബ്രുവരി 23 ഞായറാഴ്ച ഇന്ത്യയ്ക്കെതിരെയാണ് പാകിസ്താന്‍റെ അടുത്ത മത്സരം. ചാംപ്യന്‍സ് ട്രോഫിയിലെ ആദ്യ മത്സരത്തില്‍ ന്യൂസിലാന്‍ഡിനെതിരെ 60 റണ്‍സിന് പാകിസ്താന്‍ പരാജയം വഴങ്ങിയിരുന്നു. ന്യൂസിലാന്‍ഡ് ഉയര്‍ത്തിയ 321 വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ പാകിസ്താന്‍ ഇന്നിങ്ങ്സ് 260 റണ്‍സില്‍ അവസാനിക്കുകയായിരുന്നു. പാക് ഓപണിംഗില്‍ മികച്ച തുടക്കങ്ങള്‍ നല്‍കുന്ന ഫഖര്‍ സമാന്റെ അഭാവം ചാമ്പ്യന്‍സ് ട്രോഫിയില്‍ പാകിസ്താന്റെ സാധ്യതകളെ ബാധിക്കുമെന്ന് ഉറപ്പാണ്. പാക് നിരയില്‍ ഇന്ത്യക്കെതിരെ മികച്ച റെക്കോര്‍ഡുള്ള താരം കൂടിയാണ് ഫഖര്‍ സമാന്‍.

Content Highlights: Pakistan's Fakhar Zaman ruled out of Champions Trophy 2025

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us