
ചാംപ്യന്‍സ് ട്രോഫിക്ക് മുന്നോടിയായി ബിസിസിഐ സ്വീകരിച്ച നിലപാടുകള്‍ക്കെതിരെ ആഞ്ഞടിച്ച് പാകിസ്താന്റെ സ്പിന്‍ ഇതിഹാസം സഖ്‌ലെയ്ന്‍ മുഷ്താഖ്. സുരക്ഷാ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി ടൂര്‍ണമെന്റ് വേദിയായ പാകിസ്താനിലേയ്ക്ക് ഇന്ത്യന്‍ ടീമിനെ അയയ്ക്കാന്‍ ബിസിസിഐ തയ്യാറായിരുന്നില്ല. വിവാദങ്ങള്‍ക്കൊടുവില്‍ ടൂര്‍ണമെന്റ് ഹൈബ്രിഡ് മോഡലില്‍ നടത്താന്‍ തീരുമാനിക്കുകയും ഇന്ത്യയുടെ മത്സരങ്ങള്‍ മാത്രം ദുബായിയില്‍ നടത്താന്‍ തീരുമാനിക്കുകയുമായിരുന്നു.
ബിസിസിഐയുടെ ഈ കടുംപിടുത്തത്തെയാണ് സഖ്‌ലെയ്ന്‍ രൂക്ഷമായി വിമര്‍ശിച്ചത്. പാകിസ്താനിലെ ക്രിക്കറ്റ് ആരാധകര്‍ വിരാട് കോഹ്‌ലിയടക്കമുള്ള ഇന്ത്യന്‍ താരങ്ങളുടെ പ്രകടനം നേരിട്ട് കാണാന്‍ കാത്തിരിക്കുകയായിരുന്നെന്ന് തുറന്നുപറഞ്ഞ സഖ്‌ലെയ്ന്‍ ബിസിസിഐയുടെ നിലപാടില്‍ നിരാശ പ്രകടിപ്പിക്കുകയും ചെയ്തു. ഞായറാഴ്ച നടക്കുന്ന മത്സരത്തില്‍ പാകിസ്താന്‍ ടീം ഇന്ത്യയെ ഒരു പാഠം പഠിപ്പിക്കണമെന്നും മുന്‍ താരം പറഞ്ഞു.
'ബിസിസിഐയുടെ കോപവും പ്രശ്നവും ഒരിക്കലും അവസാനിക്കില്ല. ഞങ്ങള്‍ അവരെ എപ്പോഴും അഭിനന്ദിക്കാറുണ്ട്. പാകിസ്താനിലെ ആരാധകരാണെങ്കില്‍ വിരാട് കോഹ്ലിയെയും ജസ്പ്രിത് ബുംമ്രയെയും കാണാന്‍ ആഗ്രഹിക്കുന്നവരാണ്. ഇവിടുത്തെ ഓരോ കുട്ടിക്കും അവരുടെ ആക്ഷനും പ്രകടനവും കാണാനായി കാത്തിരിക്കുകയാണ്. പക്ഷേ ബിസിസിഐയുടെ കോലാഹലങ്ങള്‍ മാത്രം തീരുന്നില്ല', സഖ്‌ലെയ്ന്‍ ചൂണ്ടിക്കാട്ടി.
.@Saqlain_Mushtaq takes aim at the BCCI, saying their actions are not in the best interest of the fans, especially children eager to watch top players like Kohli and Bumrah. Do you agree with Saqlain Mushtaq’s perspective?#TOKSports #SaqlainMushtaq #PAKvIND pic.twitter.com/Szg5sHvXRt
— TOK Sports (@TOKSports021) February 19, 2025
'അവരെല്ലാം ഏത് ലോകത്താണ് ജീവിക്കുന്നതെന്നും എന്താണ് നേടാന്‍ ഉദ്ദേശിക്കുന്നതെന്നും എനിക്കറിയില്ല. നിങ്ങള്‍ക്ക് എപ്പോഴാണ് ബോധവും വിവേകവും വെയ്ക്കാന്‍ പോകുന്നത്? എപ്പോഴാണ് നിങ്ങളുടെ ഹൃദയങ്ങള്‍ വിശാലമാവുക? ഒരു ടൈയും കെട്ടി ഇംഗ്ലീഷ് സംസാരിച്ചുനടന്നാല്‍ നിങ്ങള്‍ പരിഷ്‌കൃതരായി എന്ന് നിങ്ങള്‍ കരുതുന്നുണ്ടോ? ബിസിസിഐയുടെ തീരുമാനത്തില്‍ പാകിസ്താന്‍ ഒരു നിലപാട് എടുക്കുകയും അവരെ ഒരു പാഠം പഠിപ്പിക്കുകയും ചെയ്യണം', സഖ്‌ലെയ്ന്‍ കൂട്ടിച്ചേര്‍ത്തു.
ഫെബ്രുവരി 23 ഞായറാഴ്ചയാണ് ആരാധകര്‍ ഏറെ കാത്തിരിക്കുന്ന ഇന്ത്യ- പാക് മത്സരം. ഫെബ്രുവരി 19ന് നടന്ന ഉദ്ഘാടന മത്സരത്തോടെ പാകിസ്താന്റെ ചാംപ്യന്‍സ് ട്രോഫി പോരാട്ടങ്ങള്‍ ആരംഭിച്ചിരുന്നു. ന്യൂസിലാന്‍ഡിനെതിരായ മത്സരത്തില്‍ 60 റണ്‍സിന് ആതിഥേയര്‍ പരാജയം വഴങ്ങിയത്. അതേസമയം 20ന് ബംഗ്ലാദേശിനെ ഇന്ത്യ നേരിടും.
Content Highlights: Wearing tie, speaking English isn’t civility: Pakistan's Saqlain Mushtaq to BCCI