
രഞ്ജി ട്രോഫി സെമി ഫൈനലിൽ ഗുജറാത്തിനെതിരെ കേരളം നിർണായകമായ ഒന്നാം ഇന്നിങ്‌സ് ലീഡെടുത്തു കേരളം ഫൈനലിലേക്ക് മാർച് ചെയ്തിരിക്കുകയാണ്. ഇനി കേരളത്തെ മറികടന്ന് ഗുജറാത്ത് ഫൈനൽ കടക്കണമെങ്കിൽ അത്ഭുതങ്ങൾ സംഭവിക്കണം. കേരളം ഒന്നാം ഇന്നിങ്സ് സ്കോറായ 457 റണ്‍സിനുള്ള ഗുജറാത്തിന്റെ മറുപടി 455 ൽ അവസാനിച്ചു. രണ്ട് റൺസ് ലീഡിന്റെ കരുത്തിലാണ് ഫൈനൽ പ്രവേശം.
ഇതുപോലെ ഒരു റൺസിന്റെ ഒന്നാം ഇന്നിങ്‌സ് ലീഡിലായിരുന്നു ജമ്മു കശ്മീരിനെതിരെ ക്വാർട്ടർ ഫൈനലിൽ കേരളം ജയം നേടിയിരുന്നത്.
174.4 ഓവറിലാണ് ഗുജറാത്ത് 455 റൺസിന് പുറത്തായത്. ഏറെ നാടകീയമായിരുന്നു ക്‌ളൈമാക്‌സ്. വെറും രണ്ടു റൺസ് മാത്രം അകലെയുണ്ടായിരുന്ന ഫൈനൽ സ്പോട്ട് ലക്ഷ്യമിട്ട് അർസാൻ നഗ്‌വാസ്‌വാല പായിച്ച ഷോട്ട്, ഷോർട്ട് ലെഗിലെ ഫീൽഡറുടെ ഹെൽമറ്റിൽത്തട്ടി സ്ലിപ്പിൽ സച്ചിൻ ബേബിയുടെ കൈകളിലെത്തുകയായിരുന്നു.
സൽമാൻ നിസാർ ആയിരുന്നു ആ ഫീൽഡർ എന്നതും നാടകീയമായിരുന്നു. തൊട്ടുമുമ്പ് ബാറ്ററുടെ ഒരു ഷോട്ട് ക്യാച്ചാക്കി മാറ്റി ഫൈനലിലേക്ക് കുതിക്കാനുള്ള അവസരം സൽമാൻ നിസാറിൽ നിന്ന് വഴുതി വീണിരുന്നു. കേരളത്തെ സെമി വരെയെത്തിച്ച സൽമാൻ നിസാർ ക്‌ളൈമാക്സിൽ ആന്റി ഹീറോ ആകുമോ എന്ന് തോന്നിപ്പിച്ച നിമിഷത്തിൽ കൂടിയായിരുന്നു സൽമാൻ നിസാറിന്റെ ഹെൽമെറ്റിൽ തട്ടി സച്ചിന് ക്യാച് വീണത്. ഏതായാലും 91 വർഷത്തെ രഞ്ജി ട്രോഫി ചരിത്രത്തിൽ ഇതുവരെയും ഫൈനൽ കാണാത്ത കേരള ക്രിക്കറ്റിന് ഇതൊരു അവിശ്വസനീയ മുഹൂർത്തം തന്നെയാണ്.
Content HIghlights: : kerala make ranji trophy history