ആ ഒരു 'റൺ' നേടി തന്ന സെമി; രഞ്ജി ചരിത്രത്തിലെ ആദ്യ കിരീടത്തിലേക്കുള്ള 'RUN' ആകട്ടെ!; കേരളം അതർഹിക്കുന്നുണ്ട്

മറ്റ് പല ടീമുകളും നിലവിൽ ഇന്ത്യൻ ടീമിൽ കളിക്കുന്ന പേരുകേട്ട താരങ്ങളുമായെത്തിയപ്പോയാണ് സൽമാൻ നിസാറും സംഘവും വീരോചിത പോരാട്ടങ്ങളിലൂടെ സെമി വരെയെത്തിയത്

dot image

രഞ്ജിട്രോഫിയുടെ ഈ സീസണിൽ ബൗളിങ് ആക്രമണങ്ങൾ കൊണ്ട് ഏറെ ചർച്ചയായ ടീമായിരുന്നു ജമ്മു കശ്മീർ. എലൈറ്റ് എ ഗ്രൂപ്പിൽ ഒന്നാം സ്ഥാനക്കാരായതും ടൂർണമെന്റ് തുടക്കത്തിൽ അധികമാരും സാധ്യത കൽപ്പിക്കാതിരുന്ന രാജ്യത്തിന്റെ ഈ അങ്ങേ അറ്റക്കാരായിരുന്നു. ബൗളിങ് മികവിൽ ഇന്ത്യൻ താരങ്ങൾ ഏറെ അണിനിരക്കുന്ന മുംബൈയെയും ബറോഡയെയും പിന്നിലാക്കി 35 പോയിന്റോടെയാണ് അവർ എലൈറ്റ് എ ഗ്രൂപ്പിൽ ഒന്നാം സ്ഥാനക്കാരായിരുന്നത്. ഗ്രൂപ്പ് ഘട്ടത്തിൽ ഒരൊറ്റ മത്സരവും തോൽക്കാതിരുന്ന ടീം കൂടിയാണിത്.

രോഹിത്തിന്റെ നീണ്ട വർഷങ്ങൾക്ക് ശേഷമുള്ള രഞ്ജി മടങ്ങിവരവ് അന്താരാഷ്ട്ര ശ്രദ്ധ നൽകിയ മുംബൈയുടെ മത്സരം ജമ്മു കശ്മീരിനെതിരെയായിരുന്നു. അന്ന് രോഹിത്തിനെ ആദ്യ ഓവറിൽ തന്നെ പുറത്താക്കിയ 6' 4'' കാരനായ ഉമർ നസീർ മിറിനെ ഓർമയില്ലേ…രഞ്ജി ട്രോഫി സീസണിലെ ടോപ് വിക്കറ്റ് ടേക്കർമാരിൽ മുന്നിലുള്ള ആഖിബ് നബി, അങ്ങനെ ഈ സീസണിൽ ബോൾ കൊണ്ട് അത്ഭുതപ്രകടനം നടത്തിയ ടീമിനെതിരെയാണ് കേരളം അതിലും വലിയ അത്ഭുത പ്രതിരോധത്തിലൂടെ മറികടന്നത്.

ആദ്യ ഇന്നിങ്സിൽ ആദ്യം ഫോളോ ഓൺ ഭീഷണിയും പിന്നീട് വലിയ ലീഡ് വഴങ്ങൽ ഭീഷണിയും മുന്നിൽ കണ്ടിടത്ത് നിന്നും പൊരുതി തിരിച്ചുവന്ന് ഒരു റൺസിന്റെ ലീഡ്. ആ ലീഡിന് ഒരു സെമിയുടെ വിലയാണുണ്ടായത്. ആ ഒരു റൺ ലീഡിന്റെ മാത്രം ബലത്തിൽ ജമ്മു കശ്മീർ ഉയർത്തിയ 399 റൺസ് വിജയലക്ഷ്യത്തിലേക്ക് ബാറ്റു ചെയ്ത കേരളം ഒന്നര ദിവസത്തോളം നീണ്ട ബോളിങ് പരീക്ഷണത്തെ ക്ഷമാപൂർവം നേരിട്ടാണ് സമനിലയും അതുവഴി സെമിഫൈനൽ സ്ഥാനവും സ്വന്തമാക്കിയത്. രഞ്ജി റൂൾസ് പ്രകാരം മത്സരം സമനിലയായാൽ അടുത്ത റൗണ്ടിലേക്ക് മാർച്ച് ചെയ്യുക ആദ്യ ഇന്നിങ്സിൽ ലീഡ് നേടിയവരാണ്.

ഈ മത്സരത്തിൽ നന്ദിപറയേണ്ടത് കേരള ടീമിലെ എല്ലാ താരങ്ങൾക്കുമാണെന്ന് പറയേണ്ടി വരും. പ്രതിസന്ധി ഘട്ടത്തിൽ പാറപോലെയാണ് എല്ലാവരും ഉറച്ചുനിന്നത്. രണ്ടാം ഇന്നിങ്സിൽ രോഹൻ കുന്നുമ്മൽ, അക്ഷയ് ചന്ദ്രൻ, സച്ചിൻ ബേബി, സൽമാൻ നിസാർ, മുഹമ്മദ് അസ്ഹ റുദീൻ തുടങ്ങി എല്ലാവരും മികച്ച സംഭാവനകൾ നൽകി. അഞ്ചാം ദിനം അവസാനിക്കുമ്പോൾ ആറ് വിക്കറ്റ് നഷ്ടത്തിൽ 295 റൺസും ചേർത്തു.

നേരത്തെ ജമ്മുവിനെതിരെ ക്വാർട്ടർ ഫൈനലിന്റെ തുടക്കത്തിൽ 11-3 എന്ന നിലയില്‍ നിന്നും ഒടുവിൽ ഏഴിന് 137 എന്ന നിലയിലും തകർന്ന കേരളത്തെ സ്ഥിരം രക്ഷകൻ സൽമാൻ നിസാറാണ് രക്ഷിച്ചെടുത്തത്. വാലറ്റത്തെ കൂട്ടുപിടിച്ച് സെഞ്ച്വറിയടക്കം നേടിയ സൽമാന്റെ മരണമാസ് ഇന്നിങ്‌സ് രഞ്ജിട്രോഫി ചരിത്രത്തിലെ തന്നെ മികച്ച ഇന്നിങ്‌സ് കൂടിയായാണ് അടയാളപ്പെടുത്തിയത്. പേരിന് പോലും ഒരു ഇന്ത്യൻ താരം കേരള ടീമിലുണ്ടായിരുന്നില്ല. ഇന്ത്യൻ സീനിയർ ടീമിന് വേണ്ടി കളിക്കുന്ന സഞ്ജു സാംസണാകട്ടെ ഇംഗണ്ടിനെതിരായ പരമ്പരയിൽ പരിക്കേറ്റ് രഞ്ജിയിൽ നിന്ന് പിന്മാറുകയും ചെയ്തിരുന്നു

ഇതാദ്യമായല്ല സൽമാൻ കേരളത്തിന്റെ രക്ഷയ്ക്കെത്തുന്നത്. ടീം പ്രതിസന്ധിയിലാകുമ്പോൾ സ്വയം സൂപ്പർമാൻ വേഷമണിയുന്ന സൽമാന്റെ സെഞ്ച്വറി കരുത്തിലാണ് ബിഹാറിനെ തോൽപ്പിച്ച് കേരളം ക്വാർട്ടർ ഫൈനലിലെത്തിയതും. സയ്യിദ് മുഷ് താഖ്‌ അലി ട്രോഫിയിൽ ശക്തരായ മുംബൈയെ അട്ടിമറിച്ചതും ഈ 27 കാരന്റെ കരുത്തിലായിരുന്നു. നിലവിൽ 9 മത്സരങ്ങളിൽ നിന്ന് 83 ശരാശരിയിൽ 498 റൺസ് നേടിയ താരത്തിന്റെ മികവിൽ തന്നെയായിരിക്കും സെമിയിലും കേരളത്തിന്റെ പ്രതീക്ഷകൾ.

ഈ മാസം 17ന് ആരംഭിക്കുന്ന സെമിഫൈനലിൽ ഗുജറാത്താണ് കേരളത്തിന്റെ എതിരാളികൾ. ക്വാർട്ടർ ഫൈനലിൽ സൗരാഷ്ട്രയെ ഇന്നിങ്സിനും 98 റൺസിനും തോൽപിച്ചാണ് ഗുജറാത്ത് സെമി ഫൈനലിൽ കടന്നത്. ഗുജറാത്തും കടന്ന് ശേഷമുള്ള ഫൈനൽ കടമ്പയും കടന്ന് കേരളത്തിന് കിരീടം നേടാനായാൽ 91 വർഷത്തെ രഞ്ജി ചരിത്രത്തിലെ കേരത്തിന്റെ ആദ്യ കിരീടം കൂടിയാവും.

Content Highlights: kerala outstanding match winning in ranjitrophy and run in to semifinal

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us