
രഞ്ജി ട്രോഫി ക്രിക്കറ്റ് ടൂർണമെന്റിൽ കേരളം ചരിത്രമെഴുതിയിരിക്കുകയാണ്. 74 വർഷത്തെയും 325 മത്സരങ്ങളുടെയും കാത്തിരിപ്പിനൊടുവിൽ കേരളം രഞ്ജി ട്രോഫിയുടെ ഫൈനലിൽ കടന്നു. ഗുജറാത്തിന് അവരുടെ ഹോംഗ്രൗണ്ടായ അഹമ്മദാബാദ് നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ പരാജയപ്പെടുത്തിയാണ് കേരളത്തിന്റെ ഫൈനൽ പ്രവേശനം. 2019ൽ രഞ്ജി ചരിത്രത്തിൽ ആദ്യമായി കേരളം സെമി ഫൈനലിൽ പ്രവേശിക്കുമ്പോഴും പരാജയപ്പെട്ടത് ഗുജറാത്ത് ആയിരുന്നു. അന്ന് വയനാട് കൃഷ്ണഗിരി സ്റ്റേഡിയത്തിലും കേരളം ഗുജറാത്തിനെ തറപറ്റിച്ചിരുന്നു.
രഞ്ജി ക്രിക്കറ്റ് ചരിത്രത്തിലെ തന്നെ ഏറ്റവും ആവേശകരമായ മത്സരത്തിനാണ് അഹമ്മദാബാദ് നരേന്ദ്ര മോദി സ്റ്റേഡിയം സാക്ഷ്യം വഹിച്ചത്. മത്സരത്തിൽ ടോസ് നേടിയ കേരളം ബാറ്റിങ് തിരഞ്ഞെടുത്തു. പ്രതിരോധത്തിലൂന്നിയുള്ള ബാറ്റിങ്ങിൽ രണ്ട് ദിവസത്തിലധികം കേരളം തള്ളി നീക്കി. മൂന്നാം ദിവസം രാവിലെയാണ് ഗുജറാത്തിന് കേരളത്തെ ഓൾഔട്ടാക്കാൻ സാധിച്ചത്. മുഹമ്മദ് അഹ്സറുദ്ദീൻ പുറത്താകാതെ നേടിയ 177 റൺസിന്റെ ബലത്തിൽ ആദ്യ ഇന്നിംഗ്സിൽ കേരളം 457 റൺസ് നേടി. പക്ഷേ കേരളത്തിന്റെ പ്രതിരോധത്തിന് അതിവേഗത്തിൽ ഗുജറാത്ത് മറുപടി നൽകി. മൂന്നാം ദിവസം അവസാനിക്കുമ്പോൾ ഒരു വിക്കറ്റ് മാത്രം നഷ്ടത്തിൽ 222 എന്ന സ്കോറിലേക്കെത്താൻ ഗുജറാത്തിന് സാധിച്ചു. മൂന്നാം ദിവസം പിച്ചിൽ നിന്ന് സ്പിന്നർമാർക്ക് അനുകൂലമായി ലഭിച്ച ടേണിങ് മുതലാക്കാൻ കേരള താരങ്ങൾക്ക് സാധിച്ചതുമില്ല.
നാലാം ദിവസം മുതൽ കളി മാറി. ജലജ് സക്സേനയെ കൂടുതലായി ഉപയോഗിച്ച് സച്ചിൻ ബേബി മത്സരം കേരളത്തിന് അനുകൂലമാക്കി. ഏഴ് വിക്കറ്റ് വീഴുമ്പോൾ ഗുജറാത്ത് സ്കോർ 357 മാത്രമായിരുന്നു. എന്നാൽ ജയ്മീറ്റ് പട്ടേൽ ക്രീസിലെത്തിയതോടെ വീണ്ടും ഗുജറാത്ത് മത്സരത്തിലേക്ക് തിരിച്ചുവന്നു. നാലാം ദിവസം മത്സരം അവസാനിക്കുമ്പോൾ ഗുജറാത്ത് ഏഴിന് 429 എന്ന സ്കോറിലെത്തി. 29 റൺസ് കൂടി കൂട്ടിച്ചേർത്താൽ ഗുജറാത്ത് രഞ്ജി ട്രോഫിയുടെ ഫൈനൽ ഉറപ്പാക്കും. എന്നാൽ അഞ്ചാം ദിവസം വീണ്ടും ക്രിക്കറ്റിന്റെ അനിശ്ചിതത്വം ലോകം കണ്ടു.
ജയ്മീറ്റ് പട്ടേലിനെയും സിദ്ദാർത്ഥ് ദേശായിയെയും വീഴ്ത്തി ആദിത്യ സർവതെ മത്സരം വീണ്ടും കേരളത്തിന് അനുകൂലമാക്കി. നാലാം ദിവസം ബൗളിങ്ങിൽ താളം കണ്ടെത്താതിരുന്ന സർവതെയുടെ തിരിച്ചുവരവിനും അഞ്ചാം ദിവസം സാക്ഷിയായി. ഒടുവിൽ കേരള സ്കോറിന് രണ്ട് റൺസ് അകലെ ഗുജറാത്ത് വീണു. ആദിത്യ സർവാതെ എറിഞ്ഞ പന്തിൽ ഗുജറാത്ത് ബാറ്റർ നഗസ് വാലയുടെ ഷോട്ട് സൽമാൻ നിസാറിന്റെ ഹെൽമറ്റിൽ തട്ടിയാണ് സച്ചിൻ ബേബിയുടെ കൈകളിലെത്തി. ഇതോടെ ചരിത്രത്തിൽ ആദ്യമായി കേരളം രഞ്ജി ട്രോഫിയുടെ ഫൈനലിൽ പ്രവേശിച്ചു. ഫെബ്രുവരി 26ന് ആരംഭിക്കുന്ന ഫൈനലിൽ കേരളത്തിന് വിദർഭയാണ് എതിരാളികൾ.
2019ൽ രഞ്ജി ട്രോഫിയുടെ ക്വാർട്ടർ ഫൈനലിൽ ഗുജറാത്തിനെ 113 റൺസിന് തോൽപ്പിച്ചാണ് കേരളം ചരിത്രത്തിൽ ആദ്യമായി രഞ്ജി ട്രോഫിയുടെ സെമി ഫൈനലിൽ പ്രവേശിച്ചത്. അന്ന് ആദ്യം ബാറ്റ് ചെയ്ത കേരളം ഒന്നാം ഇന്നിംഗ്സിൽ 185 റൺസിന് പുറത്തായി. 37 റൺസെടുത്ത ബേസിൽ തമ്പിയായിരുന്നു ടോപ് സ്കോറർ. പാർത്ഥിവ് പട്ടേൽ നായകനായ ഗുജറാത്തിന് 162 റൺസെടുക്കാനെ സാധിച്ചുള്ളു. 43 റൺസെടുത്ത പാർത്ഥിവ് ആണ് ടോപ് സ്കോറർ. രണ്ടാം ഇന്നിംഗ്സിൽ കേരളം 171 റൺസിൽ ഓൾ ഔട്ടായി. സിജോമോൻ ജോസഫ് 56 റൺസെടുത്തു. 195 റൺസ് വിജയലക്ഷ്യത്തിലേക്ക് ബാറ്റുവെച്ച ഗുജറാത്തിന് നേടാനായത് വെറും 81 റൺസ് മാത്രം. എന്നാൽ സെമി ഫൈനലിൽ ഫൈസ് ഫസൽ നായകനായ വിദർഭ സംഘം സച്ചിൻ ബേബിയുടെ കേരള ടീമിനെ വയനാട്ടിൽ വെച്ച് പരാജയപ്പെടുത്തി.
വീണ്ടുമൊരു കേരള-വിദർഭ പോരാട്ടം വരുകയാണ്. ഇത്തവണ രഞ്ജി ട്രോഫിയുടെ ഫൈനൽ പോരാട്ടമാണ്. ആദ്യ കിരീടവും 2019ലെ പരാജയത്തിനുള്ള പ്രതികാരവും ലക്ഷ്യമിടുന്ന കേരളം ഒരു വശത്ത്. ആഭ്യന്തര ക്രിക്കറ്റിൽ തകർപ്പൻ ഫോമിലുള്ള മഹാരാഷ്ട്രയിൽ നിന്നുള്ള വിദർഭ മറുവശത്ത്. ആവേശകരമായ പോരാട്ടത്തിന് കാത്തിരിക്കുകയാണ് ക്രിക്കറ്റ് ലോകം.
Content Highlights: Kerala scripts history by reaching Ranji Final in Narendra Modi Stadium to beat Gujarat