ഇടിവെട്ടിയവനെ പാമ്പ് കടിച്ച പോലെ; തോൽവിക്കും സൂപ്പർ താരത്തിന്റെ പുറത്താകലിനും പിറകെ പാക് ടീമിന് ICC യുടെ പിഴ

മാച്ച് ഫീയുടെ അഞ്ച് ശതമാനം പിഴയാണ് ഐസിസി ചുമത്തിയത്

dot image

ഐസിസി ചാംപ്യൻസ് ട്രോഫിയിൽ ന്യൂസിലാൻഡിനെതിരെയുള്ള ഉദ്ഘാടന മത്സരത്തിലെ തോൽവിക്ക് പിന്നാലെ പാകിസ്താൻ ടീമിന് തിരിച്ചടിയായി ഐസിസിയുടെ നടപടി. സ്ലോ ഓവർ കാരണത്താൽ മാച്ച് ഫീയുടെ അഞ്ച് ശതമാനം പിഴയാണ് ഐസിസി ചുമത്തിയത്. ഐസിസി പെരുമാറ്റച്ചട്ടത്തിലെ ആർട്ടിക്കിൾ 2.22 പ്രകാരം ഐസിസി എലൈറ്റ് പാനൽ ഓഫ് മാച്ച് റഫറിമാരിൽ അംഗമായ ആൻഡി പൈക്രോഫ്റ്റാണ് ശിക്ഷ വിധിച്ചത്.

ഐസിസി ചട്ടങ്ങൾ അനുസരിച്ച്, നിശ്ചിത സമയത്തിനുള്ളിൽ ടീമുകൾ അവരുടെ ഓവറുകൾ പൂർത്തിയാക്കിയില്ലെങ്കിൽ ഓരോ ഓവറിനും മാച്ച് ഫീയുടെ അഞ്ച് ശതമാനം പിഴ ചുമത്തും. വാദം കേൾക്കേണ്ടതിന്റെ ആവശ്യകത ഒഴിവാക്കിക്കൊണ്ട് പാകിസ്താന്റെ സ്റ്റാൻഡ്-ഇൻ ക്യാപ്റ്റൻ മുഹമ്മദ് റിസ്വാൻ പെനാൽറ്റി സ്വീകരിച്ചു.

അതേ സമയം ന്യൂസിലാൻഡിനെതിരെയുള്ള ആദ്യ മത്സരം തോറ്റതോടെ പാകിസ്താന്റെ സെമി പ്രവേശം വെല്ലുവിളിയായിരിക്കുകയാണ്. ഓപ്പണർ ഫഖർ സമാൻ പരിക്കേറ്റ് ടൂർണമെന്റിൽ നിന്ന് പുറത്തായതോടെ പാകിസ്താൻ മറ്റൊരു തിരിച്ചടി കൂടി നേരിട്ടു. ഇമാ -ഉൽ ഹഖിനെ പകരക്കാരനായി പാകിസ്താൻ പ്രഖ്യാപിച്ചിട്ടുണ്ട്. 23 ന് ഇന്ത്യയ്‌ക്കെതിരെയുള്ള മത്സരം ആതിഥേയർക്ക് നിർണായകമാകും.

ചാംപ്യൻസ് ട്രോഫിയുടെ ഉദ്ഘാടന മത്സരത്തിൽ പാകിസ്താനെ 60 റൺസിന് തോൽപ്പിച്ചാണ് ന്യൂസിലാൻഡ് വിജയം ആഘോഷിച്ചത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ന്യൂസിലാൻഡ് 50 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 320 റൺസെടുത്തു. പാകിസ്താന്റെ മറുപടി 47.2 ഓവറിൽ 260 റൺസിൽ അവസാനിച്ചു.

Content Highlights: pakistan fined in champions trophy for slow over rate

dot image
To advertise here,contact us
dot image