
ഐസിസി ചാംപ്യൻസ് ട്രോഫി ഏകദിന ക്രിക്കറ്റ് ടൂർണമെന്റിൽ ദക്ഷിണാഫ്രിക്കൻ ഓപണർ റയാൻ റിക്ലത്തോൺ സ്വന്തമാക്കിയത് ചരിത്രനേട്ടം. അഫ്ഗാനിസ്ഥാനെതിരെ നേടിയ സെഞ്ച്വറിയാണ് റിക്ലത്തോണിനെ റെക്കോർഡ് ബുക്കിൽ പ്രവേശിപ്പിച്ചത്. ഇതാദ്യമായാണ് ഒരു ദക്ഷിണാഫ്രിക്കൻ വിക്കറ്റ് കീപ്പർ ചാംപ്യൻസ് ട്രോഫിയിൽ സെഞ്ച്വറി നേടുന്നത്. 106 പന്തുകളിൽ ഏഴ് ഫോറുകളുടെയും ഒരു സിക്സറിന്റെയും സഹായത്തോടെ റിക്ലത്തോൺ 103 റൺസെടുത്തു.
മത്സരത്തിൽ ടോസ് നേടി ആദ്യം ബാറ്റ് ദക്ഷിണാഫ്രിക്ക ആറ് വിക്കറ്റ് നഷ്ടത്തിൽ 315 റൺസെടുത്തു. റിക്ലത്തോൺ മൂന്നക്കം കടന്നപ്പോൾ ടെംമ്പ ബാവുമ, റാസി വാൻ ഡർ ഡസൻ, എയ്ഡൻ മാർക്രം എന്നിവർ അർധ സെഞ്ച്വറികൾ സ്വന്തമാക്കി. ബാവുമ 58 റൺസും റാസി വൻ ഡർ ഡസൻ 52 റൺസും മാർക്രം പുറത്താകാതെ 52 റൺസും നേടി.
അഫ്ഗാനിസ്ഥാനായി മുഹമ്മദ് നബി രണ്ട് വിക്കറ്റുകൾ വീഴ്ത്തി. ഫസൽഹഖ് ഫറൂഖി, അസമത്തുള്ള ഒമർസായി, നൂർ അഹമ്മദ് എന്നിവർ ഓരോ വിക്കറ്റുകളും വീഴ്ത്തി. റാഷിദ് ഖാനെ കരുതലോടെ നേരിട്ട ദക്ഷിണാഫ്രിക്ക താരത്തിന് വിക്കറ്റൊന്നും നൽകിയില്ല.
Content Highlights: Ryan Rickelton scores century on Champions Trophy