സംശയിക്കേണ്ട, ആ ചരിത്രം ആവർത്തിക്കും! മൂന്നാം പരാജയത്തിനായി ഇന്ത്യ കാത്തിരുന്നോളൂ; മുന്നറിയിപ്പുമായി പാക് പേസർ

ദുബായില്‍ വിജയം പാകിസ്താനൊപ്പമായിരിക്കുമെന്നും റൗഫ് ആത്മവിശ്വാസം പ്രകടിപ്പിച്ചു

dot image

ചാംപ്യന്‍സ് ട്രോഫി പോരാട്ടത്തില്‍ ഇന്ത്യയെ പരാജയപ്പെടുത്തുകയാണ് ലക്ഷ്യമെന്ന് പാകിസ്താന്റെ പേസ് ബൗളര്‍ ഹാരിസ് റൗഫ്. ഞായറാഴ്ച നടക്കാനിരിക്കുന്ന ഇന്ത്യ-പാകിസ്താന്‍ ബ്ലോക്ക് ബസ്റ്റര്‍ പോരാട്ടത്തിന് മുന്നോടിയായാണ് പാക് താരത്തിന്റെ പ്രതികരണം. ഫെബ്രുവരി 23 ഞായറാഴ്ചയാണ് ആരാധകര്‍ ഏറെ കാത്തിരിക്കുന്ന ഇന്ത്യ-പാകിസ്താന്‍ മത്സരം. ദുബായ് രാജ്യാന്തര സ്റ്റേഡിയത്തില്‍ ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് 2.30നാണ് പോരാട്ടം ആരംഭിക്കുന്നത്.

ഇന്ത്യയ്‌ക്കെതിരായ മത്സരം ആവേശകരമായിരിക്കുമെന്നും ദുബായിയില്‍ വിജയം പാകിസ്താനൊപ്പമായിരിക്കുമെന്നും റൗഫ് ആത്മവിശ്വാസം പ്രകടിപ്പിച്ചു. 'സംശയിക്കേണ്ട, ദുബായിയിലെ സാഹചര്യം ഞങ്ങളുടെ ആത്മവിശ്വാസം ഉയര്‍ത്തും. തുടര്‍ച്ചയായി രണ്ട് തവണ ഞങ്ങള്‍ ഇന്ത്യയെ ഞങ്ങള്‍ ഇവിടെ തോല്‍പ്പിച്ചിട്ടുണ്ട്. ആ ചരിത്രം ആവര്‍ത്തിക്കാന്‍ ഞങ്ങള്‍ ശ്രമിക്കും. തീര്‍ച്ചയായും ഇത് മികച്ച മത്സരം തന്നെയായിരിക്കും', റൗഫ് പറഞ്ഞു.

ദുബായ് പിച്ച് പാകിസ്താന് അനുകൂലമാണെന്നും റൗഫ് ചൂണ്ടിക്കാട്ടി. 'മികച്ച റെക്കോര്‍ഡുള്ള മൈതാനമാണിത്. എന്നാല്‍ പിച്ചിന്റെ സാഹചര്യം എങ്ങനെയാണെന്ന് മനസ്സിലാക്കേണ്ടതുണ്ട്. സ്പിന്‍ പിച്ച് ആകാനാണ് സാധ്യത കൂടുതല്‍. ഇതിനെ പരമാവധി മുതലാക്കാന്‍ ഞങ്ങള്‍ ശ്രമിക്കുന്നതാണ്. പാക് ക്യാംപില്‍ എല്ലാവരും ആത്മവിശ്വാസത്തിലാണ്. മികച്ച പ്രകടനം പുറത്തെടുക്കാന്‍ സാധിക്കും. ഞങ്ങള്‍ക്കുമേല്‍ അമിത സമ്മര്‍ദ്ദവുമില്ല. എല്ലാ മത്സരങ്ങളെയും പോലെയാണ് ഇതിനെയും കാണുന്നത്', റൗഫ് കൂട്ടിച്ചേര്‍ത്തു.

2021 ലെ ട്വന്റി 20 ലോകകപ്പ് ഗ്രൂപ്പ് ഘട്ടത്തില്‍ പാക്കിസ്ഥാന്‍ ഇന്ത്യയെ 10 വിക്കറ്റിനു തോല്‍പ്പിച്ചത് ദുബായില്‍ വെച്ചാണ്. അന്ന് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 151 റണ്‍സ് നേടിയപ്പോള്‍ മറുപടി ബാറ്റിങ്ങില്‍ പാക്കിസ്ഥാന്‍ 17.5 ഓവറില്‍ വിക്കറ്റ് നഷ്ടമില്ലാതെ ലക്ഷ്യം കണ്ടു. പിന്നീട് 2022 ഏഷ്യ കപ്പില്‍ സൂപ്പര്‍ ഫോര്‍ പോരാട്ടത്തില്‍ അഞ്ച് വിക്കറ്റിന് പാകിസ്താന്‍ ഇന്ത്യയെ കീഴടക്കുകയും ചെയ്തിരുന്നു.

Content Highlights: 'We've Beaten India Here In Back-To-Back Years': Haris Rauf's Brutal Reminder Ahead Of IND vs PAK Blockbuster

dot image
To advertise here,contact us
dot image