
രഞ്ജി ട്രോഫി ക്രിക്കറ്റ് ടൂർണമെന്റിൽ കേരളം ചരിത്രമെഴുതിയിരിക്കുകയാണ്. 74 വർഷത്തെയും 325 മത്സരങ്ങളുടെയും കാത്തിരിപ്പിനൊടുവിൽ കേരളം രഞ്ജി ട്രോഫിയുടെ ഫൈനലിൽ കടന്നു. ഗുജറാത്തിന് അവരുടെ ഹോംഗ്രൗണ്ടായ അഹമ്മദാബാദ് നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ പരാജയപ്പെടുത്തിയാണ് കേരളത്തിന്റെ ഫൈനൽ പ്രവേശനം.
രഞ്ജി ക്രിക്കറ്റ് ചരിത്രത്തിലെ തന്നെ ഏറ്റവും ആവേശകരമായ മത്സരത്തിനാണ് അഹമ്മദാബാദ് നരേന്ദ്ര മോദി സ്റ്റേഡിയം സാക്ഷ്യം വഹിച്ചത്. മത്സരത്തിൽ ടോസ് നേടിയ കേരളം ബാറ്റിങ് തിരഞ്ഞെടുത്തു. ആദ്യ ഇന്നിങ്സിൽ കേരളം 457 റൺസ് നേടി. പക്ഷേ കേരളത്തിന്റെ പ്രതിരോധത്തിന് അതിവേഗത്തിൽ ഗുജറാത്ത് മറുപടി നൽകി. മൂന്നാം ദിവസം അവസാനിക്കുമ്പോൾ ഒരു വിക്കറ്റ് മാത്രം നഷ്ടത്തിൽ 222 എന്ന സ്കോറിലേക്കെത്താൻ ഗുജറാത്തിന് സാധിച്ചു. നാലാം ദിവസം മുതൽ കളി മാറി. ജലജ് സക്സേന, ആദിത്യ സർവാതെ എന്നീ അതിഥി താരങ്ങൾ മിന്നും പ്രകടനം നടത്തിയപ്പോൾ രണ്ട് റൺസിന്റെ ഒന്നാം ഇന്നിങ്‌സ് ലീഡിൽ കേരളം ഫൈനലിലേക്ക് കുതിച്ചു.
ശക്തരായ ഗുജറാത്തിനെതിരെ മികച്ച ലക്ഷ്യം കെട്ടിപ്പെടുത്തതാണ് കേരളത്തിന് രക്ഷയായത്. മുഹമ്മദ് അസ്ഹറുദ്ദീൻ പുറത്താകാതെ നേടിയ 177 റൺസിന്റെ ബലത്തിലായിരുന്നു അത്. 341 പന്തിൽ 20 ഫോറുകളും ഒരു സിക്‌സറും അടക്കമായിരുന്നു അസ്ഹറിന്റെ ഇന്നിങ്‌സ്. 26 ന് നാഗ്പൂരിൽ വിദർഭയെ നേരിടുമ്പോഴും കേരളത്തിന്റെ പ്രതീക്ഷ ഈ ബാറ്ററുടെ കൂടി മികവിലായിരിക്കും. കാസര്‍കോട് തളങ്കരയിലെ കടവത്ത് ഗ്രാമത്തിലാണ് അസ്ഹറുദ്ധീൻ ജനിക്കുന്നത്. ഇന്ത്യയുടെ മുന്‍നായകന്‍ മുഹമ്മദ് അസ്ഹറുദ്ദീനോടുള്ള ഇഷ്ടംകാരണമാണ് താരത്തിന് ആ പേരുകിട്ടിയത്.
തളങ്കരയിൽ ബി കെ മൊയ്തുവിന്റെയും നഫീസയുടെയും എട്ടുമക്കളില്‍ ഇളയവനായി ജനിച്ച അസ്ഹറുദ്ദീനെ അജ്മല്‍ എന്നായിരുന്നു ആദ്യം വിളിച്ചിരുന്ന പേര്. എന്നാൽ വീട്ടിലെ കടുത്ത അസ്ഹറുദ്ദീന്‍ ആരാധകനായിരുന്ന മൂത്തജ്യേഷ്ഠന്‍ കമറുദ്ദീനാണ് ഉപ്പയോട് ഇളയ അനിയന്റെ അജ്മല്‍ എന്ന പേരുമാറ്റി അസ്ഹറുദ്ദീന്‍ എന്നാക്കാന്‍ പറയുന്നത്. അന്ന് ഗൾഫിലായിരുന്ന കമറുദ്ദീന് അസ്ഹറുദ്ധീൻറെ കളി തത്സമയം കണ്ടപ്പോഴായിരുന്നു അങ്ങനെയൊരു മോഹമുദിച്ചത്. ക്രിക്കറ്റ് പ്രാന്തായുള്ള വീട്ടുകാർ അത് സമ്മതിക്കുകയും ചെയ്തു. അസ്ഹർ സെഞ്ച്വറി നേടുകയും കേരളം ഫൈനലിലേക്ക് മാർച്ച് ചെയ്യുകയും ചെയ്തതിന് പിന്നാലെ തളങ്കരക്കാർ നടത്തിയ ആഘോഷത്തിനിടെ ഈ പേരിന് പിന്നിലെ കൗതുകം ഇവർ റിപ്പോർട്ടറിനോട് പങ്കുവെക്കുകയും ചെയ്തു.
Content Highlights: ranji trophy kerala hero Mohammed Azharuddeen Indian cricketer