
ഐസിസി ചാംപ്യൻസ് ട്രോഫി ഏകദിന ക്രിക്കറ്റ് ടൂർണമെന്റിൽ ഇന്ത്യൻ ടീമിൽ ഇടം ലഭിക്കാത്തതിൽ നിരാശയുണ്ടെന്ന് മലയാളി താരം സഞ്ജു സാംസൺ. എന്നാൽ നാളെ നടക്കാനിരിക്കുന്ന ഇന്ത്യയും പാകിസ്താനും തമ്മിലുള്ള മത്സരം കാണാൻ താൻ ഏറെ കൗതുകത്തോടെയാണ് കാത്തിരിക്കുന്നതെന്ന് സഞ്ജു പറഞ്ഞു. പാകിസ്താൻ ടീം ശക്തമാണ്. എങ്കിലും പാകിസ്താനെതിരെ ഇന്ത്യ വിജയിക്കുമെന്നും സഞ്ജു സാംസൺ പ്രതികരിച്ചു.
കേരള ക്രിക്കറ്റ് അസോസിയേഷനുമായി പ്രശ്നങ്ങളൊന്നുമില്ലെന്നും മലയാളി താരം പറഞ്ഞു. ഇപ്പോൾ താൻ വിശ്രമത്തിലാണ്. കെ സി എ അച്ചടക്ക നടപടികൾ എടുത്തിട്ടില്ല. രഞ്ജി ട്രോഫി ടീമിൽ കളിക്കാനാകാത്തതിൽ വിഷമമുണ്ട്. കരിയറിൽ ഉയർച്ച താഴ്ചകൾ ഉണ്ടാകും. കെ സി എയുടെ പിന്തുണ തനിക്കുണ്ട്. സമ്മർദ്ദ ഘട്ടങ്ങളിലും കേരളം നന്നായി കളിക്കുന്നുണ്ട്. രഞ്ജി ട്രോഫിയുടെ ഫൈനൽ കാണാൻ ഗ്രൗണ്ടിൽ ഉണ്ടാകുമെന്നും സഞ്ജു വ്യക്തമാക്കി.
വിജയ് ഹസാരെ ഏകദിന ക്രിക്കറ്റ് ടൂർണമെന്റിനുള്ള കേരള ടീമിൽ സഞ്ജുവിനെ ഉൾപ്പെടുത്താത്തതിന് പിന്നാലെ നിരവധി വിമർശനങ്ങൾ ഉയർന്നിരുന്നു. കെ സി എയുടെ ഈഗോ കാരണമാണ് സഞ്ജു കേരള ടീമിൽ ഉൾപ്പെടാതിരുന്നതെന്ന് തിരുവനന്തപുരം എം പി ശശി തരൂർ ആരോപിച്ചു. എന്നാൽ താരങ്ങൾക്കായി ക്രമീകരിച്ച ക്യാംപിൽ കാരണം വ്യക്തമാക്കാതെ സഞ്ജു പങ്കെടുത്തില്ലെന്ന് കെ സി എ വിശദീകരിച്ചു. ഇന്ത്യൻ മുൻ താരം ശ്രീശാന്ത് അടക്കമുള്ളവർ സഞ്ജുവിനെ പിന്തുണച്ച് രംഗത്തെത്തി. കേരള ക്രിക്കറ്റിന്റെ ആഭ്യന്തര കാര്യങ്ങളിൽ ശ്രീശാന്ത് ഇടപെടേണ്ടതില്ലെന്നായിരുന്നു കെ സി എ മറുപടി നൽകിയത്. ശ്രീശാന്തും കെ സി എയും തമ്മിലുള്ള പ്രശ്നം എന്തെന്ന് ശ്രദ്ധിച്ചിട്ടില്ലെന്നായിരുന്നു സഞ്ജു പ്രതികരിച്ചത്.
Content Highlights: Sanju Samson reveals his disappointment on Champions Trophy exclusion