
ഐസിസി ചാംപ്യൻസ് ട്രോഫി ഏകദിന ക്രിക്കറ്റ് ടൂർണമെന്റിൽ ഇന്ത്യയും പാകിസ്താനും ഏറ്റുമുട്ടാനൊരുങ്ങുകയാണ്. എന്നാൽ പാകിസ്താൻ നിരയിൽ സൂപ്പർതാരം ബാബർ അസം കളിച്ചേക്കില്ലെന്നാണ് റിപ്പോർട്ടുകൾ. ഇന്ത്യയ്ക്കെതിരായ മത്സരത്തിന് മുമ്പുള്ള പരിശീലന സെഷനിൽ ബാബർ പങ്കെടുത്തില്ലെന്നതാണ് പാകിസ്താൻ ആരാധകർക്ക് ആശങ്ക സൃഷ്ടിച്ചിരിക്കുന്നത്. പാകിസ്താൻ ക്രിക്കറ്റ് ബോർഡ് ചെയർമാൻ മൊഹ്‌സിൻ നഖ്‌വിയുടെ സാന്നിധ്യത്തിൽ നടന്ന പരിശീലന ക്യാംപിൽ പങ്കെടുക്കാതിരുന്ന ഏക താരവും ബാബർ ആണ്.
കഴിഞ്ഞ മത്സരത്തിൽ ന്യൂസിലാൻഡിനെതിരെ 90 പന്തിൽ 64 റൺസ് നേടി ബാബർ തിളങ്ങിയിരുന്നു. എന്നാൽ താരത്തിന്റെ മെല്ലെപ്പോക്കിനെതിരെ കടുത്ത വിമർശനങ്ങളാണ് ഉയർന്നത്. മത്സരത്തിൽ പാകിസ്താൻ 60 റൺസിന് ന്യൂസിലാൻഡിനോട് പരാജയപ്പെടുകയും ചെയ്തിരുന്നു. ഇതോടെ ടൂർണമെന്റിൽ നിലനിൽപ്പിന് ഇന്ത്യയ്ക്കെതിരായ മത്സരം പാകിസ്താന് വിജയിക്കേണ്ടതുണ്ട്.
ഐസിസി ചാംപ്യൻസ് ട്രോഫിയിൽ ഇത് ആറാം തവണയാണ് ഇന്ത്യയും പാകിസ്താനും ഏറ്റുമുട്ടാനൊരുങ്ങുന്നത്. മുമ്പ് അഞ്ച് തവണ ഏറ്റുമുട്ടിയതിൽ മൂന്നിലും വിജയം പാകിസ്താനായിരുന്നു. 2017ലെ ചാംപ്യൻസ് ട്രോഫിയുടെ ഫൈനലിൽ ഇന്ത്യയെ തോൽപ്പിച്ചാണ് പാകിസ്താൻ ജേതാക്കളായത്. എന്നാൽ ഇതിന് ശേഷം ഏഴ് തവണയാണ് ഇന്ത്യയും പാകിസ്താനും തമ്മിൽ മത്സരം ഉണ്ടായത്. അഞ്ചിൽ ഇന്ത്യയ്ക്കും ഒന്നിൽ പാകിസ്താനും വിജയിച്ചു. ഒരു മത്സരത്തിൽ ഫലമുണ്ടായില്ല.
Content Highlights: Babar Azam to MISS clash against India in Champions Trophy?