ചേസ് മാസ്റ്റർ റീലോഡഡ്, കോഹ്‌ലിയുടെ സെഞ്ച്വറിക്കരുത്തിൽ ഇന്ത്യ, പാകിസ്താനെ തകർത്ത് സെമിയിലേയ്ക്ക്

വിരാട് കോഹ്ലിയുടെ (100*) സെഞ്ച്വറിയാണ് ഇന്ത്യയ്ക്ക് അനായാസ വിജയം സമ്മാനിച്ചത്

dot image

ചാംപ്യൻസ് ട്രോഫി ക്രിക്കറ്റില്‍ പാകിസ്താനെ തകര്‍ത്ത് സെമി ഫൈനലിലേയ്ക്ക് മുന്നേറി ഇന്ത്യ. ആറ് വിക്കറ്റിനാണ് പാകിസ്താനെ ഇന്ത്യ പരാജയപ്പെടുത്തിയത്. സ്റ്റാർ ബാറ്റർ വിരാട് കോഹ്ലിയുടെ (100*) സെഞ്ച്വറിയാണ് ഇന്ത്യയ്ക്ക് അനായാസ വിജയം സമ്മാനിച്ചത്. പാകിസ്താന്‍ ഉയര്‍ത്തിയ 242 റണ്‍സ് വിജയലക്ഷ്യം ഇന്ത്യ മൂന്ന് വിക്കറ്റ് മാത്രം നഷ്ടത്തില്‍ 43 ഓവറില്‍ മറികടന്നു.

കരിയറിലെ 51-ാം ഏകദിന സെഞ്ച്വറി നേടിയ വിരാട് കോഹ്ലി പുറത്താകാതെ 100 റണ്‍സ് അടിച്ചെടുത്താണ് ഇന്ത്യയെ വിജയത്തിലെത്തിച്ചത്. 56 റണ്‍സടിച്ച ശ്രേയസ് അയ്യരും 46 റണ്‍സടിച്ച ശുഭ്മാന്‍ ഗില്ലും ഇന്ത്യയ്ക്ക് വേണ്ടി തിളങ്ങി. ക്യാപ്റ്റന്‍ രോഹിത് ശര്‍മ 20 റണ്‍സെടുത്ത് പുറത്തായപ്പോള്‍ ഹാര്‍ദ്ദിക് പാണ്ഡ്യ എട്ട് റണ്‍സെടുത്ത് മടങ്ങി. മൂന്ന് റണ്‍സുമായി അക്സര്‍ പട്ടേല്‍ കോഹ്ലിക്കൊപ്പം വിജയത്തില്‍ കൂട്ടായി.

ദുബായ് രാജ്യാന്തര സ്റ്റേഡിയത്തിൽ ടോസ് നേടി ആദ്യം ബാറ്റിങ്ങിനിറങ്ങിയ പാകിസ്താന്‍ 49.4 ഓവറില്‍ 241 റണ്‍സിന് ഓള്‍ ഔട്ടാവുകയായിരുന്നു. 76 പന്തില്‍ 62 റണ്‍സെടുത്ത സൗദ് ഷക്കീലാണ് പാകിസ്താന്റെ ടോപ് സ്കോറർ. ഇന്ത്യയ്ക്ക് വേണ്ടി കുല്‍ദീപ് യാദവ് മൂന്നും ഹാര്‍ദിക് പാണ്ഡ്യ രണ്ടും വീതം വിക്കറ്റുകള്‍ വീഴ്ത്തി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്ക് മികച്ച തുടക്കം സമ്മാനിച്ച ക്യാപ്റ്റന്‍ രോഹിത് ശര്‍മയെയാണ് ആദ്യം നഷ്ടമായത്. 15 പന്തില്‍ നിന്ന് ഒരു സിക്‌സും മൂന്ന് ഫോറുമടക്കം 20 റണ്‍സെടുത്ത് ക്യാപ്റ്റനെ ഷഹീന്‍ അഫ്രീദിയാണ് പുറത്താക്കിയത്. എന്നാല്‍ രണ്ടാം വിക്കറ്റില്‍ ഒന്നിച്ച ശുഭ്മൻ ഗില്‍- വിരാട് കോഹ്ലി സഖ്യം 69 റണ്‍സ് കൂട്ടിച്ചേര്‍ത്ത് ഇന്ത്യയെ മുന്നോട്ടുനയിച്ചു. പിന്നാലെ ഗില്ലിനെ പുറത്താക്കി അബ്രാര്‍ അഹമ്മദ് ഈ കൂട്ടുകെട്ട് പൊളിച്ചു. 52 പന്തില്‍ നിന്ന് ഏഴ് ബൗണ്ടറി സഹിതം 46 റണ്‍സെടുത്താണ് ഗില്‍ പുറത്തായത്.

ഗില്‍ പുറത്തായ ശേഷം മൂന്നാം വിക്കറ്റില്‍ ശ്രേയസ് അയ്യര്‍ക്കൊപ്പം കോഹ്ലി 114 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി ഇന്ത്യയ്ക്ക് വിജയം എളുപ്പമാക്കി. 67 പന്തില്‍ നിന്ന് ഒരു സിക്‌സും അഞ്ചു ഫോറുമടക്കം 56 റണ്‍സെടുത്ത ശ്രേയസിനെ 39-ാം ഓവറില്‍ ഖുഷ്ദില്‍ ഷായുടെ പന്തില്‍ ഇമാം ഉള്‍ ഹഖ് ക്യാച്ചെടുത്ത് പുറത്താക്കുകയായിരുന്നു. പിന്നാലെയെത്തിയ ഹാർദിക് പാണ്ഡ്യയും (8) പുറത്തായി.

ഇതിനിടെ 43-ാം ഓവറിൽ ബൗണ്ടറിയടിച്ച് വിരാട് കോഹ്‌ലി സെഞ്ച്വറി തികച്ചു. ഒപ്പം ഇന്ത്യയുടെ തകര്‍പ്പന്‍ ജയവും ഉറപ്പിച്ചു. 111 പന്തുകള്‍ നേരിട്ട് 7 ഫോറുകള്‍ സഹിതം കോഹ്‌ലി 100 റണ്‍സുമായി പുറത്താകാതെ നിന്നു. ഒപ്പം മൂന്ന് റണ്‍സുമായി അക്സര്‍ പട്ടേലും.

Content highlights: India vs Pakistan, Champions Trophy 2025: Virat Kohli scores century as IND beat PAK by 6 wickets

dot image
To advertise here,contact us
dot image