
വനിത പ്രീമിയർ ലീഗ് ക്രിക്കറ്റിൽ തകർപ്പൻ വിജയവുമായി യു പി വാരിയേഴ്സ്. ഡൽഹി ക്യാപിറ്റൽസിനെ 33 റൺസിന് പരാജയപ്പെടുത്തിയാണ് യു പി വിജയം നേടിയത്. വാരിയേഴ്സിനായി ഗ്രേസ് ഹാരിസ് ഹാട്രിക് നേടി. വനിത പ്രീമിയർ ലീഗ് ചരിത്രത്തിലെ മൂന്നാമത്തെ ഹാട്രിക്കാണിത്. മുമ്പ് 2023ൽ വനിത പ്രീമിയർ ലീഗിന്റെ പ്രഥമ പതിപ്പിൽ മുംബൈ ഇന്ത്യൻസിനായി ഇസി വോങ്, 2024ൽ യു പി വാരിയേഴ്സിനായി ദീപ്തി ശർമ എന്നിവരും ഹാട്രിക് നേടിയിരുന്നു.
മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത യു പി വാരിയേഴ്സ് നിശ്ചിത 20 ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 177 റൺസെടുത്തു. ചിനല്ലേ ഹെൻറി 23 പന്തിൽ 62 റൺസ് നേടി. രണ്ട് ഫോറും എട്ട് സിക്സർ ഉൾപ്പെട്ടതായിരുന്നു ഹെൻറിയുടെ ഇന്നിംഗ്സ്. അർധ സെഞ്ച്വറിയിലെത്താൻ 18 പന്തുകൾ മാത്രമാണ് ഈ വിൻഡീസ് താരത്തിന് വേണ്ടി വന്നത്. വനിത പ്രീമിയർ ലീഗ് ചരിത്രത്തിലെ അതിവേഗ അർധ സെഞ്ച്വറിയിൽ സോഫിയ ഡങ്ക്ലിക്ക് ഒപ്പമെത്താനും ചിനല്ലേ ഹെൻറിക്ക് സാധിച്ചു. ഡൽഹി ക്യാപിറ്റൽസിനായി ജെസ് ജോൺസൺ നാല് വിക്കറ്റുകൾ വീഴ്ത്തി.
മറുപടി ബാറ്റിങ്ങിൽ ഡൽഹി ക്യാപിറ്റൽസിനായി ജമീമ റോഡ്രിഗസ് 35 പന്തിൽ 56 റൺസും ഷഫാലി വർമ 30 പന്തിൽ 24 റൺസും നേടി. മത്സരത്തിന്റെ അവസാന ഓവറിലാണ് ഗ്രേസ് ഹാരിസിന്റെ ഹാട്രിക് പിറന്നത്. ഓവറിലെ ആദ്യ പന്തിൽ നിക്കി പ്രസാദിനെ വീഴ്ത്തി ഹാരിസ് ഹാട്രിക് വേട്ടയ്ക്ക് തുടക്കമിട്ടു. 10 പന്തിൽ 18 റൺസായിരുന്നു നിക്കിയുടെ സമ്പാദ്യം. തൊട്ടടുത്ത പന്തിൽ അരുന്ധതി റെഡ്ഡിയെ റൺസെടുക്കും മുമ്പെ മടക്കി. മൂന്നാം പന്തിൽ മലയാളി താരം മിന്നു മണിയെ തകർപ്പൻ ഒരു റിട്ടേൺ ക്യാച്ചിലൂടെ പുറത്താക്കി ഗ്രേസ് ഹാരിസ് തന്റെ ഹാട്രിക് പൂർത്തിയാക്കി.
Content Highlights: Grace Harris's hattrick, Chinelle Henry's fastest fifty helped UPW stun DC