ഐസിസി ഇവന്റുകളിൽ ഇന്ത്യ-പാക് പോരാട്ടം 17 തവണ; 13ലും വിജയം ഇന്ത്യക്കൊപ്പം

വീണ്ടുമൊരിക്കൽ കൂടി ഇന്ത്യ-പാക് പോരാട്ടത്തിന് വേദിയൊരുങ്ങുകയാണ്. വിജയത്തോടെ ചാംപ്യൻസ് ട്രോഫി സെമിയിലേക്ക് എത്താനാണ് ഇന്ത്യൻ ശ്രമം

dot image

ഐസിസി ചാംപ്യൻസ് ട്രോഫി ഏകദിന ക്രിക്കറ്റ് ടൂർണമെന്റിൽ ഇന്ത്യയും പാകിസ്താനും ഏറ്റുമുട്ടാനൊരുങ്ങുകയാണ്. ക്രിക്കറ്റ് ലോകത്തെ ​ഗ്ലാമർ പോരാട്ടങ്ങളിലൊന്നിനാണ് ദുബായി അന്താരാഷ്ട്ര സ്റ്റേഡിയം വേദിയാകുന്നത്. മുമ്പ് 17 തവണ ഇന്ത്യയും പാകിസ്താനും ഐസിസി വേദികളിൽ ഏറ്റുമുട്ടി. ഇതിൽ 13ലും ഇന്ത്യയ്ക്കായിരുന്നു വിജയം.

1992ലെ ഏകദിന ലോകകപ്പിലാണ് ഇന്ത്യയും പാകിസ്താനും തമ്മിൽ ആദ്യമായി ഒരു ഐസിസി വേദിയിൽ ഏറ്റുമുട്ടിയത്. പാകിസ്താൻ ആയിരുന്നു ലോകകപ്പിലെ വിജയികൾ. എന്നാൽ മുഹമ്മദ് അഹ്സറുദ്ദീൻ നയിച്ച ഇന്ത്യൻ ടീമിനെ തോൽപ്പിക്കാൻ ഇമ്രാൻ ഖാന്റെ പാകിസ്താന് കഴിഞ്ഞില്ല. 1996ലും 1999ലും ഇന്ത്യ വിജയം ആവർത്തിച്ചു.

2003ൽ സച്ചിൻ തെണ്ടുൽക്കറിന്റെ ഐതിഹാസിക ഇന്നിം​ഗ്സ് പിറന്ന മത്സരത്തിൽ പാകിസ്താൻ ഉയർത്തിയ 274 റൺസ് വിജയലക്ഷ്യം ഇന്ത്യ 45.3 ഓവറിൽ മറികടന്നു. ആ ലോകകപ്പിൽ ഫൈനൽ വരെയെത്താനും ഇന്ത്യയ്ക്ക് സാധിച്ചിരുന്നു. 2011ലെ ലോകകപ്പിൽ ഇന്ത്യൻ വിജയം 29 റൺസിനായിരുന്നു. സെമി ഫൈനലിലായിരുന്നു ഇന്ത്യ-പാകിസ്താൻ പോരാട്ടം. 85 റൺസെടുത്ത സച്ചിൻ തെണ്ടുൽക്കറായിരുന്നു ഈ മത്സരത്തിലും താരം. പിന്നാലെ ഫൈനലും വിജയിച്ച് ഇന്ത്യ ലോകകപ്പുയർത്തി. ഐസിസി ടൂർണമെന്റിൽ ഇന്ത്യ-പാകിസ്താൻ പോരാട്ടം സ്ഥിരമായി ഉൾപ്പെടുത്താൻ തുടങ്ങിയത് 2011ലെ ലോകകപ്പിന് പിന്നാലെയാണ്.

2015ൽ ഇന്ത്യ 76 റൺസിനും 2019ൽ 89 റൺസിനും ഇന്ത്യ വിജയം ആഘോഷിച്ചു. 2023ലെ ഏകദിന ലോകകപ്പിൽ ഇന്ത്യൻ വിജയം ഏഴ് വിക്കറ്റിനായിരുന്നു. ഐസിസി ഏകദിന ലോകകപ്പിൽ എട്ട് തവണ നേർക്കുനേർ വന്നതിൽ ഒരു തവണ പോലും പാകിസ്താന് ഇന്ത്യയെ തോൽപ്പിക്കാൻ കഴിഞ്ഞിട്ടില്ല.

ട്വന്റി 20 ലോകകപ്പിലും ഇന്ത്യയും പാകിസ്താനും എട്ട് തവണ നേർക്കുനേർ വന്നു. ഏഴിലും ഇന്ത്യയ്ക്കായിരുന്നു വിജയം. 2021ൽ ഒരിക്കൽ മാത്രമാണ് പാകിസ്താന് ഇന്ത്യയെ തോൽപ്പിക്കാൻ കഴിഞ്ഞത്. ചാംപ്യൻസ് ട്രോഫിയിൽ മാത്രം ഇന്ത്യയ്ക്കുമേൽ ഒരൽപ്പം മേധാവിത്തം പാകിസ്താനുണ്ട്. അഞ്ച് തവണ ഏറ്റുമുട്ടിയതിൽ മൂന്നിലും വിജയം പാകിസ്താനായിരുന്നു. 2004ലും 2009ലും പാകിസ്താൻ ഇന്ത്യയെ ചാംപ്യൻസ് ട്രോഫിയിൽ പരാജയപ്പെടുത്തി. എന്നാൽ 2013ലും 2017ലും ഇന്ത്യ തിരിച്ചടിച്ചു. പക്ഷേ 2017ലെ ചാംപ്യൻസ് ട്രോഫിയുടെ ഫൈനലിൽ ഇന്ത്യയെ പരാജയപ്പെടുത്തി പാകിസ്താൻ ജേതാക്കളായി. വീണ്ടുമൊരിക്കൽ കൂടി ഇന്ത്യ-പാക് പോരാട്ടത്തിന് വേദിയൊരുങ്ങുകയാണ്. വിജയത്തോടെ ചാംപ്യൻസ് ട്രോഫി സെമിയിലേക്ക് എത്താനാണ് ഇന്ത്യൻ ശ്രമം.

Content Highlights: India's Record In ICC Events Against Pakistan

dot image
To advertise here,contact us
dot image