പാരമ്പര്യമായി ഓടാന്‍ അറിയാത്തവരാണെന്ന് തോന്നുന്നു!; ഇമാമിന്റെ റണ്ണൗട്ടിന് പിന്നാലെ ഗവാസ്‌കറും രവി ശാസ്ത്രിയും

അക്‌സര്‍ പട്ടേലിന്റെ ബുള്ളറ്റ് ത്രോ സ്റ്റംപ് ഇളക്കിയതോടെയാണ് ഇമാം ഉല്‍ ഹഖ് ഡ്രസ്സിങ് റൂമിലേക്ക് മടങ്ങിയത്

dot image

ഇന്ത്യയ്‌ക്കെതിരായ ചാംപ്യന്‍സ് ട്രോഫി മത്സരത്തില്‍ പാക് ഓപണര്‍ ഇമാം ഉല്‍ ഹഖ് റണ്ണൗട്ടായതിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ ട്രോള്‍ പൂരം. ഓപണര്‍ ബാബര്‍ അസമിന് (23) പിന്നാലെ ഇന്ത്യയ്ക്ക് രണ്ടാം വിക്കറ്റ് സമ്മാനിച്ചാണ് ഇമാം പുറത്തായത്. 26 പന്തില്‍ നിന്ന് പത്ത് റണ്‍സെടുത്ത ഇമാമിനെ അക്‌സര്‍ പട്ടേലാണ് റണ്ണൗട്ടാക്കിയത്.

പത്താം ഓവറിലെ രണ്ടാം പന്തിലായിരുന്നു ഇമാം പുറത്തായത്. അക്‌സര്‍ പട്ടേലിന്റെ ബുള്ളറ്റ് ത്രോ സ്റ്റംപ് ഇളക്കിയതോടെയാണ് ഇമാം ഉല്‍ ഹഖ് ഡ്രസ്സിങ് റൂമിലേക്ക് മടങ്ങിയത്. കുല്‍ദീപിന്റെ പന്തില്‍ ഇമാം റിസ്‌കി സിംഗിളിന് ശ്രമിക്കുകയായിരുന്നു. മിഡ് ഓണിലേക്ക് ഡ്രൈവ് കളിച്ചാണ് ഇമാം സിംഗിളിനായി ഓടിയത്. എന്നാല്‍ പന്ത് അതിവേഗം കൈക്കലാക്കിയ അക്‌സര്‍ ബൗളിങ് എന്‍ഡിലെ സ്റ്റംപ് ഡയറക്ട് ഹിറ്റോടെ ഇളക്കി.

ക്രീസ് ലൈന്‍ കടക്കാന്‍ ഇമാം ഡൈവ് ചെയ്‌തെങ്കിലും ഫലമുണ്ടായില്ല. ഇന്ത്യന്‍ ആരാധകരെ ത്രില്ലടിപ്പിച്ചായിരുന്നു ഈ ഡയറക്റ്റ് ഹിറ്റ്. ഇമാം ഉള്‍ ഹഖ് റണ്‍ഔട്ട് ആയതിന് പിന്നാലെ താരത്തിന്റെ ബന്ധുവും മുന്‍ പാകിസ്താന്‍ ക്യാപ്റ്റനുമായ ഇന്‍സമാം ഉള്‍ ഹഖിന്റെ റണ്‍ഔട്ടുകള്‍ ഓര്‍മ്മിച്ചാണ് ഇന്ത്യന്‍ ആരാധകര്‍ ട്രോളുകളുമായി നിറയുന്നത്.

കമന്ററി ബോക്‌സിലുണ്ടായിരുന്ന ഇന്ത്യന്‍ മുന്‍ താരങ്ങളായ സുനില്‍ ഗാവസ്‌കറുടെയും രവി ശാസ്ത്രിയുടെയും പരാമര്‍ശങ്ങളും ഇപ്പോള്‍ വൈറലാവുകയാണ്. ഇമാം ഉല്‍ ഹഖ് റണ്ണൗട്ടായി. ഇന്‍സമാം ഉള്‍ ഹഖ് എപ്പോഴും റണ്ണൗട്ടാകാറുണ്ടായിരുന്നു. ഇത് ഇവരുടെ കുടുംബത്തിന്റെ പ്രശ്‌നമാണോ എന്നായിരുന്നു ചിരിയോടെ രവി ശാസ്ത്രി ചോദിച്ചത്.

മുന്‍ പാക് താരം വസീം അക്രത്തിനൊപ്പം കമന്ററി പറയുകയായിരുന്ന ഗവാസ്‌കര്‍ ഇതിന് രസകരമായ മറുപടി പറയുകയും ചെയ്തു. 'ആ കുടുംബത്തില്‍ ഒന്നും ഓടാറില്ല, കാരണം അവര്‍ക്ക് ആര്‍ക്കും ഓടാന്‍ അറിയില്ല', എന്നാണ് ശാസ്ത്രി പറഞ്ഞത്. ഇതിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ ഒരുപാട് പരിഹസിച്ചു കൊണ്ട് രംഗത്ത് വന്നിരിക്കുയാണ്.

പാക് ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച ബാറ്റര്‍മാരില്‍ ഒരാളായ ഇന്‍സമാം ഉള്‍ ഹഖിന്റെ അനന്തരവനാണ് ഇമാം. നേരത്തെ തന്റെ കരിയറില്‍ റണ്ണൗട്ടുകളിലൂടെ കുപ്രസിദ്ധി നേടിയ താരങ്ങളില്‍ ഒരാളായിരുന്നു ഇന്‍സി. 2005ല്‍ ഇന്ത്യക്കെതിരെ ഇന്‍സമാം റണ്‍ഔട്ട് ആയിരുന്നു. കൂടാതെ 2006ലെ ഏകദിനത്തില്‍ ഫീല്‍ഡിങ് തടസപ്പെടുത്തി എന്ന പേരിലും ഇന്‍സമാമിന് വിക്കറ്റ് നഷ്ടമായിരുന്നു.

Content highlights: Sunil Gavaskar, Ravi Shastri poke funs at Imam Ul Haq's run-out by mentioning Inzamam Ul Haq

dot image
To advertise here,contact us
dot image