
പ്രായം 43ലെത്തിയെങ്കിലും ഇന്ത്യൻ ക്രിക്കറ്റ് മുൻ താരം യുവരാജ് സിങ്ങിന്റെ ഫീൽഡിങ് മികവിന് മാറ്റമില്ല. അന്താരാഷ്ട്ര മാസ്റ്റേഴ്സ് ലീഗ് ക്രിക്കറ്റിൽ ശ്രീലങ്ക മാസ്റ്റേഴ്സ് താരം ലഹിരു തിരുമാനെയെ ബൗണ്ടറിയിൽ പറന്നുപിടിച്ചാണ് യുവരാജ് തന്റെ പ്രതിഭയ്ക്ക് മാറ്റമില്ലെന്ന് തെളിയിച്ചത്. ടൂർണമെന്റിൽ ഇന്ത്യ മാസ്റ്റേഴ്സും ശ്രീലങ്ക മാസ്റ്റേഴ്സും തമ്മിലായിരുന്നു പ്രഥമ മത്സരം.
ശ്രീലങ്കൻ ബാറ്റിങ്ങിന്റെ എട്ടാം ഓവറിലാണ് യുവരാജിന്റെ ക്യാച്ച് പിറന്നത്. ഇർഫാൻ പഠാന്റെ പന്തിൽ ഡീപ് മിഡ് ഓണിലേക്കായിരുന്നു തിരിമാനെയുടെ ഷോട്ട് പിറന്നത്. അവിടെ ഫീൽഡിലായിരുന്ന യുവരാജ് ഉയർന്നുചാടി പന്ത് കൈപ്പിടിയിലാക്കി. 17 പന്തിൽ മൂന്ന് ഫോറും ഒരു സിക്സറും സഹിതം 24 റൺസുമായി തിരിമാനെ മടങ്ങി.
YUVRAJ SINGH AT AGE OF 43 - STILL TAKING STUNNERS. 🫡🔥 pic.twitter.com/XHW1iQ0NY5
— Mufaddal Vohra (@mufaddal_vohra) February 22, 2025
ടോസ് നേടിയ ശ്രീലങ്ക മാസ്റ്റേഴ്സ് നായകൻ കുമാർ സംഗക്കാര ഇന്ത്യ മാസ്റ്റേഴ്സിനെ ബാറ്റിങ്ങിനയച്ചു. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ മാസ്റ്റേഴ്സ് 20 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 222 റൺസെടുത്തു. ക്യാപ്റ്റൻ സച്ചിൻ തെണ്ടുൽക്കറിനൊപ്പം അമ്പാട്ടി റായുഡുവാണ് ഇന്ത്യൻ ഇന്നിംഗ്സ് ഓപൺ ചെയ്തത്. റായുഡു അഞ്ച് റൺസോടെയും സച്ചിൻ 10 റൺസോടെയും മടങ്ങി. പിന്നാലെ 32 പന്തിൽ ഏഴ് ഫോർ സഹിതം 44 റൺസുമായി ഗുർക്രീത് സിങ് ഇന്ത്യൻ സ്കോർ മുന്നോട്ട് നീക്കി. എന്നാൽ സ്റ്റുവർട്ട് ബിന്നിയുടെ പ്രകടനമാണ് ആരാധകരെ അത്ഭുതപ്പെടുത്തിയത്. 31 പന്തിൽ മൂന്ന് ഫോറും ഏഴ് സിക്സറും സഹിതം 68 റൺസാണ് ബിന്നി അടിച്ചെടുത്തത്. പിന്നാലെ യുവരാജ് സിങ്ങും യൂസഫ് പഠാനും ഇന്ത്യൻ സ്കോർ ഉയർത്തി.
22 പന്തിൽ രണ്ട് ഫോറും രണ്ട് സിക്സറും സഹിതം യുവരാജ് പുറത്താകാതെ 31 റൺസെടുത്തു. 22 പന്തിൽ മൂന്ന് ഫോറും ആറ് സിക്സറും സഹിതം പുറത്താകാതെ 56 റൺസാണ് യൂസഫ് പഠാൻ നേടിയത്. യൂസഫ് ബാറ്റുകൊണ്ട് മികവ് കാട്ടിയപ്പോൾ സഹോദരൻ ഇർഫാൻ പഠാൻ പന്തുകൊണ്ടാണ് മികവ് കാട്ടിയത്. മൂന്ന് വിക്കറ്റുകൾ ഇർഫാൻ പഠാൻ സ്വന്തമാക്കി.
ശ്രീലങ്കയ്ക്കായി കുമാർ സംഗക്കാര 51, ലഹിരു തിരുമാനെ 24, അസേല ഗുണരത്നെ 37, ജീവൻ മെൻഡിസ് 42, ഇസരു ഉഡാന 23 എന്നിവർ ഭേദപ്പെട്ട പ്രകടനം നടത്തി. വിജയപരാജയങ്ങൾ മാറിമറിഞ്ഞ മത്സരത്തിൽ അന്തിമജയം ഇന്ത്യ സ്വന്തമാക്കി. നാല് റൺസിനായിരുന്നു ഇന്ത്യൻ വിജയം. 20 ഓവറിൽ ശ്രീലങ്ക മാസ്റ്റേഴ്സിന് ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 218 റൺസാണ് നേടാൻ കഴിഞ്ഞത്.
Content Highlights: Yuvraj Singh at the age of 43 still taking stunners