കോഹ്‌ലി സെഞ്ച്വറി അടിക്കാതിരിക്കാന്‍ അഫ്രീദി മന:പൂർവ്വം ശ്രമിച്ചു; കൂവിവിളിച്ച് ആരാധകര്‍, വിമർശനം

'ലൂസര്‍' എന്ന ചാന്റുകള്‍ ഉയര്‍ത്തിയാണ് സ്റ്റേഡിയത്തിലെത്തിയ കാണികള്‍ ഷഹീന്റെ മോശം ബൗളിങ് പ്രകടനത്തില്‍ പ്രതിഷേധം അറിയിച്ചത്

dot image

പാകിസ്താനെതിരായ ചാംപ്യന്‍സ് ട്രോഫി മത്സരത്തില്‍ ഇന്ത്യയുടെ സൂപ്പര്‍ താരം വിരാട് കോഹ്‌ലി സെഞ്ച്വറിയടിച്ച് ഫോമിലേക്ക് ഉയര്‍ന്നിരുന്നു. ഇന്ത്യ ആറ് വിക്കറ്റ് വിജയം സ്വന്തമാക്കിയ മത്സരത്തില്‍ 111 പന്തില്‍ ഏഴ് ബൗണ്ടറികളടക്കം പുറത്താവാതെ 100 റണ്‍സാണ് കോഹ്‌ലി അടിച്ചെടുത്തത്. 42.3 ഓവറില്‍ ബൗണ്ടറിയടിച്ചാണ് കോഹ്ലി മൂന്നക്കം തികച്ചതും ഇന്ത്യയുടെ വിജയറണ്‍ കുറിച്ചതും.

ഇതിനുപിന്നാലെ പാകിസ്താന്റെ സ്റ്റാര്‍ പേസര്‍ ഷഹീന്‍ അഫ്രീദിക്കെതിരെ രൂക്ഷവിമര്‍ശനം ഉയരുകയാണ്. വിരാട് കോഹ്‌ലിയുടെ സെഞ്ച്വറി തടയാന്‍ മനഃപൂര്‍വ്വം ശ്രമിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് അഫ്രീദിയെ ആരാധകര്‍ വിമര്‍ശിക്കുന്നത്. ഷഹീന്‍ അഫ്രീദി എറിഞ്ഞ 42-ാം ഓവര്‍ തുടങ്ങുമ്പോള്‍ ഇന്ത്യക്ക് ജയിക്കാന്‍ 17 റണ്‍സും കോഹ്‌ലിയുടെ സെഞ്ച്വറിയിലേക്ക് 13 റണ്‍സുമായിരുന്നു വേണ്ടിയിരുന്നത്. അക്‌സര്‍ പട്ടേലായിരുന്നു കോഹ്ലിക്കൊപ്പം ക്രീസില്‍. കോഹ്ലിക്ക് പരമാവധി സ്‌ട്രൈക്ക് നല്‍കാനാണ് അക്‌സര്‍ ശ്രമിക്കുക എന്നുറപ്പായിരുന്നു.

എന്നാല്‍ ആ ഓവറില്‍ നാല് പന്തുകളില്‍ ഷഹീൻ അഫ്രീദി മൂന്ന് വൈഡുകള്‍ എറിയുകയായിരുന്നു. അതിലൊന്ന് ലെഗ് സ്റ്റംപിന് പുറത്തേക്കാണ് അഫ്രീദി എറിഞ്ഞത്. വിക്കറ്റിന് പിന്നിലേക്ക് പോയ പന്ത് ബൗണ്ടറിയാകുമെന്ന് കരുതിയെങ്കിലും ബൗണ്ടറി കടക്കാതിരുന്നതോടെ അക്‌സറിന് സിംഗിള്‍ ഓടേണ്ടിവന്നു. വിരാട് കോഹ്‌ലി സ്‌ട്രൈക്കിലെത്തിയതും അഫ്രീദി ഓഫ് സ്റ്റംപിന് പുറത്തെറിയാന്‍ തുടങ്ങി. ഇതിനിടെ സ്ലോ ബൗണ്‍സര്‍ പരീക്ഷിച്ചപ്പോള്‍ അമ്പയര്‍ വൈഡ് വിളിച്ചു. ഇതോടെ ഇന്ത്യയ്ക്ക് വിജയിക്കാന്‍ അഞ്ച് റണ്‍സും കോഹ്‌ലിക്ക് മൂന്നക്കം തികയ്ക്കാന്‍ ആറ് റണ്‍സും വേണമെന്ന നിലയിലായി.

ഈ ഘട്ടത്തില്‍ കോഹ്‌ലിയുടെ സെഞ്ച്വറി സംശയത്തിലായതോടെ കാണികള്‍ അഫ്രീദിക്കെതിരെ കൂവി വിളിക്കാന്‍ തുടങ്ങി. 'ലൂസര്‍' എന്ന ചാന്റുകള്‍ ഉയര്‍ത്തിയാണ് സ്റ്റേഡിയത്തിലെത്തിയ കാണികള്‍ ഷഹീന്റെ മോശം ബൗളിങ് പ്രകടനത്തില്‍ പ്രതിഷേധം അറിയിച്ചത്. ഷഹീന്‍ അഫ്രീദി ലോക തോല്‍വിയാണെന്നും ഇത് മോശം സ്‌പോര്‍ട്‌സ്മാന്‍ഷിപ്പുമാണെന്നുമാണ് സോഷ്യല്‍ മീഡിയയില്‍ ആരാധകര്‍ പരിഹസിച്ചത്. ഒടുവില്‍ വിജയത്തിലേക്ക് മൂന്ന് റണ്‍സും സെഞ്ച്വറിയിലേക്ക് നാല് റണ്‍സും വേണമെന്നിരിക്കേ കുഷ്ദില്‍ ഷായെ ബൗണ്ടറി കടത്തിയാണ് വിരാട് ടീമിനെ വിജയത്തിലെത്തുകയായിരുന്നു.

Content Highlights: Ind Vs Pak: Shaheen Afridi Deliberately Bowled Wide To Keep Virat Kohli Away From Century Champions Trophy

dot image
To advertise here,contact us
dot image