'അത് ക്യാച്ചല്ല, നിലത്ത് തട്ടിയിട്ടുണ്ട്'; അംപയറെ സഹായിച്ച ഗില്ലിന്റെ സത്യസന്ധതയ്ക്ക് കയ്യടിച്ച് വസിം അക്രം

പാകിസ്താൻ ഇന്നിങ്സിലെ 28–ാം ഓവറിലാണ് സംഭവം

dot image

ചാംപ്യൻസ് ട്രോഫി ടൂർണമെന്റിലെ ഗ്രൂപ്പ് ഘട്ടത്തിലെ ബ്ലോക്ക് ബസ്റ്റർ പോരാട്ടത്തിനിടെ ഇന്ത്യൻ യുവ താരം ശുഭ്മാൻ ഗിൽ നടത്തിയ സത്യസന്ധതയ്‌ക്ക് കയ്യടിച്ച് പാകിസ്താന്റെ ഇതിഹാസ താരം വസിം അക്രം. പാകിസ്താനെതിരെ യുവതാരം ഫീൽഡ് ചെയ്യുമ്പോഴായിരുന്നു പ്രശംസക്കിടയാക്കിയ സംഭവം.

പാകിസ്താൻ ഇന്നിങ്സിലെ 28–ാം ഓവർ എറിയാനെത്തിയത് ഇന്ത്യയുടെ വെറ്ററൻ പേസർ മുഹമ്മദ് ഷമിയായിരുന്നു. പാകിസ്താൻ ക്യാപ്റ്റൻ കൂടിയായ മുഹമ്മദ് റിസ്‌വാനായിരുന്നു ബാറ്റിങ് എൻഡിലുണ്ടായിരുന്നത്. ഓഫ്സൈഡിന് പുറത്തുവന്ന ലെങ്ത് പന്ത് പുൾഷോട്ടിലൂടെ ബൗണ്ടറി കടത്താൻ ശ്രമിച്ച റിസ്‌വാന് ഉദ്ദേശിച്ച രീതിയിൽ പന്ത് കണക്ട് ചെയ്യാനായില്ല.

ഫലം മിഡ്‌വിക്കറ്റിൽ ഫീൽഡ് ചെയ്യുകയായിരുന്ന ശുഭ്മൻ ഗില്ലിന് തൊട്ടുമുന്നിലേക്കാണ് പന്തു വീണത്. മുന്നോട്ടു ഡൈവ് ചെയ്ത ഗിൽ പന്ത് കയ്യിലൊതുക്കിയെങ്കിലും, അതിനു മുൻപേ നിലത്ത് സ്പർശിച്ചതായി അംപയറിനെ അറിയിക്കുകയായിരുന്നു. അംപയർ അത് ക്യാച്ചാണോ അല്ലയോ എന്ന സംശയതിൽ നിൽക്കുന്ന സമയത്ത് കൂടിയായിരുന്നു ഗില്ലിന്റെ ഈ പ്രവർത്തി.

പലരും ഇങ്ങനെയുള്ള ക്യാച്ചുകൾ നടത്തി ആഹ്ലാദ പ്രകടനം നടത്തി അംപയർമാരെ സംശയത്തിലാക്കുമ്പോൾ ഗിൽ ചെയ്തത് മാതൃകയായെന്ന് വസീം അക്രം പറഞ്ഞു. താരത്തിന്റെ പ്രകടനത്തിൽ അതുകൊണ്ട് തന്നെ ഏറെ സന്തോഷവാനാണെന്നും വസീം അക്രം പറഞ്ഞു. ഏകദിനത്തിൽ സമീപകാലത്ത് മികച്ച ഫോമിലുള്ള ശുഭ്മൻ ഗിൽ ചാംപ്യൻസ് ട്രോഫിയിലും മികച്ച പ്രകടനമാണ് നടത്തുന്നത്.

ആദ്യ മത്സരത്തിൽ സെഞ്ച്വറി നേടിയ താരം ഇന്നലെ 46 റൺസ് നേടി. ഇതുകൂടാതെ ചാംപ്യൻസ് ട്രോഫിയിൽ ഇന്ത്യൻ ടീമിന്റെ ഉപനായകൻ കൂടിയാണ് ഗിൽ. പാകിസ്താനെതിരെ മത്സരത്തിനിടെ ക്യാപ്റ്റൻ രോഹിത് ശർമ ഇടയ്ക്ക് കളത്തിൽനിന്ന് കയറിയപ്പോൾ, പകരം ടീമിനെ നയിച്ചതും ശുഭ്മൻ ഗിൽ തന്നെയായിരുന്നു.

Content Highlights: Wasim Akram applauds Gill for his honesty in helping the umpire

dot image
To advertise here,contact us
dot image