
ചാംപ്യന്‍സ് ട്രോഫിയില്‍ ഇന്ത്യയോട് പരാജയം വഴങ്ങി ടൂര്‍ണമെന്റില്‍ നിന്ന് പുറത്തായ പാകിസ്താന്‍ ടീമിനെയും സെലക്ടര്‍മാരെയും രൂക്ഷമായി വിമര്‍ശിച്ച് പാക് മുന്‍ താരവും വനിതാ ക്രിക്കറ്റ് ടീം ക്യാപ്റ്റനുമായിരുന്ന സന മിര്‍. ഇന്ത്യന്‍ ഇതിഹാസം എം എസ് ധോണി ക്യാപ്റ്റനായി വന്നാല്‍പോലും ഇപ്പോഴത്തെ പാക് ടീമിനെ കൊണ്ട് ഒന്നും സാധിക്കില്ലെന്നാണ് സന ആരോപിക്കുന്നത്. മോശം സ്‌ക്വാഡ് സെലക്ഷന്‍ കാരണം ടൂര്‍ണമെന്റ് ആരംഭിക്കുന്നതിന് മുന്‍പുതന്നെ പാകിസ്താന്‍ പരാജയപ്പെട്ടതാണെന്നും സന കുറ്റപ്പെടുത്തി.
Sana Mir said "Pakistan lost the Champions Trophy the day their squad was announced. With this squad even MS Dhoni or Younis Khan would have failed to win Pakistan this tournament" 🇵🇰🇮🇳💔💔 #ChampionsTrophy2025 #tapmad pic.twitter.com/FxIQcS6u0u
— Farid Khan (@_FaridKhan) February 24, 2025
'ഇന്ത്യ-പാകിസ്താന്‍ മത്സരം കണ്ടുകൊണ്ടിരിക്കുമ്പോള്‍ എനിക്ക് ഒരു സുഹൃത്തിന്റെ മെസേജ് വന്നു. 100 റണ്‍സുള്ള സമയത്ത് രണ്ടാം വിക്കറ്റ് വീണപ്പോള്‍ 'ഇത് എല്ലാം അവസാനിച്ചെന്ന് തോന്നുന്നു' എന്നായിരുന്നു മെസേജ്. അപ്പോള്‍ ഞാന്‍ ആ സുഹൃത്തിന് ഇങ്ങനെ മറുപടി അയച്ചു. 'അങ്ങനെയല്ല, ടീം പ്രഖ്യാപിച്ചപ്പോള്‍ തന്നെ എല്ലാം തീര്‍ന്നിരുന്നു'. ഇപ്പോഴത്തെ ടീമില്‍ അംഗങ്ങളായ 15 പേരെ പ്രഖ്യാപിച്ച ദിവസം തന്നെ ചാംപ്യന്‍സ് ട്രോഫി ടൂര്‍ണമെന്റിന്റെ പാക്കിസ്ഥാന്‍ പകുതി തോറ്റിരുന്നു എന്നതാണ് വാസ്തവം', സന മിര്‍ പറഞ്ഞു.
ലോകത്തിലെ ഏറ്റവും മികച്ച ക്യാപ്റ്റന്മാര്‍ക്കു പോലും ഈ ടീമിനെ വെച്ച് ഒന്നും നേടാന്‍ സാധിക്കില്ലെന്നും സന മിര്‍ ചൂണ്ടിക്കാട്ടി. 'സാക്ഷാല്‍ എം എസ് ധോണിയെയോ യൂനിസ് ഖാനെയോ ഈ ടീമിന്റെ ക്യാപ്റ്റനാക്കി നോക്കൂ. ഒന്നും സംഭവിക്കാന്‍ പോകുന്നില്ല. പാകിസ്താനിലെ പിച്ചുകള്‍ക്ക് അനുയോജ്യമായ ടീമായിരുന്നില്ല ഇത്. ഒരു മത്സരം ദുബായിലാണ് നടക്കുകയെന്ന് നമുക്ക് അറിയാമായിരുന്നു. രണ്ട് പാര്‍ട്ട് ടൈം സ്പിന്നര്‍മാരുമായിട്ടാണോ ദുബായിയിലെ പിച്ചിലേക്ക് പോകേണ്ടത്? അബ്രാര്‍ അഹമ്മദ് ഇപ്പോഴും ഏകദിന ഫോര്‍മാറ്റില്‍ പുതുമുഖമാണ്. കഴിഞ്ഞ അഞ്ച് മാസത്തിനിടെ വെറും രണ്ടു വിക്കറ്റ് മാത്രമാണ് അബ്രാറിന് നേടാന്‍ സാധിച്ചത്', സന ചൂണ്ടിക്കാട്ടി.
അതേസമയം ആതിഥേയരായ പാകിസ്താന്‍ ടൂര്‍ണമെന്റില്‍ നിന്ന് പുറത്തായിരിക്കുകയാണ്. കഴിഞ്ഞ ദിവസം ഗ്രൂപ്പ് എയില്‍ നടന്ന മത്സരത്തില്‍ ബംഗ്ലാദേശിനെതിരെ ന്യൂസിലാന്‍ഡ് വിജയിച്ചതോടെയാണ് പാകിസ്താനും ബംഗ്ലാദേശും സെമി കാണാതെ പുറത്തായത്. അതേസമയം രണ്ട് വിജയങ്ങളുമായി ഗ്രൂപ്പ് എയില്‍ നിന്ന് ഇന്ത്യയും ന്യൂസിലാന്‍ഡും സെമിയിലേയ്ക്ക് പ്രവേശിക്കുകയും ചെയ്തു.
Content Highlights: “Even MS Dhoni couldn’t do anything” Sana Mir's brutal dig at Pakistan after IND vs PAK 2025 Champions Trophy match