
ചാംപ്യന്‍സ് ട്രോഫി ടൂര്‍ണമെന്റില്‍ പാകിസ്താനെതിരായ മത്സരത്തിന് ശേഷം ഇന്ത്യന്‍ താരങ്ങളെ ആവേശത്തിലാക്കി മുന്‍ താരം ശിഖര്‍ ധവാന്‍. ദുബായ് രാജ്യാന്തര സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ആറ് വിക്കറ്റിനാണ് പാകിസ്താനെ രോഹിത് ശര്‍മയും സംഘവും പരാജയപ്പെടുത്തിയത്. വിജയത്തിന് പിന്നാലെ ഇന്ത്യന്‍ താരങ്ങളെ അഭിനന്ദിക്കാന്‍ ഡ്രസിങ് റൂമിലെത്തിയ മുൻ ഇന്ത്യൻ ഓപണറും ഐസിസി ടൂർണമെൻ്റുകളിൽ എന്നും ഇന്ത്യയുടെ കരുത്തുമായിരുന്ന ശിഖർ ധവാന്റെ വീഡിയോയാണ് ഇപ്പോള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്.
𝗗𝗿𝗲𝘀𝘀𝗶𝗻𝗴 𝗥𝗼𝗼𝗺 𝗕𝗧𝗦 | 𝗙𝗶𝗲𝗹𝗱𝗲𝗿 𝗼𝗳 𝘁𝗵𝗲 𝗠𝗮𝘁𝗰𝗵 | #PAKvIND
— BCCI (@BCCI) February 24, 2025
A man with a golden bat and a golden heart 🤗
When ‘Mr. ICC’ turned up in #TeamIndia’s dressing room to present the fielding medal 😎
WATCH 🎥🔽 #ChampionsTrophyhttps://t.co/k2kXs5CSRG
ടൂർണമെന്‍റില്‍ ഇന്ത്യയുടെ മത്സരങ്ങളില്‍ ഗ്യാലറിയിലെ സജീവ സാന്നിധ്യമാണ് ധവാന്‍. ഇപ്പോള്‍ പാകിസ്താനെതിരായ മത്സരത്തിന് ശേഷം കോട്ടും സ്യൂട്ടും ധരിച്ച് മാസ്സായി ഡ്രസിങ് റൂമിലെത്തുന്ന ധവാന്റെ വീഡിയോ ബിസിസിഐയാണ് പുറത്തുവിട്ടത്. ധവാന്റെ അപ്രതീക്ഷിതമായിട്ടുള്ള വരവില്‍ വിരാട് കോഹ്‌ലിയടക്കമുള്ള ഇന്ത്യന്‍ താരങ്ങള്‍ ആവേശഭരിതരാവുന്നത് വീഡിയോയില്‍ കാണാം. പാകിസ്താനെതിരെ മികച്ച പ്രകടനം പുറത്തെടുത്ത കുല്‍ദീപ് യാദവ്, വിരാട് കോഹ്‌ലി, ശുഭ്മന്‍ ഗില്‍ എന്നിവരെ പ്രശംസിച്ച ധവാന്‍ കളിക്കാര്‍ക്ക് മികച്ച അന്തരീക്ഷം സൃഷ്ടിച്ചതിന് സപ്പോര്‍ട്ട് സ്റ്റാഫിന് നന്ദി പറയുകയും ചെയ്തു.
'മുഴുവന്‍ ടീമിനും പ്രത്യേകിച്ച് ബൗളിംഗ് യൂണിറ്റിനും അഭിനന്ദനങ്ങള്‍. കുല്‍ദീപ് യാദവ് മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി നന്നായി കളിച്ചു. ബാറ്റിങ്ങിലേക്ക് വന്നാൽ വിരാടും നന്നായി കളിച്ചു. പരിചയസമ്പന്നരായ കളിക്കാര്‍ അതാണ് ചെയ്യുന്നത്. ശുഭ്മനും കെ എല്‍ രാഹുലും സ്ഥിരതയോടെ ബാറ്റുവീശി. ടീമില്‍ ഇത്രയും മികച്ച ഒരു അന്തരീക്ഷം സൃഷ്ടിച്ചതിന് സപ്പോര്‍ട്ട് സ്റ്റാഫിനും നന്ദി', ധവാന്‍ പറഞ്ഞു.
മത്സരത്തിലെ മികച്ച ഫീല്‍ഡറിനുള്ള അവാര്‍ഡും ധവാന്‍ സമ്മാനിച്ചു. അക്‌സര്‍ പട്ടേലിനാണ് പാകിസ്താനെതിരായ മത്സരത്തിലെ മികച്ച ഫീല്‍ഡറിനുള്ള അവാര്‍ഡ് ലഭിച്ചത്. മത്സരത്തില്‍ അക്സര്‍ പട്ടേല്‍ 10 ഓവറില്‍ 49 റണ്‍സ് വഴങ്ങി ഒരു വിക്കറ്റ് വീഴ്ത്തി. കൂടാതെ രണ്ട് മികച്ച റണ്ണൗട്ടുകള്‍ നടത്തി തന്റെ ഫീല്‍ഡിങ് മികവ് പുറത്തെടുക്കുകയും ചെയ്തു.
അതേസമയം 'മിസ്റ്റര്‍ ഐസിസി' എന്ന് വിളിപ്പേരുള്ള ധവാന്റെ എന്‍ട്രി ആഘോഷമാക്കുകയാണ് ആരാധകര്‍. ഐസിസി ടൂര്‍ണമെന്റുകളിലെ മികച്ച പ്രകടനം പുറത്തെടുത്തിരുന്ന താരമായ ധവാന്‍ 2024 ഓഗസ്റ്റിലാണ് ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചത്. ഐസിസി ടൂര്‍ണമെന്റുകളില്‍ വളരെ മികച്ച റെക്കോര്‍ഡുകളുള്ള അപൂര്‍വം താരങ്ങളില്‍ ഒരാളായതുകൊണ്ടാണ് ധവാന് 'മിസ്റ്റര്‍ ഐസിസി' എന്നും വിളിപ്പേര് വന്നത്. 2013 ചാംപ്യന്‍സ് ട്രോഫിയില്‍ ഇന്ത്യ കപ്പടിച്ചപ്പോൾ ടൂർണമെന്‍റിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടതും ശിഖർ ധവാനായിരുന്നു.
Content Highlights: MR. ICC Shikhar Dhawan Returns To Indian Dressing Room To Present Fielder Of The Match Award