പാകിസ്താനെതിരെ ഇന്ത്യ തോല്‍ക്കുമെന്ന് പ്രവചിച്ചു; പിന്നാലെ മലക്കം മറിഞ്ഞ് ഐഐടി ബാബ, വീണ്ടും 'എയറി'ല്‍

ആരും ഈ തരത്തിലുള്ള പ്രവചനങ്ങളിലൊന്നും ഒരിക്കലും വിശ്വസിക്കാന്‍ പാടില്ലെന്നാണ് ഐഐടി ബാബ ഇപ്പോൾ പറയുന്നത്.

dot image

ചാംപ്യന്‍സ് ട്രോഫിയില്‍ ഇന്ത്യ-പാകിസ്താൻ ബ്ലോക്ക് ബസ്റ്റർ പോരാട്ടത്തിൽ തന്റെ പ്രവചനം തെറ്റിയതിന് ശേഷം ആദ്യമായി പ്രതികരിച്ച് രം​ഗത്തെത്തിയിരിക്കുകയാണ് ഐഐടി ബാബ എന്നറിയപ്പെടുന്ന അഭയ് സിങ്. പാകിസ്താനെതിരായ അഭിമാന പോരാട്ടത്തില്‍ ഇന്ത്യ തോല്‍ക്കുമെന്ന് ഐഐടി ബാബ പ്രവചിച്ചിരുന്നത് വൈറലായിരുന്നു. ഇപ്പോൾ‌ മത്സരത്തിനുശേഷം വലിയ പരിഹാസങ്ങളും ട്രോളുകളുമാണ് ബാബയ്ക്ക് സോഷ്യല്‍ മീഡിയയില്‍ ഏറ്റുവാങ്ങേണ്ടി വന്നത്.

ഈ മത്സരത്തിന്റെ വിധി ഇതിനോടകം തന്നെ കുറിക്കപ്പെട്ടതാണെന്നും പാകിസ്താനെതിരായ കളിയില്‍ പരാജയമാണ് ഇന്ത്യയെ കാത്തിരിക്കുന്നതെന്നുമായിരുന്നു ബാബയുടെ പ്രവചനം. ഈ മത്സരത്തില്‍ വിരാട് കോഹ്ലിയടക്കമുള്ള ഇന്ത്യന്‍ താരങ്ങളുടെ ശ്രമങ്ങള്‍ക്കും ടീമിനെ വിജയിപ്പിക്കാന്‍ കഴിയില്ല എന്നും ബാബ പ്രവചിച്ചിരുന്നു. ഇതിന് പിന്നാലെയും ബാബയ്ക്കെതിരെ സോഷ്യൽ മീഡിയയിൽ വലിയ ട്രോളുകൾ ലഭിച്ചിരുന്നു.

എന്നാല്‍ ബദ്ധവൈരികളുടെ അങ്കത്തില്‍ രോഹിത് ശര്‍മയും സംഘവും പാക് ടീമിനെ പരാജയപ്പെടുത്തുകയായിരുന്നു. ദുബായ് അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ നടന്ന ആവേശപ്പോരാട്ടത്തിൽ ആറ് വിക്കറ്റിനായിരുന്നു ഇന്ത്യൻ വിജയം. ഇതിനുപിന്നാലെ തന്റെ നിലപാടിൽ മലക്കം മറിഞ്ഞ് രം​ഗത്തെത്തിയിരിക്കുകയാണ് ബാബ.

ആരും ഈ തരത്തിലുള്ള പ്രവചനങ്ങളിലൊന്നും ഒരിക്കലും വിശ്വസിക്കാന്‍ പാടില്ലെന്നാണ് ഐഐടി ബാബ പറയുന്നത്. ആരുടെയും പ്രവചനങ്ങള്‍ ഒരിക്കലും വിശ്വസിക്കാന്‍ പാടില്ലെന്നാണ് എനിക്കു പറയാനുള്ളത്. ആരുടെയും പ്രവചനങ്ങള്‍ ഒരിക്കലും വിശ്വസിക്കരുത്. ഞാന്‍ സാധാരണയായി ഇങ്ങനെയാണ് എല്ലാവരോടും പറയാറുള്ളത്. നിങ്ങള്‍ സ്വന്തം തലച്ചോര്‍ ഉപയോഗിക്കുകയാണ് ചെയ്യേണ്ടതെന്നും ബാബ ഉപദേശിക്കുന്നു.

അതേസമയം ഐസിസി ചാംപ്യൻസ് ട്രോഫി സെമി ഫൈനലിലേയ്ക്ക് ടീം ഇന്ത്യ യോ​ഗ്യത നേടിക്കഴിഞ്ഞു. രണ്ട് ജയങ്ങളുമായി ഇന്ത്യയും ന്യൂസിലാൻഡുമാണ് ​ഗ്രൂപ്പ് എയിൽ നിന്ന് സെമിയിലേക്ക് പ്രവേശിച്ചത്. ആതിഥേയരായ പാകിസ്താനും ബംഗ്ലാദേശും പുറത്തായി. ഇന്ന് ഗ്രൂപ്പ് എയില്‍ ബംഗ്ലാദേശിനെതിരെ ന്യൂസിലാന്‍ഡ് ജയിച്ചതോടെയാണ് നിലവിലെ ചാംപ്യന്മാര്‍ കൂടിയായ പാകിസ്ഥാന്‍ സെമി കാണാതെ പുറത്തായത്. റാവല്‍പിണ്ടിയില്‍ നടന്ന മത്സരത്തില്‍ അഞ്ച് വിക്കറ്റിനായിരുന്നു കിവീസിന്റെ ജയം.

Content Highlights: 'use your brain’: IIT Baba after his Ind vs Pak Champions Trophy prediction goes wrong

dot image
To advertise here,contact us
dot image