
സ്വന്തം മണ്ണിൽ നടക്കുന്ന ചാംപ്യൻസ് ട്രോഫി ടൂർണമെന്റിൽ ഇന്ത്യയോട് തോൽക്കുകയും സെമി കാണാതെ പുറത്താവുകയും ചെയ്തതിന് പിന്നലെ ടീമിലും ദേശീയ ക്രിക്കറ്റ് ബോർഡിലും പൊട്ടിത്തെറി. മുൻ താരങ്ങൾ അടക്കം രൂക്ഷമായ വിമർശനം ഉന്നയിച്ചതിന് പിന്നാലെ അക്വിബ് ജാവേദിന്‍റെ നേതൃത്വത്തിലുള്ള പരിശീലക സംഘത്തെ പുറത്താക്കാന്‍ പാക് ക്രിക്കറ്റ് ബോര്‍ഡ് തീരുമാനിച്ചു. എന്നാൽ ഇവരെ പുറത്താക്കുന്നതിലും ബോർഡ് അംഗങ്ങൾക്കിടയിൽ ഭിന്നാഭിപ്രായമുണ്ട്. പല സീനിയർ താരങ്ങളുടെ ടീമിലെ സ്ഥാനവും ചോദ്യം ചെയ്യപ്പെടുന്നുണ്ട്.
കഴിഞ്ഞ വര്‍ഷം ഗാരി കിര്‍സ്റ്റൻ പരിശീലക സ്ഥാനം ഒഴിഞ്ഞതോടെയാണ് മുന്‍ പേസറായ അക്വിബ് ജാവേദിനെ പാക് ക്രിക്കറ്റ് ബോര്‍ഡ് ഇടക്കാല പരിശീലനായി നിയമിച്ചത്. പിന്നീട് ഓസ്ട്രേലിയന്‍ മുന്‍ പേസറായ ജേസണ്‍ ഗില്ലെസ്പി ടെസ്റ്റ് ടീം പരിശീലക സ്ഥാനം ഒഴിഞ്ഞപ്പോള്‍ ഈ ചുമതലയും അക്വിബ് ജാവേദിനായി.
ഇടക്കാല പരിശീലകനായ അക്വിബ് ജാവേദിന് പകരം സ്ഥിരം പരിശീലകരെയാണ് പാക് ക്രിക്കറ്റ് ബോര്‍ഡ് തേടുന്നത്. നിരന്തരം വിവാദങ്ങൾ കൊണ്ട് സജീവമായ പാക് ക്രിക്കറ്റ് ടീമിന്റെ പരിശീലകരാകാൻ വിദേശ പരിശീലകരാരും തയ്യാറാവണമെന്നില്ല. കഴിഞ്ഞ രണ്ട് വർഷത്തിനിടെ പത്തോളം പരിശീലകരാണ് പാക് ക്രിക്കറ്റിൽ മാറി മാറി വന്നത്.
ചാമ്പ്യൻസ് ട്രോഫിയിലെ ആദ്യ മത്സരത്തില്‍ ന്യൂസിലന്‍ഡിനോട് 60 റണ്‍സിന് തോറ്റ പാകിസ്ഥാൻ ഇന്ത്യയോട് ആറ് വിക്കറ്റിനാണ് തോറ്റത്. ഇന്നലെ ന്യൂസിലാന്‍ഡ് ബംഗ്ലാദേശിനെതിരെ ജയിച്ചതോടെ സെമിയിലെത്താനുള്ള അവസാന പ്രതീക്ഷയും ഇല്ലാതെയായി. ഗ്രൂപ്പ് എയിൽ നിന്ന് ഇന്ത്യയും ന്യൂസിലാൻഡും സെമി കടക്കുകയും ചെയ്തു.
Content Highlights: pak cricket board sack pakistan coach aaqib javed support staff after the tournament