
വെറ്ററൻ താരങ്ങളുടെ ഇന്റര്‍നാഷണല്‍ മാസ്‌റ്റേഴ്‌സ് ടി20 ലീഗില്‍ വെടിക്കെട്ട് സെഞ്ച്വറി സ്വന്തമാക്കി ഓസ്‌ട്രേലിയയുടെ മുന്‍ ഓള്‍റൗണ്ടര്‍ ഷെയ്ന്‍ വാട്‌സണ്‍. വെസ്റ്റ് ഇന്‍ഡീസ് മാസ്‌റ്റേഴ്‌സിനെതിരായ മത്സരത്തില്‍ ഓസ്‌ട്രേലിയ മാസ്‌റ്റേഴ്‌സിന് വേണ്ടിയാണ് ക്യാപ്റ്റന്‍ വാട്‌സണ്‍ സെഞ്ച്വറി സ്വന്തമാക്കിയത്. ഇതോടെ 2025 ഇന്റര്‍നാഷണല്‍ മാസ്‌റ്റേഴ്‌സ് ടി20 ലീഗില്‍ സെഞ്ച്വറി സ്വന്തമാക്കുന്ന ആദ്യത്തെ കളിക്കാരനായി വാട്‌സണ്‍ മാറുകയും ചെയ്തു.
HISTORY CREATED BY SHANE WATSON.....!!!!!
— Vikas Yadav (@VikasYadav66200) February 24, 2025
Shane Watson scored First Ever Hundred in IML T20 in just 48 Balls. pic.twitter.com/4NbYxyPXSJ
മത്സരത്തില്‍ 48 പന്തില്‍ നിന്നാണ് വാട്‌സണ്‍ സെഞ്ച്വറി പൂര്‍ത്തിയാക്കിയത്. പിന്നാലെ 52 പന്തില്‍ നിന്ന് ഒന്‍പത് ബൗണ്ടറികളും ഒന്‍പത് സിക്‌സറുകളുമടക്കം 107 റണ്‍സ് നേടി വാട്‌സണ്‍ പുറത്താവുകയായിരുന്നു. ആഷ്ലി നഴ്സാണ് വിക്കറ്റിന് മുന്നില്‍ കുരുക്കി വാട്‌സണെ പുറത്താക്കിയത്. എങ്കിലും ഓസ്ട്രേലിയയ്ക്കും ഐപിഎല്ലിനും വേണ്ടി ഇറങ്ങിയപ്പോഴുണ്ടായിരുന്ന തന്റെ പ്രതാപകാലത്തെ ഓര്‍മിപ്പിക്കുന്നതായിരുന്നു വാട്‌സന്റെ ഇന്നിങ്‌സ്.
സെഞ്ച്വറി നേടിയെങ്കിലും ഓസ്‌ട്രേലിയ മാസ്‌റ്റേഴ്‌സിനെ വിജയത്തിലേക്ക് നയിക്കാന്‍ വാട്‌സണ് സാധിച്ചില്ല. വെസ്റ്റ് ഇന്‍ഡീസ് മാസ്‌റ്റേഴ്‌സിനോട് ഏഴ് വിക്കറ്റിനാണ് ഓസ്‌ട്രേലിയ മാസ്‌റ്റേഴ്‌സ് അടിയറവ് പറഞ്ഞത്. ആദ്യം ബാറ്റുചെയ്ത ഓസ്ട്രേലിയ മാസ്റ്റേഴ്സ് 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 216 റണ്‍സ് നേടിയപ്പോള്‍ 19.2 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ വെസ്റ്റ് ഇന്‍ഡീസ് വിജയത്തിലെത്തി.
ഷോണ്‍ മാര്‍ഷ്, ഡാന്‍ ക്രിസ്റ്റ്യന്‍, ബെന്‍ ഹില്‍ഫെന്‍ഹൗസ്, നഥാന്‍ കോള്‍ട്രെനൈല്‍ എന്നിവരുള്‍പ്പെട്ട ഓസ്ട്രേലിയ മാസ്റ്റേഴ്സിന്റെ ക്യാപ്റ്റനാണ് 43കാരനായ വാട്സണ്‍. അതേസമയം ബ്രയാന്‍ ലാറയാണ് വെസ്റ്റ് ഇന്‍ഡീസ് മാസ്റ്റേഴ്സിനെ നയിക്കുന്നത്. ക്രിസ് ഗെയ്ല്‍, ഡ്വെയ്ന്‍ സ്മിത്ത്, ടിനോ ബെസ്റ്റ്, ജെറോം ടെയ്ലര്‍, ഫിഡെ എഡ്വേര്‍ഡ്‌സ്, ലെന്‍ഡല്‍ സിമ്മണ്‍സ് തുടങ്ങിയ താരങ്ങള്‍ അവരുടെ ടീമിലുണ്ട്.
ഇന്ത്യ മാസ്റ്റേഴ്സിനെ നയിക്കുന്നത് സച്ചിന്‍ ടെണ്ടുല്‍ക്കറാണ്. ജാക്വസ് കാലിസ് ദക്ഷിണാഫ്രിക്ക മാസ്റ്റേഴ്സിന്റെ ക്യാപ്റ്റനാണ്. ഇയോണ്‍ മോര്‍ഗനും കുമാര്‍ സംഗക്കാരയും യഥാക്രമം ഇംഗ്ലണ്ട് മാസ്റ്റേഴ്സിന്റെയും ശ്രീലങ്ക മാസ്റ്റേഴ്സിന്റെയും ക്യാപ്റ്റന്മാരാണ്.
Content Highlights: Shane Watson Scores First-Ever Century in International Masters League