
ഐസിസി ചാംപ്യൻസ് ട്രോഫിയിൽ എട്ടാം മത്സരത്തിൽ ഇംഗ്ലണ്ടും അഫ്ഗാനിസ്ഥാനും ഏറ്റുമുട്ടുകയാണ്. എന്നാൽ ടൂർണമെന്റിൽ ഇതുവരെ 10 സെഞ്ച്വറികളാണ് പിറന്നത്. ഇതുവരെയുള്ള എല്ലാ മത്സരങ്ങളിലും ഒരു സെഞ്ച്വറി നേട്ടമെങ്കിലും പിറന്നു. ഇംഗ്ലണ്ടിനെതിരെ അഫ്ഗാനിസ്ഥാൻ ഓപണർ ഇബ്രാഹിം സദ്രാനാണ് ചാംപ്യൻസ് ട്രോഫി ചരിത്രത്തിലെ തന്നെ എക്കാലത്തെയും ഉയർന്ന വ്യക്തിഗത സ്കോർ നേടിയത്. 177 റൺസ് ഇംഗ്ലണ്ടിനെതിരെ സദ്രാൻ അടിച്ചുകൂട്ടി.
ചാംപ്യൻസ് ട്രോഫി 2025ൽ ആദ്യ സെഞ്ച്വറി ന്യൂസിലാൻഡ് താരം വിൽ യങ്ങാണ് സ്വന്തമാക്കിയത്. ഏതാനും മിനിറ്റുകൾക്കുള്ളിൽ പാകിസ്താനെതിരായ ഉദ്ഘാടന മത്സരത്തിൽ ന്യൂസിലാൻഡിന്റെ ടോം ലേഥവും സെഞ്ച്വറി നേടി. രണ്ടാം മത്സരത്തിൽ ഇന്ത്യയ്ക്കെതിരെ ബംഗ്ലാദേശിന്റെ തൗഹിദ് ഹൃദോയി സെഞ്ച്വറി നേട്ടം സ്വന്തമാക്കി. അതേ മത്സരത്തിൽ ഇന്ത്യൻ ഓപണർ ശുഭ്മൻ ഗില്ലും സെഞ്ച്വറിയിലേക്കെത്തി.
അഫ്ഗാനിസ്ഥാനെതിരെ ദക്ഷിണാഫ്രിക്കൻ ഓപണർ റയാൻ റിക്ലത്തോൺ ആണ് സെഞ്ച്വറി നേടിയ മറ്റൊരു താരം. ഓസ്ട്രേലിയയ്ക്കെതിരെ ഇംഗ്ലണ്ട് ഓപണർ ബെൻ ഡക്കറ്റ് 165 റൺസ് അടിച്ചെടുത്തപ്പോൾ മറുപടിയായി ജോഷ് ഇൻഗ്ലീഷിന്റെ 120 റൺസ് മികവിൽ ഓസീസ് മത്സരം വിജയിച്ചു. പാകിസ്താനെതിരെ വിരാട് കോഹ്‍ലിയാണ് സെഞ്ച്വറി നേട്ടം സ്വന്തമാക്കിയത്. രചിൻ രവീന്ദ്രയുടെ സെഞ്ച്വറി മികവിൽ ബംഗ്ലാദേശിനെ തോൽപ്പിച്ച് ന്യൂസിലാൻഡ് ചാംപ്യൻസ് ട്രോഫിയുടെ സെമിയിൽ കടന്നു.
Content Highlights: 10 Hundreds in 7 games in Champions Trophy 2025