
ഐസിസി ചാംപ്യൻസ് ട്രോഫി ഏകദിന ക്രിക്കറ്റ് ടൂർണമെന്റിലെ ഏക്കാലത്തെയും ഉയർന്ന വ്യക്തിഗത സ്കോർ നേട്ടം ഇനി അഫ്ഗാനിസ്ഥാൻ ഓപണർ ഇബ്രാഹിം സദ്രാന്റെ പേരിൽ. ഇംഗ്ലണ്ടിനെതിരായ മത്സരത്തിൽ സദ്രാൻ അടിച്ചെടുത്തത് 177 റൺസാണ്. 146 പന്തുകൾ നേരിട്ട് 12 ഫോറും ആറ് സിക്സറും സഹിതമാണ് സദ്രാന്റെ ഇന്നിംഗ്സ്. ഫെബ്രുവരി 22ന് ഇംഗ്ലണ്ടിന്റെ ബെൻ ഡക്കറ്റ് ഓസ്ട്രേലിയയ്ക്കെതിരെ അടിച്ചെടുത്ത 165 റൺസാണ് പഴങ്കഥയായത്. ചാംപ്യൻസ് ട്രോഫിയിൽ അഫ്ഗാനായി ആദ്യ സെഞ്ച്വറി നേട്ടമെന്ന റെക്കോർഡും സദ്രാൻ സ്വന്തമാക്കി.
മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത അഫ്ഗാനിസ്ഥാൻ നിശ്ചിത 50 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ട്ത്തിൽ 325 റൺസെടുത്തു. ക്യാപ്റ്റൻ ഹഷ്മത്തുള്ള ഷാഹിദി 40, അസ്മത്തുള്ള ഒമർസായി 41, മുഹമ്മദ് നബി 40 എന്നിവരാണ് അഫ്ഗാൻ നിരയിൽ തിളങ്ങിയ മറ്റ് ബാറ്റർമാർ. ഒരു ഘട്ടത്തിൽ മൂന്നിന് 37 എന്ന നിലയിൽ തകർന്ന അഫ്ഗാനിസ്ഥാനാണ് 326 എന്ന ലക്ഷ്യം മുന്നോട്ടുവെച്ചത്.
ഓപണറായി ഇറങ്ങിയ ഇബ്രാഹിം സദ്രാൻ ആറാമനായാണ് പുറത്തായത്. നാലാം വിക്കറ്റിൽ ഷാഹിദിക്കൊപ്പം 103 റൺസും അഞ്ചാം വിക്കറ്റിൽ ഒമർസായിക്കൊപ്പം 72 റൺസും ആറാം വിക്കറ്റിൽ മുഹമ്മദ് നബിയ്ക്കൊപ്പം 111 റൺസും സദ്രാൻ കൂട്ടിച്ചേർത്തു. ഇംഗ്ലണ്ടിനായി ജൊഫ്ര ആർച്ചർ മൂന്ന് വിക്കറ്റ് വീഴ്ത്തി. രണ്ട് വിക്കറ്റുകൾ ലയാം ലിവിങ്സ്റ്റണും സ്വന്തമാക്കി.
Content Highlights: Ibrahim Zadran hits historic first-ever Champions Trophy century for Afghanistan