
ഐസിസി ചാംപ്യൻസ് ട്രോഫി ഏകദിന ക്രിക്കറ്റ് ടൂർണമെന്റിൽ ആദ്യ വിജയവുമായി അഫ്ഗാനിസ്ഥാൻ. അവസാന ഓവർ വരെ നീണ്ടുനിന്ന ആവേശകരമായ പോരാട്ടത്തിനൊടുവിൽ ഇംഗ്ലണ്ടിനെ എട്ട് റൺസിന് അഫ്ഗാൻ പരാജയപ്പെടുത്തി. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത അഫ്ഗാനിസ്ഥാൻ നിശ്ചിത 50 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 325 റൺസെടുത്തു. മറുപടി പറഞ്ഞ ഇംഗ്ലണ്ട് 49.5 ഓവറിൽ 317 റൺസിൽ എല്ലാവരും പുറത്തായി.
നേരത്തെ ഇബ്രാഹിം സദ്രാന്റെ പോരാട്ടമാണ് അഫ്ഗാനിസ്ഥാനെ മികച്ച സ്കോറിലെത്തിച്ചത്. 146 പന്തുകൾ നേരിട്ട് 12 ഫോറും ആറ് സിക്സറും സഹിതം സദ്രാൻ 177 റൺസെടുത്തു. ഐസിസി ചാംപ്യൻസ് ട്രോഫി ഏകദിന ക്രിക്കറ്റ് ടൂർണമെന്റിലെ ഏക്കാലത്തെയും ഉയർന്ന വ്യക്തിഗത സ്കോർ കൂടിയാണിത്. ഫെബ്രുവരി 22ന് ഇംഗ്ലണ്ടിന്റെ ബെൻ ഡക്കറ്റ് ഓസ്ട്രേലിയയ്ക്കെതിരെ അടിച്ചെടുത്ത 165 റൺസാണ് പഴങ്കഥയായത്. ചാംപ്യൻസ് ട്രോഫിയിൽ അഫ്ഗാനായി ആദ്യ സെഞ്ച്വറി നേടുന്ന താരം, ഏകദിന ക്രിക്കറ്റിൽ അഫ്ഗാനായി ഏറ്റവും ഉയർന്ന സ്കോർ നേടുന്ന താരം എന്നീ നേട്ടങ്ങളും സദ്രാൻ സ്വന്തമാക്കി.
ക്യാപ്റ്റൻ ഹഷ്മത്തുള്ള ഷാഹിദി 40, അസ്മത്തുള്ള ഒമർസായി 41, മുഹമ്മദ് നബി 40 എന്നിവരാണ് അഫ്ഗാൻ നിരയിൽ തിളങ്ങിയ മറ്റ് ബാറ്റർമാർ. ഒരു ഘട്ടത്തിൽ മൂന്നിന് 37 എന്ന നിലയിൽ തകർന്ന അഫ്ഗാനിസ്ഥാനാണ് 326 എന്ന ലക്ഷ്യം മുന്നോട്ടുവെച്ചത്. ഓപണറായി ഇറങ്ങിയ ഇബ്രാഹിം സദ്രാൻ ആറാമനായാണ് പുറത്തായത്. നാലാം വിക്കറ്റിൽ ഷാഹിദിക്കൊപ്പം 103 റൺസും അഞ്ചാം വിക്കറ്റിൽ ഒമർസായിക്കൊപ്പം 72 റൺസും ആറാം വിക്കറ്റിൽ മുഹമ്മദ് നബിയ്ക്കൊപ്പം 111 റൺസും സദ്രാൻ കൂട്ടിച്ചേർത്തു. ഇംഗ്ലണ്ടിനായി ജൊഫ്ര ആർച്ചർ മൂന്ന് വിക്കറ്റ് വീഴ്ത്തി. രണ്ട് വിക്കറ്റുകൾ ലയാം ലിവിങ്സ്റ്റണും സ്വന്തമാക്കി.
മറുപടി പറഞ്ഞ ഇംഗ്ലണ്ട് ഒരു ഘട്ടത്തിൽ ബാറ്റിങ് തകർച്ച നേരിട്ടു. 12 റൺസുമായി ഫിൽ സോൾട്ടും ഒമ്പത് റൺസുമായി ജാമി സ്മിത്തും മടങ്ങുമ്പോൾ ഇംഗ്ലീഷ് സ്കോർ രണ്ടിന് 30 റൺസ് മാത്രം. നാലാമനായി ക്രീസിലെത്തിയ ജോ റൂട്ടാണ് പിന്നീട് ഇംഗ്ലീഷ് സ്കോർ ബോർഡ് നിയന്ത്രിച്ചത്. ഒരറ്റത്ത് വിക്കറ്റുകൾ കൊഴിയുമ്പോഴും റൂട്ട് പോരാട്ടം തുടർന്നു.
111 പന്തിൽ 11 ഫോറും ഒരു സിക്സറും സഹിതം 120 റൺസുമായി റൂട്ട് മടങ്ങുമ്പോൾ ഇംഗ്ലീഷ് സ്കോർ ഏഴിന് 287 റൺസിലെത്തി. ബെൻ ഡക്കറ്റ് 38, ഹാരി ബ്രൂക്ക് 25, ക്യാപ്റ്റൻ ജോസ് ബട്ലർ 38, ജാമി ഓവർടൺ 32, ജൊഫ്രാ ആർച്ചർ 14 എന്നിവരുടെ പ്രകടനങ്ങൾ ഇംഗ്ലണ്ടിനെ വിജയത്തിലേക്കെത്തിച്ചില്ല. അഫ്ഗാനിസ്ഥാനായി അസ്മത്തുള്ള ഒമർസായി അഞ്ച് വിക്കറ്റെടുത്തു. മുഹമ്മദ് നബി രണ്ട് വിക്കറ്റുകൾ സ്വന്തമാക്കി. ഫസൽഹഖ് ഫാറൂഖി, റാഷിദ് ഖാൻ, ഗുലാബ്ദീൻ നയീബ് എന്നിവർ ഓരോ വിക്കറ്റുകളും നേടി.
Content Highlights: Afghanistan wins by 8 runs, knocks England out