
വനിത പ്രീമിയർ ലീഗ് ക്രിക്കറ്റിൽ തകർപ്പൻ വിജയവുമായി മുംബൈ ഇന്ത്യൻസ്. യു പി വാരിയേഴ്സിനെ എട്ട് വിക്കറ്റിനാണ് മുംബൈ ഇന്ത്യൻസ് വനിതകൾ പരാജയപ്പെടുത്തിയത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത യു പി വാരിയേഴ്സ് നിശ്ചിത 20 ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 142 റൺസെടുത്തു. മറുപടി ബാറ്റിങ്ങിൽ 17 ഓവറിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ മുംബൈ ലക്ഷ്യം കണ്ടു.
ടോസ് നേടിയ മുംബൈ ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. 45 റൺസെടുത്ത ഗ്രേസ് ഹാരിസും 33 റൺസുമായി വൃന്ദ ദിനേശുമാണ് യു പി നിരയിൽ തിളങ്ങിയത്. രണ്ടാം വിക്കറ്റിൽ ഇരുവരും ചേർന്ന് 80 റൺസ് കൂട്ടിച്ചേർത്തു. മുംബൈ ഇന്ത്യൻസിനായി നാറ്റ് സ്കിവർ മൂന്ന് വിക്കറ്റുകളെടുത്തു. നാല് ഓവറിൽ 18 റൺസ് മാത്രം വിട്ടുകൊടുത്താണ് സ്കിവറിന്റെ നേട്ടം.
മറുപടി ബാറ്റിങ്ങിൽ മുംബൈ ഇന്ത്യൻസ് അനായാസം ലക്ഷ്യത്തിലെത്തി. ഓപണർ ഹെയ്ലി മാത്യൂസ് 50 പന്തിൽ 59, നാറ്റ് സ്കിവർ പുറത്താകാതെ 44 പന്തിൽ 75 എന്നിവരുടെ പ്രകടനങ്ങളാണ് മുംബൈയ്ക്ക് തുണയായത്. ഇരുവരും ചേർന്ന രണ്ടാം വിക്കറ്റിൽ 133 റൺസ് കൂട്ടിച്ചേർത്തു. നാറ്റ് സ്കിവറാണ് മത്സരത്തിലെ താരം.
Content Highlights: All-round Nat Sciver-Brunt shines as MI go top