
ഇന്ത്യൻ പ്രീമിയർ ലീഗ് ക്രിക്കറ്റ് ടൂർണമെന്റിൽ ഡൽഹി ക്യാപിറ്റൽസ് മെന്ററായി ഇംഗ്ലണ്ട് മുൻ ഇതിഹാസം കെവിൻ പീറ്റേഴ്സണെ നിയമിച്ചു. സമൂഹമാധ്യമങ്ങളിലൂടെ ഡൽഹി ക്യാപിറ്റൽസ് തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ഇന്ത്യൻ മുൻ താരം ഹേമാങ് ബദാനിയാണ് ഡൽഹി ക്യാപിറ്റൽസിന്റെ മുഖ്യപരിശീലകന്റെ റോൾ.
കഴിഞ്ഞ ഐപിഎൽ സീസണിൽ ഓസ്ട്രേലിയൻ മുൻ ഇതിഹാസ നായകൻ റിക്കി പോണ്ടിങ് ആയിരുന്നു ഡൽഹിയുടെ പരിശീലകൻ. എന്നാൽ ഡൽഹിയെ പ്ലേ ഓഫിലെത്തിക്കുന്നതിൽ പരാജയപ്പെട്ടതോടെ പോണ്ടിങ്ങിനെ പരിശീലക സ്ഥാനത്ത് നിന്നും ഒഴിവാക്കുകയായിരുന്നു. എന്നാൽ ഡൽഹി ക്യാപിറ്റൽസിന്റെ നായകനെ ഇനിയും പ്രഖ്യാപിച്ചിട്ടില്ല.
ഇന്ത്യൻ പ്രീമിയർ ലീഗിൽ രണ്ട് സീസണുകളിൽ ഡൽഹി ക്യാപിറ്റൽസിന്റെ താരവുമായിരുന്നു കെവിൻ പീറ്റേഴ്സൺ. 2012ലും 2014ലുമാണ് ഇംഗ്ലീഷ് ഇതിഹാസം ഡൽഹിക്കായി കളിച്ചത്. 19 മത്സരങ്ങളിൽ നിന്നായി 599 റൺസാണ് ഡൽഹിക്കായി പീറ്റേഴ്സൺ അടിച്ചുകൂട്ടിയത്. റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിനായും റൈസിങ് പൂനെ സൂപ്പർ ജയന്റ്സിനായും പീറ്റേഴ്സൺ കളിച്ചിട്ടുണ്ട്.
Content Highlights: Kevin Pietersen returns to Delhi Capitals, named mentor for new season