
ഐസിസി ചാംപ്യൻസ് ട്രോഫി ഏകദിന ക്രിക്കറ്റ് ടൂർണമെന്റിൽ ഇംഗ്ലണ്ടിനെതിരായ വിജയത്തിലെ സന്തോഷം പങ്കുവെച്ച് അഫ്ഗാനിസ്ഥാൻ നായകൻ ഹസ്മത്തുള്ള ഷാഹിദി. ഈ വിജയത്തിൽ ഒരു രാജ്യം സന്തോഷത്തിലാണ്. ഒരു ടീമെന്ന നിലയിൽ ഞങ്ങളും സന്തോഷിക്കുന്നു. അടുത്ത മത്സരത്തിലെ വിജയമാണ് ഇനി ലക്ഷ്യം. ഓരോ ദിവസവും അഫ്ഗാൻ ടീം മുന്നോട്ട് നീങ്ങുകയാണ്. 2023ലാണ് ഇംഗ്ലണ്ടിനെ മുമ്പ് ഞങ്ങൾ പരാജയപ്പെടുത്തിയിട്ടുള്ളത്. ഇന്ന് ഒരൽപ്പം ആവേശകരമായ മത്സരമായിരുന്നു. അവസാന നിമിഷം വിജയം നേടാൻ അഫ്ഗാൻ കഴിഞ്ഞു. അതിൽ വലിയ സന്തോഷമുണ്ട്. ഷാഹിദി പറഞ്ഞു.
ഇബ്രാഹിം സദ്രാൻ മികച്ച താരമാണ്. തുടക്കത്തിൽ അഫ്ഗാന് മൂന്ന് വിക്കറ്റുകൾ നഷ്ടമായി. എന്നാൽ ഇബ്രാഹിം സദ്രാൻ പടുത്തുയർത്തിയ കൂട്ടുകെട്ടുകൾ നിർണായകമായി. ഏകദിന ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച ഇന്നിംഗ്സുകളിൽ ഒന്നാണിത്. അസമത്തുള്ള ഒമർസായി ബാറ്റുകൊണ്ടും പന്തുകൊണ്ടും തിളങ്ങി. അഫ്ഗാൻ ടീമിലെ എല്ലാവർക്കും അവരുടെ റോളുകൾ അറിയാം. എല്ലാവരും മികച്ച രീതിയിൽ കളിക്കുന്നു. ഓസ്ട്രേലിയയ്ക്കെതിരെ ഈ മികവ് തുടരാനാകുമെന്നാണ് പ്രതീക്ഷ. ആ മത്സരമാണ് ആര് സെമിയിലെത്തുമെന്ന് തീരുമാനിക്കുന്നത്. ഷാഹിദി വ്യക്തമാക്കി.
ചാംപ്യൻസ് ട്രോഫിയിൽ ഇംഗ്ലണ്ടിനെതിരെ എട്ട് റൺസ് വിജയമാണ് അഫ്ഗാനിസ്ഥാൻ സ്വന്തമാക്കിയത്. അവസാന ഓവർ വരെ നീണ്ടുനിന്ന ആവേശകരമായ പോരാട്ടത്തിനൊടുവിലാണ് അഫ്ഗാൻ ജയം. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത അഫ്ഗാനിസ്ഥാൻ നിശ്ചിത 50 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 325 റൺസെടുത്തു. ഇബ്രാഹിം സദ്രാൻ നേടിയ 177 റൺസാണ് അഫ്ഗാനെ മികച്ച സ്കോറിലെത്തിച്ചത്. മറുപടി പറഞ്ഞ ഇംഗ്ലണ്ട് 49.5 ഓവറിൽ 317 റൺസിൽ എല്ലാവരും പുറത്തായി. ജോ റൂട്ടിന്റെ 120 റൺസ് മാത്രമായിരുന്നു ഇംഗ്ലണ്ട് പോരാട്ടത്തിന് കരുത്ത് പകർന്നത്.
Content Highlights: Our nation will be happy with this win says Hashmatullah Shahidi