
ഐസിസി ചാംപ്യൻസ് ട്രോഫി ഏകദിന ക്രിക്കറ്റ് ടൂർണമെന്റിൽ നിന്നും പുറത്തായതിന് പിന്നാലെ പ്രതികരണവുമായി ബംഗ്ലാദേശ് ക്രിക്കറ്റ് ടീം ക്യാപ്റ്റൻ നജ്മുൾ ഹൊസൈൻ ഷാന്റോ. ബാറ്റിങ് മെച്ചപ്പെടുത്തണമെന്ന് മുമ്പ് പലതവണ താൻ പറഞ്ഞിട്ടുള്ളതാണ്. എന്നാൽ സ്ഥിരം പിഴവുകൾ വീണ്ടും വീണ്ടും ആവർത്തിക്കപ്പെടുന്നു. ബാറ്റിങ് മെച്ചപ്പെടുത്തുകയാണ് വേണ്ടത്. ഈ ടൂർണമെന്റിന് ശേഷം ബംഗ്ലാദേശ് ടീമിന്റെ ബാറ്റിങ് കൂടുതൽ മെച്ചപ്പെടുത്താനുള്ള ശ്രമങ്ങൾ ഉണ്ടാകുമെന്നാണ് പ്രതീക്ഷ. ചാംപ്യൻസ് ട്രോഫിയിൽ നിന്ന് പുറത്തായതിന് പിന്നാലെ ബംഗ്ലാദേശ് നായകൻ പ്രതികരിച്ചു.
ചാംപ്യൻസ് ട്രോഫിയിൽ ഒരു മത്സരം പോലും വിജയിക്കാൻ ബംഗ്ലാദേശിന് കഴിഞ്ഞില്ല. ഇന്ത്യയും ന്യൂസിലാൻഡും പാകിസ്താനും ഉൾപ്പെട്ട ഗ്രൂപ്പ് എയിലാണ് ബംഗ്ലാദേശ് മത്സരിച്ചത്. പാകിസ്താനോടും ബംഗ്ലാദേശിനോടും ജയിച്ച് ഇന്ത്യയും ന്യൂസിലാൻഡും നേരത്തെ തന്നെ സെമി ഉറപ്പിച്ചു. ഇന്ന് നടക്കേണ്ടിയിരുന്ന പാകിസ്താൻ-ബംഗ്ലാദേശ് മത്സരം മഴമൂലം ഉപേക്ഷിച്ചു. ഗ്രൂപ്പിൽ അവസാന മത്സരത്തിൽ ഇന്ത്യ ന്യൂസിലാൻഡിനെ നേരിടും. മാർച്ച് രണ്ടിനാണ് മത്സരം.
ഗ്രൂപ്പ് ബിയിലാണ് ഇനിയും സെമി ഫൈനലിസ്റ്റുകളെ തീരുമാനമാകാത്തത്. ഇംഗ്ലണ്ട് രണ്ട് മത്സരങ്ങൾ തോറ്റ് പുറത്തായപ്പോൾ ഓസ്ട്രേലിയ, ദക്ഷിണാഫ്രിക്ക, അഫ്ഗാനിസ്ഥാൻ ടീമുകൾ സെമിയിലേക്കെത്താൻ മത്സരിക്കുന്നു. ഓസ്ട്രേലിയയ്ക്ക് അഫ്ഗാനിസ്ഥാനുമായും ദക്ഷിണാഫ്രിക്കയ്ക്ക് ഇംഗ്ലണ്ടുമായുമാണ് അവസാന മത്സരങ്ങൾ.
Content Highlights: we did same mistakes over and over says Bangladesh Captain