
ഐസിസി ചാംപ്യൻസ് ട്രോഫി ഏകദിന ക്രിക്കറ്റ് ടൂർണമെന്റിൽ അഫ്ഗാനിസ്ഥാൻ ടീമിന്റെ ഉപദേശകനായി പാകിസ്താൻ മുൻ താരം യൂനിസ് ഖാൻ എത്തിയതിൽ പ്രതികരണവുമായി പാകിസ്താൻ മുൻ വിക്കറ്റ് കീപ്പറും ക്യാപ്റ്റനുമായിരുന്ന റാഷിദ് ലത്തീഫ്. പാകിസ്താൻ ടെലിവിഷൻ ചാനലിലെ ഒരു പ്രോഗാമിനിടെയാണ് അഫ്ഗാൻ ക്രിക്കറ്റിനൊപ്പം യൂനിസ് ഖാൻ പ്രവർത്തിക്കുന്നതിന്റെ കാരണമെന്തെന്ന ചോദ്യം റാഷിദ് ലത്തീഫ് നേരിട്ടത്.
പാകിസ്താൻ ക്രിക്കറ്റിനൊപ്പം പ്രവർത്തിക്കാൻ യൂനിസ് ഖാനെ ക്ഷണിച്ചതാണ്. എന്നാൽ താൽപ്പര്യമില്ലെന്നായിരുന്നു യൂനിസിന്റെ മറുപടി. അതിന് കാരണം പാകിസ്താൻ ക്രിക്കറ്റിനൊപ്പം പ്രവർത്തിച്ചാൽ സാമ്പത്തികമായി ഗുണം ചെയ്യില്ല എന്നതാണ്. റാഷിദ് ലത്തീഫ് പ്രതികരിച്ചു. ചാംപ്യൻസ് ട്രോഫി ടൂർണമെന്റിനുള്ള അഫ്ഗാനിസ്ഥാൻ ടീമിന്റെ മെന്ററാണ് യൂനിസ് ഖാൻ.
ചാംപ്യൻസ് ട്രോഫിയിൽ ഒരു മത്സരം പോലും വിജയിക്കാൻ പാകിസ്താന് കഴിഞ്ഞില്ല. ഇന്ത്യയും ന്യൂസിലാൻഡും ബംഗ്ലാദേശും ഉൾപ്പെട്ട ഗ്രൂപ്പ് എയിലാണ് പാകിസ്താനും മത്സരിച്ചത്. പാകിസ്താനോടും ബംഗ്ലാദേശിനോടും ജയിച്ച് ഇന്ത്യയും ന്യൂസിലാൻഡും നേരത്തെ തന്നെ സെമി ഉറപ്പിച്ചിരുന്നു. ഇന്ന് നടക്കേണ്ടിയിരുന്ന പാകിസ്താൻ-ബംഗ്ലാദേശ് മത്സരം മഴമൂലം ഉപേക്ഷിക്കുകയും ചെയ്തു. ഗ്രൂപ്പിൽ അവസാന മത്സരത്തിൽ ഇന്ത്യ ന്യൂസിലാൻഡിനെ നേരിടും. മാർച്ച് രണ്ടിനാണ് മത്സരം.
മറുവശത്ത് ദക്ഷിണാഫ്രിക്കയോട് പരാജയപ്പെട്ടും ഇംഗ്ലണ്ടിനോട് വിജയിച്ചും ചാംപ്യൻസ് ട്രോഫി പ്രതീക്ഷകൾ അഫ്ഗാൻ നിലനിർത്തിയിരിക്കുകയാണ്. നാളെ നടക്കുന്ന മത്സരത്തിൽ ഓസ്ട്രേലിയയെ തോൽപ്പിക്കാൻ കഴിഞ്ഞാൽ അഫ്ഗാന് ചാംപ്യൻസ് ട്രോഫിയുടെ സെമി കളിക്കാൻ കഴിയും.
Content Highlights: Younis Khan said no to Pakistan cricket to work with Afghanistan said Rashid Latif