അവസാന ഓവറുകളില്‍ തകർത്തടിച്ച് ഒമർസായി; ഓസ്‌ട്രേലിയയ്ക്ക് 274 റണ്‍സ് വിജയലക്ഷ്യം ഉയര്‍ത്തി അഫ്ഗാന്‍

സെദിഖുള്ളയ്ക്ക് പുറമെ അസ്മത്തുള്ള ഒമര്‍സായി (67) അര്‍ധസെഞ്ച്വറി നേടി.

dot image

ചാംപ്യന്‍സ് ട്രോഫിയിലെ നിര്‍ണായക പോരാട്ടത്തില്‍ ഓസ്‌ട്രേലിയയ്ക്ക് മുന്നില്‍ 274 റണ്‍സ് വിജയലക്ഷ്യം ഉയര്‍ത്തി അഫ്ഗാനിസ്ഥാന്‍. നിശ്ചിത 50 ഓവറില്‍ 273 റണ്‍സിന് അഫ്ഗാനിസ്ഥാന്‍ പുറത്താവുകയായിരുന്നു. 85 റണ്‍സ് നേടിയ സെദിഖുള്ള അത്തലിന്റെ ഇന്നിങ്‌സാണ് അഫ്ഗാന്‍ സ്കോറിന് കരുത്തായത്. സെദിഖുള്ളയ്ക്ക് പുറമെ അസ്മത്തുള്ള ഒമര്‍സായി (67) അര്‍ധസെഞ്ച്വറി നേടി. അവസാന ഓവറുകളില്‍ തകർത്തടിച്ച അസ്മത്തുള്ള ഒമര്‍സായിയാണ് അഫ്ഗാനെ 270 റണ്‍സ് കടത്തിയത്.

ലാഹോറിലെ ഗദ്ദാഫി സ്റ്റേഡിയത്തില്‍ ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ അഫ്ഗാനിസ്ഥാന് തുടക്കത്തിലെ ഓപണര്‍ റഹ്‌മാനുള്ള ഗുര്‍ബാസിനെ നഷ്ടമായെങ്കിലും ഫോമിലുള്ള ബാറ്റര്‍ ഇബ്രാഹിം സദ്രാനും (22) സെദിഖുള്ളയും ചേര്‍ന്ന് ടീമിനെ മുന്നോട്ട് നയിച്ചു. രണ്ടാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 50 റണ്‍സ് കൂട്ടുകെട്ടുണ്ടാക്കി.

70 റണ്‍സ് എടുത്തുനില്‍ക്കെ ഇബ്രാഹിം സദ്രാനെ ആദം സാംപ പുറത്താക്കി. പിന്നീട് ക്രീസിലെത്തിയ റഹ്‌മത്ത് ഷാ (12) ഹസ്മത്തുള്ള ഷാഹിദി (20) എന്നിവര്‍ക്ക് അധികനേരം ക്രീസില്‍ പിടിച്ചുനില്‍ക്കാന്‍ കഴിഞ്ഞില്ല. ആറാം നമ്പര്‍ ബാറ്ററായി ക്രീസിലെത്തിയ അസ്മത്തുള്ളയുടെ പ്രകടനമാണ് അഫ്ഗാനിസ്ഥാന് ആശ്വാസം നല്‍കിയത്.

പിന്നീട് സെദിഖുള്ളയും (85) മടങ്ങിയതോടെ അഫ്ഗാന്‍ പ്രതിരോധത്തിലായി. മുഹമ്മദ് നബി (1), ഗുലാഭ്ദിന്‍ നയിഭ് (4), റാഷിദ് ഖാന്‍ (19), നൂര്‍ അഹമ്മദ് (6) എന്നിവര്‍ക്ക് മികച്ച പ്രകടനം പുറത്തെടുക്കാനായില്ല. എങ്കിലും അവസാനഓവറുകളിൽ തകർത്തടിച്ച ഒമർസായി അഫ്ഗാനെ മാന്യമായ സ്കോറിലേക്കെത്തിക്കുകയായിരുന്നു.

ഓസ്‌ട്രേലിയക്ക് വേണ്ടി സ്‌പെന്‍സര്‍ ജോണ്‍സണ്‍, ആദം സാംപ എന്നിവര്‍ രണ്ടും ബെന്‍ ഡാര്‍ഷൂയിസ്, നഥാന്‍ എല്ലിസ്, ഗ്ലെന്‍ മാക്‌സ്വെല്‍ എന്നിവര്‍ ഓരോ വിക്കറ്റും വീതം വീഴ്ത്തി.

Content Highlights: Afghanistan vs Australia, Champions Trophy 2025: AFG 273 all out (50 overs) vs AUS in Lahore

dot image
To advertise here,contact us
dot image