
ഐസിസി ചാംപ്യൻസ് ട്രോഫി ഏകദിന ക്രിക്കറ്റ് ടൂർണമെന്റിൽ തകർപ്പൻ ബൗളിങ്ങുമായി ഓസ്ട്രേലിയൻ ടീം. നിർണായകമായ മത്സരത്തിൽ ഓസീസ് ബൗളിങ്ങിന്റെ മുർച്ചയെ അതിജീവിച്ച് അഫ്ഗാനിസ്ഥാൻ ബാറ്റിങ് തുടരുകയാണ്. മത്സരത്തിൽ ടോസ് നേടിയ അഫ്ഗാനിസ്ഥാൻ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. എന്നാൽ ആദ്യ ഓവർ മുതൽ അഫ്ഗാൻ ബാറ്റർമാർ നേരിടേണ്ടി വന്നത് ഓസീസിന്റെ പേസ് ആക്രമണത്തെയാണ്.
സ്പെൻസർ ജോൺസൺ എറിഞ്ഞ ആദ്യ ഓവറിലെ എല്ലാ പന്തുകൾക്കും 140ന് മുകളിൽ വേഗതയുണ്ടായിരുന്നു. അഞ്ചാം പന്തിൽ സ്പെൻസറിന്റെ യോർക്കർ അഫ്ഗാൻ ഓപണർ റഹ്മാനുള്ള ഗുർബാസിന്റെ കുറ്റിയെടുത്തു. റൺസെടുക്കും മുമ്പെ ഗുർബാസ് ഡ്രെസ്സിങ് റൂമിൽ തിരിച്ചെത്തി. പിന്നാലെ സ്പെൻസർ ജോൺസൺ-ബെന്‍ ഡ്വാര്‍ഷുസ് സഖ്യം ഓസീസിനായി മനോഹരമായി പന്തെറിഞ്ഞു.
ആദ്യ ആറ് ഓവറിൽ അഫ്ഗാൻ ടീമിന് നേടാനായത് 24 റൺസ് മാത്രമാണ്. ഇതിൽ 14 റൺസും എക്സട്രായായി ലഭിച്ചതാണ്. 10 റൺസ് മാത്രമാണ് അഫ്ഗാൻ ബാറ്റർമാർക്ക് അടിച്ചെടുക്കാനായത്. എന്നാൽ മെല്ലെ സ്കോറിങ് തുടങ്ങിയ അഫ്ഗാൻ ബാറ്റർമാർ 10 ഓവറിൽ ഒന്നിന് 54 എന്ന ഭേദപ്പെട്ട നിലയിലെത്തി.
മത്സരം 23 ഓവർ പിന്നിടുമ്പോൾ അഫ്ഗാനിസ്ഥാൻ മൂന്നിന് 113 എന്ന നിലയിലാണ്. സെദിക്കുള്ള അത്തൽ അർധ സെഞ്ച്വറിയുമായി ക്രീസിലുണ്ട്. ഓസ്ട്രേലിയയ്ക്കായി ഗ്ലെൻ മാക്സ്‍വെൽ, സ്പെൻസർ ജോൺസൺ, ആദം സാംപ എന്നിവർ ഓരോ വിക്കറ്റുകൾ സ്വന്തമാക്കി.
Content Highlights: Australia bowls brilliantly against Afghanistan in the first overs