
രഞ്ജി ട്രോഫി ക്രിക്കറ്റ് ടൂർണമെന്റ് ഫൈനലിൽ കേരളത്തിന് തിരിച്ചടിയായി അംപയറിന്റെ തീരുമാനങ്ങൾ. രണ്ട് തവണ അംപയറിന്റെ തീരുമാനങ്ങളിൽ നിന്ന് കേരള താരങ്ങൾ കഷ്ടിച്ചു രക്ഷപെട്ടു. എന്നാൽ ഒടുവിൽ അംപയറിന്റെ തീരുമാനത്തിൽ കേരളത്തിന്റെ മുഹമ്മദ് അസ്ഹറുദീന് വിക്കറ്റ് നഷ്ടമായി.
കേരള ബാറ്റിങ്ങിന്റെ 76-ാം ഓവറിലാണ് അംപയർ തീരുമാനം കേരളത്തിന് തിരിച്ചടിയായ ഒരു സംഭവം. വിദർഭയുടെ പാർത്ഥ് രെഖാഡെ ആയിരുന്നു ബൗളർ. ഇടം കയ്യൻ സ്പിന്നറായ രെഖാഡെയുടെ കുത്തി ഉയർന്ന പന്ത് സച്ചിന്റെ പാഡിൽ തട്ടിയതോടെ വിദർഭ താരങ്ങൾ അപ്പീൽ ചെയ്തു. അംപയർ ഔട്ടും വിധിച്ചു. ഉടൻ തന്നെ സച്ചിൻ അംപയറുടെ തീരുമാനം പരിശോധിക്കാൻ റിവ്യൂ നൽകി. മൂന്നാം അംപയറുടെ പരിശോധനയിൽ സച്ചിന്‍റെ ബാറ്റിൽ പന്ത് തട്ടിയതായി കാണപ്പെട്ടു. ഇതോടെ വിക്കറ്റ് നഷ്ടത്തിൽ നിന്ന് സച്ചിൻ രക്ഷപെടുകയായിരുന്നു.
86-ാം ഓവറിൽ വീണ്ടും അംപയർ തീരുമാനം കേരളത്തിന് തിരിച്ചടിയായി. ഇത്തവണയും രെഖാഡെ തന്നെയായിരുന്നു ബൗളർ. താരത്തിന്റെ പന്തിൽ കേരളത്തിന്റെ മുഹമ്മദ് അസ്ഹറുദീൻ വിക്കറ്റിന് മുന്നിൽ കുടുങ്ങി. അംപയർ ഔട്ട് വിധിച്ചതോടെ അസ്ഹർ റിവ്യൂ ആവശ്യപ്പെട്ടു. മൂന്നാം അംപയറുടെ പരിശോധനയിൽ പന്ത് സ്റ്റമ്പിൽ കൊള്ളില്ലെന്ന് തെളിഞ്ഞു. ഇതോടെ അസ്ഹറിന് ക്രീസിൽ തുടരാൻ സാധിച്ചു.
എന്നാൽ കേരളത്തിന്റെ സന്തോഷം അധികം നീണ്ടില്ല. 95-ാം ഓവറിൽ ദർശൻ നാൽകണ്ടെ എറിഞ്ഞ പന്തിൽ അസ്ഹർ വീണ്ടും വിക്കറ്റിന് മുന്നിൽ കുരുങ്ങി. അംപയറുടെ തീരുമാനം വീണ്ടും കേരളത്തിന് എതിരായി. അസ്ഹർ റിവ്യൂ ആവശ്യപ്പെട്ടു. എന്നാൽ ഇത്തവണ അംപയർസ് കോൾ ആയിരുന്നു മുന്നാം അംപയർ വിധിച്ചത്. അതായത് പന്തിന്റെ 25 ശതമാനമെങ്കിലും സ്റ്റമ്പിൽ തട്ടണമെന്നാണ് നിയമം. ഇതിൽ താഴെയാണെങ്കിൽ അംപയർസ് കോൾ എന്ന് വിധിക്കപ്പെടും. എന്തായാലും കേരളത്തിന്റെ അസ്ഹറുദ്ദീന് അംപയർസ് കോൾ നിയമത്തിൽ കുരുങ്ങി വിക്കറ്റ് നഷ്ടമായി. 34 റൺസാണ് കേരളത്തിന്റെ സമ്പാദ്യം.
അതിനിടെ രഞ്ജി ട്രോഫി ക്രിക്കറ്റ് ടൂർണമെന്റ് ഫൈനലിൽ ആദ്യ ഇന്നിംഗ്സ് ലീഡിനായി കേരളത്തിന്റെ പോരാട്ടം തുടരുകയാണ്. മൂന്നാം ദിവസം രണ്ട് സെഷനുകൾ കഴിയുമ്പോൾ കേരളത്തിന്റെ സ്കോർ ആറ് വിക്കറ്റ് നഷ്ടത്തിൽ 298 റൺസെന്ന നിലയിലാണ്. വിദർഭയുടെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 379ന് ഒപ്പമെത്താൻ കേരളത്തിന് ഇനി 81 റൺസ് കൂടി വേണം. 82 റൺസുമായി ക്രീസിൽ തുടരുന്ന ക്യാപ്റ്റൻ സച്ചിൻ ബേബിയിലാണ് കേരളത്തിന്റെ പ്രതീക്ഷ.
Content Highlights: Umpires' decisions resulting setback for Kerala in Ranji