
ചാംപ്യൻസ് ട്രോഫിയിലെ കഴിഞ്ഞ മത്സരത്തിൽ ഇംഗ്ലണ്ടിനെ തോൽപ്പിച്ച അഫ്‌ഗാനിസ്ഥാൻ മറ്റൊരു ചരിത്ര വിജയം കൂടി ലക്ഷ്യമിട്ട് ഇന്ന് ഓസീസിനെതിരെ ഇറങ്ങുകയാണ്. ഇന്ന് ഓസീസിനെയും തോൽപ്പിക്കാനായാൽ ചാംപ്യന്‍സ് ട്രോഫിയുടെ ചരിത്രത്തിലാദ്യമായി സെമിയിലേക്ക് മുന്നേറാൻ അഫ്ഗാൻ ടീമിന് കഴിയും.
അതേ സമയം ആദ്യ മത്സരത്തിൽ ഇംഗണ്ടിനെ തോൽപ്പിക്കുകയും ദക്ഷിണാഫ്രിക്കയുമായുള്ള രണ്ടാം മത്സരം സമനിലയാകുകയും ചെയ്തതതോടെ മൂന്ന് പോയിന്റുള്ള ഓസീസിന് ഇനി സെമിയിലേക്ക് കടക്കാൻ ഒരു പോയിന്റ് കൂടെ മതി. മത്സരം മഴമൂലം ഉപേക്ഷിച്ചാൽ പോലും അത് അഫ്‌ഗാന് തിരിച്ചടിയാകും. നിലവിൽ ലാഹോറിൽ മഴ ഭീഷണിയുണ്ട് താനും.
2023ലെ ഏകദിന ലോകകപ്പിലെ സമാന സ്ഥിതിയിൽ അഫ്ഗാൻ ഓസീസിനെ നേരിട്ടിരുന്നു. എന്നാൽ തോൽവി ഉറപ്പിച്ചിടത്തുനിന്നും ഗ്ലെന്‍ മാക്‌സ്‌വെല്‍ നേടിയ ഇരട്ട സെഞ്ച്വറി ഓസീസിനെ രക്ഷിച്ചു. അന്ന് പരിക്കുപറ്റിയിട്ടും ക്രീസ് വിടാതെ മാക്‌സ്‌വെൽ നടത്തിയ പ്രകടനം ഏറെ ആഘോഷിക്കപ്പെടുകയും ചെയ്തിരുന്നു. ആ മാക്‌സ്‌വെല്‍ ഇന്നും ഓസീസ് നിരയില്‍ ഇറങ്ങുന്നുണ്ട്.
2024ലെ ടി20 ലോകകപ്പ് പോരാട്ടത്തില്‍ ഓസ്‌ട്രേലിയയെ അട്ടിമറിച്ച ചരിത്രം അഫ്ഗാനുണ്ട്. സൂപ്പര്‍ എട്ടില്‍ അന്ന് 21 റണ്‍സിനാണ് അവര്‍ ഓസീസിനെ പരാജയപ്പെടുത്തിയത്. ചരിത്രത്തിലാദ്യമായി അവര്‍ ഒരു ഐസിസി പോരാട്ടത്തിന്റെ സെമിയിലേക്കും മുന്നേറി. ആ ഓര്‍മകളുടെ ബലത്തിലാണ് അഫ്ഗാന്‍ ഓസീസിനെതിരെ ഇറങ്ങുന്നത്.
content higlights: champions trophy; afganisthan vs australia