ചാംപ്യന്‍സ് ട്രോഫിയില്‍ നിന്ന് പുറത്ത്; പിന്നാലെ ഇംഗ്ലണ്ടിന്റെ ക്യാപ്റ്റന്‍ സ്ഥാനം ഒഴിഞ്ഞ് ജോസ് ബട്‌ലര്‍

ഓസ്ട്രേലിയയോടും അഫ്ഗാനിസ്ഥാനോടുമേറ്റ തോല്‍വിയോടെ ടീമിന്റെ സെമി ഫൈനല്‍ പ്രതീക്ഷകള്‍ അവസാനിച്ചിരുന്നു

dot image

ഇംഗ്ലണ്ട് ദേശീയ ക്രിക്കറ്റ് ടീമിന്റെ വൈറ്റ് ബോള്‍ ക്യാപ്റ്റന്‍ സ്ഥാനം ഒഴിഞ്ഞ് സൂപ്പര്‍ താരം ജോസ് ബട്‌ലര്‍. 2025ലെ ഐസിസി ചാംപ്യന്‍സ് ട്രോഫി ടൂര്‍ണമെന്റില്‍ ഇംഗ്ലണ്ട് ടീമിന്റെ നിരാശാജനകമായ പ്രകടനത്തെ തുടര്‍ന്നാണ് ബട്ലർ നായകസ്ഥാനം രാജിവെച്ചത്. ചാംപ്യന്‍സ് ട്രോഫിയിലെ ഗ്രൂപ്പ് ഘട്ടത്തില്‍ ഓസ്ട്രേലിയയോടും അഫ്ഗാനിസ്ഥാനോടുമേറ്റ തോല്‍വിയോടെ ഇംഗ്ലണ്ട് ടീമിന്റെ സെമി ഫൈനല്‍ പ്രതീക്ഷകള്‍ അവസാനിച്ചിരുന്നു.

തുടര്‍ന്ന് ഇംഗ്ലണ്ട് ടീമിനെതിരെയും ക്യാപ്റ്റന്‍ ബട്‌ലര്‍ക്കെതിരെയും വ്യാപകമായി വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. ഇതിനു പിന്നാലെയാണ് ബട്‌ലര്‍ ക്യാപ്റ്റന്‍ സ്ഥാനമൊഴിയുന്നതായി പ്രഖ്യാപിച്ചത്. കറാച്ചിയില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ നടക്കുന്നത് ക്യാപ്റ്റനായുള്ള തന്റെ അവസാന മത്സരമായിരിക്കുമെന്ന് ബട്‌ലര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിക്കുകയായിരുന്നു.

'ഇംഗ്ലണ്ട് ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്നും ഞാന്‍ മാറാന്‍ പോവുകയാണ്. എന്നെ സംബന്ധിച്ചും ടീമിനും ഇത് ശരിയായ തീരുമാനമാണ്. ബാസിനൊപ്പം (ബ്രണ്ടന്‍ മക്കല്ലം) ഇനി ക്യാപ്റ്റനാവുന്ന ആൾ ടീമിനെ കൂടുതല്‍ മികച്ച നിലയിലേക്ക് എത്തിക്കുമെന്ന് പ്രതീക്ഷിക്കുന്നു', ബട്ലര്‍ പറഞ്ഞു. സങ്കടവും നിരാശയും തോന്നുന്നുണ്ടെങ്കിലും ക്രിക്കറ്റ് ആസ്വദിക്കുമെന്നും ബട്‌ലര്‍ കൂട്ടിച്ചേര്‍ത്തു. ക്യാപ്റ്റന്‍ സ്ഥാനം രാജിവച്ചെങ്കിലും ഇംഗ്ലണ്ടിനായി ബട്‌ലര്‍ തുടര്‍ന്നും കളിക്കും.

2022ല്‍ ഇയോന്‍ മോര്‍ഗന്റെ പിന്‍ഗാമിയായി ഇംഗ്ലണ്ടിന്റെ ടി20 നായകനായി എത്തിയ ബട്ലര്‍ ആ വര്‍ഷം നടന്ന ടി20 ലോകകപ്പില്‍ ടീമിനെ കിരീടത്തിലേക്ക് എത്തിച്ചിരുന്നു. എന്നാല്‍ പിന്നീടങ്ങോട്ട് ജോസ് ബട്‌ലറിന് അത്ര നല്ല കാലമായിരുന്നില്ല. 2023 ഏകദിന ലോകകപ്പ്, 2024 ടി20 ലോകകപ്പ്, ഇപ്പോള്‍ ചാമ്പ്യന്‍സ് ട്രോഫിയിലടക്കം കിരീടമില്ലാതെ പുറത്തായി. ബട്‌ലര്‍ നായകനായ 36 ഏകദിനങ്ങളില്‍ 22 തോല്‍വി വഴങ്ങി. 46 ടി20കളില്‍ 23 തോല്‍വികളും ഇംഗ്ലീഷ് പട വഴങ്ങി.

Content Highlights: Jos Buttler Resigns as England's White-Ball Captain After Champions Trophy Exit

dot image
To advertise here,contact us
dot image