
രഞ്ജി ട്രോഫി ക്രിക്കറ്റ് ടൂർണമെന്റിന്റെ ഫൈനലിൽ വിദർഭയോട് ഒന്നാം ഇന്നിംഗ്സ് ലീഡ് വഴങ്ങി കേരളം. വിദർഭയുടെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 379ന് മറുപടി പറഞ്ഞ കേരളം ആദ്യ ഇന്നിംഗ്സിൽ 342 റൺസിന് എല്ലാവരും പുറത്തായി. 37 റൺസിന്റെ ഒന്നാം ഇന്നിംഗ്സ് ലീഡാണ് വിദർഭ സ്വന്തമാക്കിയത്. രണ്ട് ദിവസം അവശേഷിക്കെ ഇനി വിദർഭയെ പരാജയപ്പെടുത്തിയാൽ മാത്രമെ കേരളത്തിന് രഞ്ജി ട്രോഫി സ്വന്തമാക്കാൻ കഴിയൂ. മത്സരം സമനിലയിലായാൽ ഒന്നാം ഇന്നിംഗ്സ് ലീഡിന്റെ അടിസ്ഥാനത്തിൽ വിദർഭയ്ക്ക് രഞ്ജി ട്രോഫി സ്വന്തമാക്കാം.
നേരത്തെ മൂന്നിന് 131 എന്ന സ്കോറിൽ നിന്നാണ് കേരളം മൂന്നാം ദിവസം രാവിലെ ബാറ്റിങ് പുനരാംരഭിച്ചത്. 79 റൺസെടുത്ത ആദിത്യ സർവാതെയുടെയും 98 റൺസെടുത്ത ക്യാപ്റ്റൻ സച്ചിൻ ബേബിയുടെയും പ്രകടനമാണ് കേരളത്തിന് പ്രതീക്ഷകൾ നൽകിയത്. 185 പന്തിൽ 10 ഫോറുകൾ ഉൾപ്പെടെയാണ് സർവാതെ 79 റൺസെടുത്തത്. 235 പന്തുകൾ നേരിട്ട് 10 ഫോറുകൾ സഹിതം സച്ചിൻ 98 റൺസെടുത്ത് പുറത്തായി.
സെഞ്ച്വറിക്കരികിൽ നിൽക്കെ അനാവശ്യ ഷോട്ടിന് ശ്രമിച്ചാണ് സച്ചിൻ ബേബി പുറത്താകുന്നത്. പിന്നീട് സ്വന്തമാക്കാൻ കഴിയുമായിരുന്ന ഒന്നാം ഇന്നിംഗ്സ് ലീഡ് കേരളം കൈവിട്ടു. ഏഴിന് 337 എന്ന സ്കോറിൽ നിന്ന് കേരളം 342ൽ ഓൾ ഔട്ടായി. മുഹമ്മദ് അസ്ഹറുദ്ദീൻ 34, ജലജ് സക്സേന 28, രണ്ടാം ദിവസം അഹമ്മദ് ഇമ്രാൻ 37 എന്നിങ്ങനെയാണ് കേരള താരങ്ങളുടെ സ്കോറിങ്ങുകൾ. വിദർഭയ്ക്കായി ദർശൻ നാൽകണ്ടെ, ഹർഷ് ദുബെ, പാർത്ഥിവ് നാൽകണ്ടെ എന്നിവർ മൂന്ന് വീതം വിക്കറ്റുകൾ വീഴ്ത്തി.
Content Highligths: Kerala conceded 37 runs lead in first innings against Vidarbha