
രഞ്ജി ട്രോഫി ക്രിക്കറ്റ് ടൂർണമെന്റ് ഫൈനലിൽ കേരളം അവസാന 19 ഓവറിൽ നേടിയത് 20 റൺസ് മാത്രം. നഷ്ടമായത് നാല് വിക്കറ്റുകൾ. 106 ഓവറിൽ കേരളം ആറിന് 322 എന്ന സ്കോറിലായിരുന്നു. പാർത്ഥ് രേഖണ്ടെ എറിഞ്ഞ 107-ാം ഓവറിൽ രണ്ട് റൺസ് പിറന്നു. എന്നാൽ നാലാം പന്തിൽ കേരള നായകൻ സച്ചിൻ ബേബി പുറത്തായി. 235 പന്തിൽ 10 ഫോറുകളോടെ 98 റൺസെടുത്താണ് സച്ചിൻ പുറത്തായത്. ഇവിടെ നിന്നുമാണ് സ്വന്തമാക്കാൻ കഴിയുമായിരുന്ന ഒന്നാം ഇന്നിംഗ്സ് ലീഡ് കേരളം നഷ്ടപ്പെടുത്തിയത്.
സച്ചിന്റെ പുറത്താകലോടെ കേരളം അമിത പ്രതിരോധത്തിലേക്ക് നീങ്ങി. 117 മുതൽ 120 വരെയുള്ള നാല് ഓവറിൽ ഒരു റൺസ് പോലും കേരളത്തിന് നേടാൻ കഴിഞ്ഞില്ല. ഇതിനിടെ 76 പന്തിൽ 28 റൺസെടുത്ത ജലജ് സക്സേനയുടെ വിക്കറ്റ് കേരളത്തിന് നഷ്ടമായി. ഈ സമയം കേരത്തിന്റെ സ്കോർ എട്ടിന് 337 എന്നായി. അവശേഷിച്ച രണ്ട് വിക്കറ്റുകളിൽ അഞ്ച് റൺസ് കൂടി നേടാനെ കേരളത്തിന് കഴിഞ്ഞുള്ളു. 125 ഓവറിൽ കേരളം 342 റൺസിൽ എല്ലാവരും പുറത്തായി.
രഞ്ജി ട്രോഫി ക്രിക്കറ്റ് ടൂർണമെന്റിന്റെ ഫൈനലിൽ 37 റൺസിന്റെ ഒന്നാം ഇന്നിംഗ്സ് ലീഡാണ് വിദർഭ സ്വന്തമാക്കിയത്. രണ്ട് ദിവസം അവശേഷിക്കെ ഇനി വിദർഭയെ പരാജയപ്പെടുത്തിയാൽ മാത്രമെ കേരളത്തിന് രഞ്ജി ട്രോഫി സ്വന്തമാക്കാൻ കഴിയൂ. മത്സരം സമനിലയിലായാൽ ഒന്നാം ഇന്നിംഗ്സ് ലീഡിന്റെ അടിസ്ഥാനത്തിൽ വിദർഭയ്ക്ക് രഞ്ജി ട്രോഫി സ്വന്തമാക്കാം.
Content Highlights: Kerala scored just 20 runs in last 19 overs in Ranji Trophy final