
ചാംപ്യൻസ് ട്രോഫിയിൽ ഇന്നലെ നടന്ന ഓസ്‌ട്രേലിയ-അഫ്ഗാനിസ്താന്‍ മത്സരം മഴ മൂലം ഉപേക്ഷിച്ചതോടെ ഗ്രൂപ്പ് ബി യില്‍ നിന്ന് ഓസീസ് സെമിയിലേക്ക് പ്രവേശിച്ചിരിക്കുകയാണ്. ഒരു ജയവും രണ്ട് സമനിലയുമായി നാല് പോയിന്റോടെയാണ് ഓസീസ് സെമിയിലെത്തിയത്. എന്നാൽ ഗ്രൂപ്പ് ബിയിൽ നിന്ന് സെമിയിലേക്കെത്തുന്ന രണ്ടാം ടീമിനെ ഇതുവരെ തീരുമാനിക്കപ്പെട്ടില്ല. ഇന്ന് നടക്കുന്ന ദക്ഷിണാഫ്രിക്ക- ഇംഗ്ലണ്ട് മത്സരത്തിന് ശേഷം മാത്രമേ പൂർണ ചിത്രം പുറത്തുവരൂ. മൂന്ന് പോയിന്റുള്ള ദക്ഷിണാഫ്രിക്കയും അഫ്‌ഗാനിസ്ഥാനുമാണ് ഇനി സെമി സാധ്യതയുള്ളത്.
ദക്ഷിണാഫ്രിക്കയും ഇംഗ്ലണ്ടും തമ്മിലുള്ള മത്സരത്തിൽ ദക്ഷിണാഫ്രിക്ക ജയിച്ചാൽ ദക്ഷിണാഫ്രിക്കയ്ക്ക് മറ്റ് ടെൻഷനുകളില്ലാതെ സെമിയിലേക്ക് പ്രവേശിക്കാം. അതേസമയം ഇംഗ്ലണ്ട് വിജയിച്ചാല്‍ അഫ്ഗാന് സാധ്യതയുണ്ട്. ദക്ഷിണാഫ്രിക്കയ്ക്കും അഫ്ഗാനും മൂന്ന് പോയന്റാകും. മികച്ച നെറ്റ് റണ്‍റേറ്റുള്ള ടീം സെമി ടിക്കറ്റെടുക്കും.
ഇംഗ്ലണ്ട് വിജയിച്ചാല്‍ മാത്രം അഫ്ഗാന്‍ സെമിയിലെത്തില്ല. മികച്ച മാര്‍ജിനില്‍ ഇംഗ്ലണ്ട് ജയം സ്വന്തമാക്കണം. ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ ആദ്യം ഇംഗ്ലണ്ടാണ് ബാറ്റ് ചെയ്യുന്നതെങ്കില്‍ കുറഞ്ഞത് 207 റണ്‍സിനെങ്കിലും ഇംഗ്ലണ്ട് ജയിക്കണം. രണ്ടാമതാണ് ബാറ്റ് ചെയ്യുന്നതെങ്കില്‍ 11.1 ഓവറില്‍ ലക്ഷ്യം മറികടക്കണം. എന്നാല്‍ മാത്രമേ റണ്‍റേറ്റില്‍ ദക്ഷിണാഫ്രിക്കയെ മറികടന്ന് അഫ്ഗാന് ഗ്രൂപ്പില്‍ രണ്ടാം സ്ഥാനവും സെമി ടിക്കറ്റും ഉറപ്പിക്കാനാവൂ. കാരണം നിലവിൽ ദക്ഷിണാഫ്രിക്കയുടെ റൺ റേറ്റ് +2.140 ഉള്ളപ്പോൾ അഫ്‌ഗാനിസ്ഥാന് -0.990 മാത്രമാണുള്ളത്.
Content Highlight Afghanistan chances in to semifinal