'ഇത് ഒമ്പതാം തവണയാണ്', സെഞ്ച്വറി നേട്ടത്തിൽ വ്യത്യസ്ത ആഘോഷവുമായി കരുൺ നായർ

280 പന്തിൽ 10 ഫോറും രണ്ട് സിക്സറും സഹിതം 132 റൺസുമായി കരുൺ നായർ ക്രീസിൽ തുടരുകയാണ്

dot image

രഞ്ജി ട്രോഫി ആഭ്യന്തര ക്രിക്കറ്റ് ടൂർണമെന്റിന്റെ ഫൈനലിൽ സെഞ്ച്വറി നേട്ടത്തിന് പിന്നാലെ വ്യത്യസ്ത ആഘോഷവുമായി വിദർഭ താരം കരുൺ നായർ. ആഭ്യന്തര ക്രിക്കറ്റിൽ ഈ സീസണിൽ ഇത് തന്റെ ഒമ്പതാം സെഞ്ച്വറിയെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു കരുണിന്റെ ആഘോഷം. നേട്ടത്തിലെത്തിയതിന് പിന്നാലെ ഡ്രെസ്സിങ് റൂമിലേക്ക് തന്റെ ഒമ്പത് വിരലുകൾ കാട്ടിയായിരുന്നു കരുൺ ആഘോഷിച്ചത്. വിജയ് ഹസാരെ ട്രോഫിയിൽ ആറും രഞ്ജി ട്രോഫിയിൽ മൂന്ന് സെഞ്ച്വറികളാണ് കരുൺ അടിച്ചുകൂട്ടിയത്. രഞ്ജി ട്രോഫി ഫൈനലിൽ 280 പന്തിൽ 10 ഫോറും രണ്ട് സിക്സറും സഹിതം 132 റൺസുമായി കരുൺ നായർ ക്രീസിൽ തുടരുകയാണ്.

രഞ്ജി ട്രോഫി ഫൈനലിൽ കേരളത്തിനെതിരെ രണ്ടാം ഇന്നിം​ഗ്സ് ബാറ്റിങ് തുടരുന്ന വിദർഭ നാലാം ദിവസം മത്സരം നിർത്തുമ്പോൾ നാല് വിക്കറ്റ് നഷ്ടത്തിൽ 249 റൺസെടുത്തിട്ടുണ്ട്. രണ്ടാം ഇന്നിം​ഗ്സിൽ ഇപ്പോൾ വിദർഭയ്ക്ക് 286 റൺസിന്റെ ലീഡായി. ഡാനിഷ് മലേവാര്‍ 73, യഷ് റാത്തോഡ് 24 എന്നിവരും വിദർഭയ്ക്കായി മികച്ച പ്രകടനം നടത്തി.

നാലാം ദിവസം രാവിലെ കേരളം മികച്ച രീതിയിൽ പന്തെറിഞ്ഞിരുന്നു. രണ്ട് വിക്കറ്റ് നഷ്ടപ്പെടുമ്പോൾ വിദർഭയ്ക്ക് ഏഴ് റൺസ് മാത്രമാണ് നേടാൻ കഴിഞ്ഞത്. എന്നാൽ മൂന്നാം വിക്കറ്റിൽ മാലേവാർ-കരുൺ സഖ്യം ഒന്നിച്ചതോടെ വിദർഭ സ്കോറിങ്ങ് മൂന്നോട്ട് നീങ്ങി. ഇരുവരും ചേർന്ന മൂന്നാം വിക്കറ്റിൽ 182 റൺസ് കൂട്ടിച്ചേർത്തു. കേരളത്തിനായി എം ഡി നിധീഷ്, ജലജ് സക്‌സേന, അക്ഷയ് ചന്ദ്രന്‍, ആദിത്യ സര്‍വാതെ എന്നിവർ ഓരോ വിക്കറ്റുകൾ വീഴ്ത്തി.

നേരത്തെ മൂന്നാം ദിവസം ഒടുവിൽ ഒന്നാം ഇന്നിം​ഗ്സിൽ കേരളം 342 റൺസിൽ എല്ലാവരും പുറത്തായിരുന്നു. വിദർഭയുടെ ഒന്നാം ഇന്നിം​ഗ്സിൽ 379 റൺസാണ് നേടിയത്. 37 റൺസിന്റെ ലീഡ് വഴങ്ങിയ കേരളത്തിന് ഇനി രഞ്ജി കിരീടം സ്വന്തമാക്കാൻ മത്സരം വിജയിക്കണം. സമനില ആണെങ്കിൽ വിദർഭ കിരീടം സ്വന്തമാക്കും.

Content Highlights: Karun Nair's special celebration after Ranji Trophy final 100

dot image
To advertise here,contact us
dot image