
രഞ്ജി ട്രോഫി ക്രിക്കറ്റ് ടൂർണമെന്റിന്റെ കലാശപ്പോര് നിർണായക ഘട്ടത്തിലാണ്. കിരീട ജേതാക്കളെ നിർണയിക്കുന്ന മണിക്കൂറുകൾ. ആദ്യമായി രഞ്ജി കിരീടം ലക്ഷ്യമിടുന്ന കേരളത്തിന് ഒരു മലയാളി സാന്നിധ്യം തിരിച്ചടിയാകുന്നു. കാലത്തിന്റെ തിരക്കഥയിൽ രണ്ട് തവണ കേരളത്തിന് നഷ്ടമായ താരം. കരുൺ കലാധരൻ നായരെന്ന കരുൺ നായർ.
ആലപ്പുഴ ചെങ്ങന്നൂർ സ്വദേശികളായ മെക്കാനിക്കൽ എഞ്ചനീയർ കലാധരൻ നായരുടെയും പ്രേമ നായരുടെയും മകൻ. കരുൺ ജനിക്കുമ്പോൾ ഇരുവരും രാജസ്ഥാനിലായിരുന്നു. പിന്നെ ബെംഗളൂരുവിലേക്കെത്തി. ഇത് കരുണിന്റെ ക്രിക്കറ്റ് കരിയർ കർണാടകയിൽ വേരുറയ്ക്കാൻ കാരണമായി. കരുണിനെ കേരളത്തിന് ആദ്യം നഷ്ടമാകുന്നത് ഇവിടെയാണ്.
2013-14 സീസണിൽ ഇന്ത്യൻ ആഭ്യന്തര ക്രിക്കറ്റിൽ കർണാടകയ്ക്കായി കരുൺ അരങ്ങേറ്റം കുറിച്ചു. സമാനതകളില്ലാത്ത ബാറ്റിങ് പ്രകടനം കൊണ്ട് കരുൺ ക്രിക്കറ്റ് ലോകത്തെ അത്ഭുതപ്പെടുത്തി. ആദ്യ സീസണിൽ തന്നെ മൂന്ന് സെഞ്ച്വറികൾ. കരുണിന്റെ മികവിനൊപ്പം കർണാടകയ്ക്ക് രഞ്ജി ട്രോഫി കിരീട നേട്ടം. തൊട്ടടുത്ത സീസണിൽ ട്രിപ്പിൾ സെഞ്ച്വറി ഉൾപ്പെടെ അയാളുടെ ബാറ്റിൽ നിന്ന് പിറന്നു. കർണാടക വീണ്ടും രഞ്ജി ട്രോഫിയുടെ ജേതാക്കളായി. ഇതേ വർഷം ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസിനായും കരുൺ തന്റെ മികവ് തുടർന്നു. 2015-16 സീസണിലും കരുണിന്റെ പ്രതിഭ ഇന്ത്യൻ ആഭ്യന്തര ക്രിക്കറ്റിൽ തുടർന്നുകൊണ്ടിരുന്നു. ബിസിസിഐക്ക് അവഗണിക്കാൻ കഴിയാത്ത താരമായി അയാൾ വളർന്നുകൊണ്ടിരുന്നു. ഒടുവിൽ ഇന്ത്യൻ ടീമിലേക്ക് കരുണിന് വിളിവന്നു.
2016 ചെന്നൈ ചെപ്പോക്ക് സ്റ്റേഡിയത്തിലൂടെ കരുൺ എന്ന പേര് അന്താരാഷ്ട്ര ക്രിക്കറ്റിൽ ഉയർന്നുകേട്ടു. വീരേന്ദർ സെവാഗിന് ശേഷം ഇന്ത്യൻ ക്രിക്കറ്റിൽ ട്രിപ്പിൾ സെഞ്ച്വറി നേടുന്ന താരമായി കരുൺ. പക്ഷേ അതിന് ശേഷം ഇന്ത്യൻ കുപ്പായത്തിൽ അയാളെ കാണാൻ കഴിഞ്ഞില്ല. ബാറ്റർമാർക്ക് അനുകൂലമായ ചെന്നൈയിലെ പിച്ചിൽ നേടിയ കരുണിന്റെ ട്രിപ്പിൾ സെഞ്ച്വറി ഇന്ത്യൻ ക്രിക്കറ്റിന് വിലമതിക്കാനായില്ല.
സമയം കടന്നുപൊയ്ക്കൊണ്ടിരുന്നു. കരുൺ ഏറെക്കുറെ ഇന്ത്യൻ ടീമിന് പുറത്തായി. ഒടുവിൽ കർണാടക ക്രിക്കറ്റും കടുത്ത തീരുമാനത്തിനൊരുങ്ങി. 2022ലെ ആഭ്യന്തര ക്രിക്കറ്റ് സീസണിൽ കർണാടക ക്രിക്കറ്റിൽ നിന്നും കരുണിനെ ഒഴിവാക്കി. കരുൺ കേരളത്തെ സമീപിച്ചു. പക്ഷേ താരത്തെ ടീമിലെടുക്കാൻ കേരള ക്രിക്കറ്റ് തയ്യാറായില്ല. രണ്ടാം തവണയും കരുണിനെ സ്വന്തം നാടിന് നഷ്ടമായി. മുന്നിൽ മറ്റ് മാർഗങ്ങളില്ലാതെ വന്നപ്പോൾ കരുൺ വിദർഭ ക്രിക്കറ്റിലേക്കെത്തി. ജീവിതത്തിലെ ഏറ്റവും കഠിനമായ പരീക്ഷണങ്ങൾക്ക് അയാളെ തളർത്താൻ സാധിച്ചില്ല. കരുൺ ഇന്ത്യൻ ടീം ലക്ഷ്യംവെച്ചുതന്നെ പരിശീലനം തുടർന്നു.
കാലം അയാൾക്കായി കരുതിവെച്ച ദിവസങ്ങൾ അടുത്തുവരികയായിരുന്നു. വിദർഭയിൽ കരുണിലെ പോരാളി പുറത്തുവന്നു. തമിഴ്നാടിന്റെയും രാജസ്ഥാന്റെയും മഹാരാഷ്ട്രയുടെയും കരുത്തന്മാർക്ക് കരുണിന്റെ വിക്കറ്റെടുക്കാൻ ടൂർണമെന്റിൽ ഒരിക്കൽപോലും കഴിഞ്ഞില്ല. ബാറ്റിങ് ശരാശരി 750ന് മുകളിലെത്തിയ പ്രകടനം. പക്ഷേ ഇന്ത്യൻ ടീമിലേക്ക് പിന്നീട് പരിഗണിക്കാമെന്നായിരുന്നു ബിസിസിഐയുടെ മറുപടി. രഞ്ജി ട്രോഫിയിലും കരുൺ തന്റെ മികവ് തുടർന്നുകൊണ്ടിരിക്കുകയാണ്. ഇന്ത്യൻ ക്രിക്കറ്റിന്റെ ആ വിളിക്കായി അയാൾ കാതോർക്കുകയാണ്.
Content Highlights: Karun Nair once again dominating Indian domestic Cricket