
ചാംപ്യന്‍സ് ട്രോഫി ക്രിക്കറ്റില്‍ സെമി ഫൈനലിലെത്തിയിരിക്കുകയാണ് ഓസ്‌ട്രേലിയ. അഫ്ഗാനിസ്ഥാനെതിരായ നിര്‍ണായക പോരാട്ടം മഴയെ തുടര്‍ന്ന് ഉപേക്ഷിക്കേണ്ടിവന്നതോടെയാണ് ഓസ്‌ട്രേലിയ സെമിയിലേക്ക് കുതിച്ചത്. ദുബായില്‍ നടക്കാനിരിക്കുന്ന ഇന്ത്യ-ന്യൂസിലാന്‍ഡ് പോരാട്ടത്തിന് ശേഷം ഗ്രൂപ്പ് എയിലെ ടോപ് ടീമിനെയായിരിക്കും ഓസ്‌ട്രേലിയ സെമിയില്‍ നേരിടുക.
അടുത്ത പോരാട്ടത്തില്‍ കിവീസിനെ പരാജയപ്പെടുത്തിയാല്‍ ഇന്ത്യയായിരിക്കും ഓസ്‌ട്രേലിയയുടെ എതിരാളികള്‍. ഈ സാഹചര്യത്തില്‍ ഇന്ത്യ നേരിടാന്‍ പോവുന്ന വെല്ലുവിളിയെ കുറിച്ച് സംസാരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം മുഹമ്മദ് കൈഫ്. ഓസീസിന്റെ സൂപ്പര്‍ ബാറ്റര്‍ ട്രാവിസ് ഹെഡായിരിക്കും ഇന്ത്യയ്ക്ക് ഏറ്റവും കൂടുതല്‍ തലവേദന സൃഷ്ടിക്കുകയെന്നാണ് കൈഫ് അഭിപ്രായപ്പെടുന്നത്.
'ട്രാവിസ് ഹെഡ് ഇന്ത്യയ്ക്ക് തലവേദനയാകും. ഒരു ബിഗ് മാച്ച് പ്ലേയറാണ് ഹെഡ്. അദ്ദേഹം ശരിയായ സമയത്ത് ഫോമിലേക്ക് മാറിയിട്ടുണ്ട്. തന്റെ പ്രിയപ്പെട്ട എതിരാളികള്‍ക്കെതിരെ കളിക്കാന്‍ അദ്ദേഹം എപ്പോഴും ആകാംക്ഷയോടെ കാത്തിരിക്കുകയാണ്', കൈഫ് സ്‌പോര്‍ട്‌സ് 18ന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
ഇന്ത്യയ്‌ക്കെതിരെ എല്ലാ മത്സരങ്ങളിലും മികച്ച പ്രകടനം പുറത്തെടുക്കാറുള്ള താരമാണ് ട്രാവിസ് ഹെഡ്. കഴിഞ്ഞ വര്‍ഷം നടന്ന ബോര്‍ഡര്‍ ഗാവസ്‌കര്‍ ടെസ്റ്റ് പരമ്പരയില്‍ തുടര്‍ച്ചയായ രണ്ട് മത്സരങ്ങളിലും സെഞ്ച്വറിയടിച്ച് ഹെഡ് ഇന്ത്യയ്ക്ക് തലവേദന സൃഷ്ടിച്ചിരുന്നു.
Content Highlights: “Headache for India”: Mohammad Kaif reacts to Australia’s qualification for the semi-finals of the ICC Champions Trophy 2025